ഓരോ ജീവിതത്തേയും നമുക്ക് എങ്ങനെയാണ് വ്യാഖ്യാനിക്കാനാവുക. അത് അതായിത്തന്നെയല്ലേ നിലകൊള്ളുന്നത്. നിര്‍വചനങ്ങള്‍ക്ക് അപ്പുറത്താണ് നാം കാണുന്ന ഓരോ ജീവിതവും നമ്മുടെ ജീവിതവും എന്നു തോന്നുന്നു. വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ് കവിത എന്നുപറയുന്നതുപോലെയോ മറ്റോ…തികച്ചും ദുരിതപൂര്‍ണമായ ജീവിതം കാണുമ്പോഴും ഖലീല്‍ ജിബ്രാന് പ്രവാചകനില്‍ പറഞ്ഞതുപോലെ നമുക്കുതോന്നാം. ആശ്വസിക്കാം. ജിബ്രാന് പറഞ്ഞു.
അവന്റെ കരം കനത്തതും കഠിനവുമാണെങ്കിലും അത് അദൃശ്യതയുടെ മൃദുല ഹസ്തത്താല്‍ നയിക്കപ്പെടുന്നതാണെന്നറിയുക. അവര്‍ തരുന്ന പാനപാത്രം നിങ്ങളുടെ ചുണ്ടുകളെ പൊള്ളിക്കുമെങ്കിലും കുംഭാരന്‍ തന്റെ ദിവ്യാശ്രുക്കള്ക്കൊണ്ടു കുഴച്ച ചെളിയില്‍ വാര്‍ത്തെടുത്തതാണ് അതെന്നറിയുക.
ആശ്വാസത്തിന്റെ വാതിലുകള്‍ തുറക്കാനുള്ള പൊന്ചാവികളാകാം ഇത്തരം വാക്കുകള്‍. എങ്കിലും…ജീവിതത്തിന്റെ ക്യാന്‍വാസില്‍ ഇങ്ങനെ തിക്തമായ നിറങ്ങളുടെ സങ്കലനവുമുണ്ടോ…
അന്ന് , ഒരു നട്ടുച്ച കത്തി നില്ക്കുന്ന നേരമായിരുന്നു. എന്റെ അമ്മയുടെ ഒന്നാം ശ്രാദ്ധം. ഞാനും മക്കളും പള്ളുരുത്തിയിലെ സര്‍ക്കാര്‍ വക അഗതിമന്ദിരത്തില്‍ എന്റെ വക സദ്യവിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആ വിളി കേട്ടത്. മോഹന്‍… എവിടെയോ കേട്ടുമറന്ന സ്വരം. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
വിശ്വസിക്കാനായില്ല. ആ അഗതി മന്ദിരത്തില്‍ ഭക്ഷണഹാളിലെ ഒരു മൂലയ്ക്കിരിക്കുന്ന ഉണ്ണി!, നിറഞ്ഞ കണ്ണുകള്‍, പതറിയ നോട്ടം. ഈശ്വരാ എന്നോടൊപ്പം സ്കൂളില്‍ ഒമ്പതാം ക്ലാസുവരെ ഒന്നിച്ചു പഠിച്ച സതീര്ത്ഥ്യന്. അഗതി മന്ദിരത്തില്‍ ഞാന്‍ നല്കുന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്നു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. എന്താ ഉണ്ണി ഇവിടെ. ചോദിച്ചതിന് മറുപടി പറയാതെ ഉണ്ണി പറഞ്ഞു. മോഹന്‍…എന്റെ ഭാര്യയോടുകൂടി ഇവിടെ വന്നിരിക്കാന്‍ പറയ്. അവളില്ലാതെ എനിക്ക് ഊണുകഴിക്കാനാവില്ല.
അവന്റെ വാക്കുകളില്‍ എന്തൊക്കെയോ പ്രശ്നം. അഗതി മന്ദിരത്തിലെ ഉദ്യോഗസ്ഥന് എന്നോടു പറഞ്ഞു. ഉണ്ണിയെ ഒരു ദിവസം മുമ്പാണ് കൊണ്ടുവന്നത്. മനോനിലതെറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ പേരില്‍ ഭാര്യയും മകളും ഭര്‍ത്താവും കൂടിയാണ് ഇവിടെ എത്തിച്ചത്. ഇത് ഭ്രാന്താശുപത്രിയല്ല. തല്ക്കാലം ഒരു സഹായം എന്നുമാത്രം പറഞ്ഞാണ് നിര്‍ത്തിയത്. പ്രശ്നമുണ്ടായാല്‍ ഉടനെ കൊണ്ടുപോയ്കോളണം എന്നു പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അതു പറയുമ്പോഴും ഉണ്ണി ഉച്ചത്തില്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നു. എവിടെ എന്റെ ഭാര്യ, അവളില്ലാതെ എനിക്ക് ഊണുകഴിക്കാനാവില്ല.
ഭാര്യയും മക്കളും ഉണ്ടായിട്ടും ഒരു പിടിച്ചോറിനുമുന്നില് കണ്ണീര് കണവുമായി ഇരിക്കുന്ന ഉണ്ണി. നല്ല കുടുംബത്തില്‍ അമ്പലവാസി സമുദായത്തില്‍ പിറന്നവനാണ് ഉണ്ണി(ശരിയായ പേര് മറ്റൊന്നാണ്). അച്ഛനില്ല. അമ്മ, സഹോദരന്, സഹോദരി. നല്ല സ്വഭാവം. ശീലം. പഠിക്കാനല്പം പിന്നോട്ട്. എപ്പോഴും ചില അപഭ്രംശങ്ങളില്പെട്ടു ആ കുടുംബം സമൂഹമദ്ധ്യേ ഒറ്റപ്പെട്ടു. ജീവിതം വല്ലാത്തൊരു കീറാമുട്ടിയായി.
ഉണ്ണി, പഠിത്തം വേണ്ടെന്നുവച്ചു. പല ജോലികളും ചെയ്ത് കുടുംബം പുലര്‍ത്താന്‍ തുടങ്ങി. ചില അപഥ സഞ്ചാരങ്ങളെ ചോദ്യം ചെയ്ത ഉണ്ണി പടിക്കുപുറത്തായി. വീടും സ്ഥലവും വില്ക്കപ്പെട്ടു. സിമന്റുകടയില് സിമന്റുചുമക്കലായി ഉണ്ണിയുടെ ജോലി. ഉണ്ണി വിവാഹിതനായി. പെണ്‍കുട്ടികള്‍ രണ്ടുപേര്‍. ഇതിനിടെ അനുജന് മാലകെട്ടും ക്ഷേത്രജോലികളുമായി ഉപജീവനം കണ്ടെത്തി. സഹോദരിയും ചില ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടു വിവാഹിതയായി. പക്ഷെ, എന്നും ഉണ്ണിക്ക് ജീവിതം ദുരിതമായിരുന്നു.
പ്രാരാബ്ധം, അസുഖങ്ങള്‍ എല്ലാം കൊണ്ടും വലഞ്ഞു. ഇടയ്ക്കെപ്പോഴെങ്കിലും വഴിയില്‍ വച്ചുകണ്ടാല്‍ വിശേഷങ്ങള്‍ പങ്കിട്ടാല്‍ ചോദിക്കും. എന്നെങ്കിലും എനിക്കൊരു സന്തോഷം ഉണ്ടാകുമോ?. മറുപടി പറയാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഉണ്ണി തന്നെ പറയും. മക്കളുടെയൊക്കെ വിവാഹം കഴിയുമ്പോള്‍ ഉണ്ടാകുമായിരിക്കും അല്ലെ?.
കഷ്ടപ്പെട്ട് കുട്ടികളുടെ വിവാഹം നടത്തി. അപ്പോഴും ഉണ്ണിക്ക് ലഭിച്ചത് ഒറ്റപ്പെടലിന്റെ ലോകം. ഇടയ്ക്കെപ്പോഴോ മനസിന്റെ സമനില തെറ്റി. ഭാര്യയ്ക്കും മക്കള്‍ക്കും വരെ അസഹനീയത. അസുഖം മാറ്റിയെടുക്കാന്‍ ചികിത്സ തേടാനല്ല, പകരം ഒഴിവാക്കിയെടുക്കാന്‍ ധൃതി. എന്നിട്ടും ഊണുകഴിക്കാന്‍ ഇരിക്കുമ്പോള്‍ ഉണ്ണി ഭാര്യയെ തേടുന്നു. ഇപ്പോള്‍ ഉണ്ണിയുടെ കണ്ണീര് വീഴുന്നത് ഇലയ്ക്ക് പിന്നിലല്ല, എന്റെ മനസ്സിലാണ്. മനസ്സിനെ നനയിക്കുകയല്ല, പൊള്ളിക്കുകയാണിപ്പോഴും കണ്ണീര്. ആ വിളി പോലും ഹൃദയത്തില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.
എന്താണ് ചിലര്‍ക്ക് എന്നും ദുരിതങ്ങള്‍ മാത്രം ലഭിക്കുന്നത്. ലോകം ശോകമയമാണ് എന്നൊക്കെ ശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അല്പം ആശ്വസിക്കാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ?. ഷേക്സ്പിയറിന്റെ ദുരന്ത നാടകമായ ഹാംലറ്റില്‍ ഹാംലറ്റ് രാജകുമാരന് തന്റെ പിതാവിന്റെ മരണവും മറ്റും യഥാര്‍ത്ഥമായി മനസ്സിലാക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം കുമാരനില്‍ ഉയരുന്നുണ്ട്.to be or not to be (ജീവിക്കണമോ മരിക്കണമോ?) ആ രാജകുമാരനെ ഭ്രാന്തനായി മുദ്രകുത്തുവാന്‍ പൊളോണിക്സ് ശ്രമിക്കുന്നുണ്ട്.
ഹാംലറ്റ് എന്ന വില്യം ഷേക്സ്പിയറിന്റെ നാടകത്തെക്കാളേറെ ദുരന്തജീവിതം നടമാടിയതായിരുന്നു രവീന്ദ്രന്റെ കുടുംബം. എറണാകുളം ജില്ലയുടെ മധ്യഭാഗത്തായിട്ടായിരുന്നു രവീന്ദ്രന്റെ വീട്. നഗരത്തില്‍തന്നെ പത്തുമുറിയുള്ള വീട്. സ്വന്തമായി ഒരു ടെക്സ്റ്റൈല്‍ ഷോപ്പ്. ഭാര്യയും
അഞ്ചുകുട്ടികളും. മൂന്ന് ആണ്‍കുട്ടികള്‍. രണ്ട് പെണ്‍കുട്ടികള്‍. ആണ്‍കുട്ടികളൊക്കെ കലാപരമായി കഴിവുള്ളവര്‍. മൂത്തമകന് തരക്കേടില്ലാത്ത വിധം കവിതയെഴുതും. ചങ്ങമ്പുഴ സുഹൃത്തായിരുന്നു. ക്ഷേത്രദര്‍ശനമാണ് മുഖ്യപരിപാടി. അതോടൊപ്പം ഉത്സവങ്ങളില്‍ കമ്പം. എന്നും വീട്ടില്‍ വളരെ വൈകിയേ എത്തു.
രാത്രി അധികം വൈകും മുമ്പ് വീട്ടില്‍ എത്തണം എന്ന് രവീന്ദ്രന് പറഞ്ഞിട്ടും മകന് അനുസരിക്കാന്‍ മുതിര്‍ന്നില്ല. കടയടച്ചുവന്ന രവീന്ദ്രന് ഒരുനാള്‍ മകനേയും കാത്തിരുന്നു. ഏതാണ്ട് അര്‍ദ്ധരാത്രിയോടെ മകനെത്തി. ദേഷ്യം പൂണ്ടുനിന്ന രവീന്ദ്രന് മകന്റെ തലയ്ക്കുനോക്കിത്തന്നെ രണ്ടുകൊടുത്തു. മകന് അപസ്മാര രോഗിയായി. ഒരുനാള്‍ ചോറ്റാനിക്കര ക്ഷേത്രക്കുളത്തില്‍ വീണ് മകന് മരിച്ചു.
രവീന്ദ്രനതോടെ കുറ്റബോധത്തില്‍ പെട്ടു. മകന് മരിച്ച് അധികം കഴിഞ്ഞില്ല കിണറ്റിന് കരയില്‍ വീണ് അലക്കുകല്ലില് തലയടിച്ച് അമ്മയും അന്ത്യശ്വാസം വലിച്ചു. അതോടെ മാനസികമായി തളര്‍ന്നുപോയ രവീന്ദ്രന് തുണിക്കട വിറ്റു. ഒരു മകളെ നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയപ്പിച്ചു. രണ്ടാമത്തെ മകന് നാടകനടനായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചു. അപ്പോഴും അയാള്‍ നാടകവുമായി നടന്നു. വിവാഹിതനായി. പ്രശസ്തനായ സിനിമാസംവിധായകന്റെ സുഹൃത്തുകൂടിയായിരുന്നു അയാള്‍. നാടകത്തില്‍ നല്ലനിലയില്‍ ശ്രദ്ധേയമായ വേഷം ചെയ്തുവരുന്നകാലം. കമ്പനി പൂട്ടി. ഉപജീവനത്തിനായി ഒരു സ്വകാര്യബസ്സിലെ ജോലിക്കാരനായി അയാള്‍ മാറി.
ഇതിനിടയില്‍ രവീന്ദ്രന് വീടും സ്ഥലവും വിറ്റു. മക്കള്‍ക്കായി പണം പങ്കിട്ടു. അഞ്ചാമത്തെ മകളെ സാധാരണ രീതിയില്‍ വിവാഹം കഴിപ്പിച്ചു. ഇളയമകനും രവീന്ദ്രനും കൂടി വാടകവീടെടുത്ത് താമസം മാറി. ഇളയമകന് നന്നായി വരയ്ക്കും. ചിത്രകലയാണ് താല്പര്യം. അല്പം സാഹിത്യവാസനയുമുണ്ട്.
അതുകൊണ്ടുതന്നെ അവന്റെ ഷെയര്‍ പണംകൊണ്ട് ഒരു പ്രസ് ഇട്ടുകൊടുക്കണം. അതിനുള്ള തുക അവന്റെ ജ്യേഷ്ഠനെ രവീന്ദ്രന് ഏല്പിച്ചു. ഇതിനിടെ രണ്ടാമത് വിവാഹം കഴിച്ച മകളുടെ ഭര്‍ത്താവിന്റെ തലയില്‍ തെങ്ങുവീണ് അയാള്‍ മരിച്ചു. ദുരന്തങ്ങള്‍ ഒന്നിനോടൊന്ന് കണ്ട് മനസ്സുതകര്‍ന്ന രവീന്ദ്രനും ഒരുനാള്‍ മരിച്ചു. അതോടെ ഇളയമകന് ഗോപന് വാടകവീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടിവന്നു. ഗോപനുള്ള ഷെയര്‍ അവന്റെ ജ്യേഷ്ഠന്റെ കൈവശമായതിനാല്‍ ഗോപനെ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറായില്ല. ജ്യേഷ്ഠനാകട്ടെ അവന് പ്രാപ്തിയാകുമ്പോള്‍ പ്രിന്റിങ് പ്രസ് വാങ്ങിത്തന്നോളാം എന്ന് പറഞ്ഞ് അകറ്റി.
സുഹൃത്തുക്കളുടേയും മറ്റും വീടുകളിലായി താമസം. അവരുടെ സഹായത്താലായി ഗോപന്റെ ജീവിതം. അതിനിടെ പത്താം ക്ലാസ് വരെ പഠിച്ചു. പത്തുപാസായതുമില്ല. തെങ്ങുവീണ് ഭര്‍ത്താവ് മരിച്ച സഹോദരിക്ക് ഒരു മകള്‍. അവര്‍ക്കും ജീവിതം ദുസ്സഹം. അവള് നഗരത്തിലെ ഒരു കച്ചവടക്കാരന്റെ അംഗീകാരമില്ലാത്ത രണ്ടാം ഭാര്യയായി ജീവിതം തുടര്‍ന്നു. ജീവിതം ഒരു ബുദ്ധിമുട്ടായപ്പോള്‍ കല്‍ക്കത്തയിലുള്ള ഒരു സുഹൃത്തിന്റെ വിലാസം തപ്പിപ്പിടിച്ച് ഗോപന് യാത്രയായി. അപ്രതീക്ഷിതമായി വന്നെത്തിയ സുഹൃത്തിന് കണ്ട് കല്‍ക്കത്ത സുഹൃത്ത് നടുങ്ങി!. അയാള്‍ തന്നെ വിഷമത്തില്‍. അപ്പോഴാണ് മറ്റൊരാള്‍. എന്തുചെയ്യും?.
അയാളുടെ ഒറ്റമുറി വാസസ്ഥലത്ത് ഗോപനും കൂടി. ഇതറിഞ്ഞ മുറിയുടെ ഉമസ്ഥന് രണ്ടുപേരേയും പിടിച്ച് പുറത്താക്കി. തെരുവിലായി. പല ദിവസങ്ങളിലും കഞ്ഞിവെള്ളത്തില്‍ മഞ്ഞപ്പൊടികലക്കിക്കുടിച്ച് വിശപ്പകറ്റി. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെടുത്ത ഗോപന് അവിടുത്തെ പരസ്യക്കാര്‍ക്കുവേണ്ടി ചുവരെഴുതാന്‍ തുടങ്ങി. ഒരു കമ്പനി ഉടമയ്ക്ക് ഗോപന്റെ എഴുത്തും കാര്യങ്ങളും ഇഷ്ടപ്പെട്ടു. കമ്പനിയില്‍ ജോലി നല്കി. അഡൈ്വര്‍ടൈസിങ് വിഭാഗത്തില്‍ ചീഫ് വരെയായി ഗോപന്. ഒരുനാള്‍ നാട്ടിലെത്തി. ഗംഭീര സ്വീകരണം.
ഏതായാലും ജോലി ആയത് നന്നായി. പ്രിന്റിങ് പ്രസിന് അച്ഛന് തന്ന പണം ഞാന്‍ എടുത്തുപോയി. ജ്യേഷ്ഠനും പറഞ്ഞു.
ഒരു സാധാരണ വീട്ടില്‍ നിന്നും പത്തുപവന്റെ ആഭരണം വാങ്ങി ഗോപന് വിവാഹം കഴിച്ചു. വീണ്ടും കല്‍ക്കത്തയിലേക്ക് മടങ്ങി. കല്‍ക്കത്തയില്‍ ചെന്ന് രണ്ട് വര്‍ഷം കൂടി ജോലി ചെയ്തു. കുറച്ചു പണം സ്വരൂപിച്ചു. ആ പണവുമായി നാട്ടില്‍ വന്ന് എന്തെങ്കിലും ചെയ്യുക. അതായിരുന്നു ഉദ്ദേശം. ജോലി രാജി വച്ചു.
അപ്പോള്‍ കിട്ടിയ പണവും ചേര്‍ത്ത് നാട്ടിലേക്ക വണ്ടി കയറി. എറണാകുളം ജങ്ഷനില്‍ തീവണ്ടി ഇറങ്ങിയപ്പോഴേക്കും ഒന്നു സംഭവിച്ചു കഴിഞ്ഞിരുന്നു. എല്ലാ പണവും വസ്ത്രങ്ങളും എടുത്തുവച്ചിരുന്ന പെട്ടി ആരോ മോഷ്ടിച്ചുകൊണ്ടുപോയിരിക്കുന്നു!. ഒരിക്കല്‍ ഉടുത്ത മുണ്ടും ഷര്‍ട്ടുമായി എങ്ങനെയാണോ കല്‍ക്കത്തയ്ക്ക് വണ്ടി കയറിയത് അതേപോലെ ഉടുവസ്ത്രത്തിന് മറുവസ്ത്രമില്ലാതെ നാട്ടില്‍ വന്ന് വണ്ടിയിറങ്ങി.
സ്വീകരിക്കാന്‍ വന്നിരുന്ന ബന്ധുക്കള്‍ കാര്യം കേട്ടപ്പോള്‍ തന്ത്രപൂര്‍വം വലിഞ്ഞുകളഞ്ഞു. ചിലരൊക്കെ വിശ്വസിച്ചില്ല. ഗോപന്റെ അടവാണിതെന്നും ചിലര്‍ വ്യാഖ്യാനിച്ചു. എന്തുചെയ്യാം. ജീവിതത്തോടെങ്ങനെ തോല്‍ക്കും?. കടംവാങ്ങിയും ഭാര്യയുടെ സ്വര്‍ണം വിറ്റും കുറച്ചുപണം സംഘടിപ്പിച്ചു. ഒരു തരക്കേടില്ലാത്ത സെന്ററില്‍ ലേഡീസ് സ്റ്റേഷനും ആരംഭിച്ചു. നല്ല കച്ചവടം. ഒരു സ്റ്റാഫിനെക്കൂടി നിര്‍ത്തി. ഇതിനിടെ ഒരു മകള്‍ ജനിച്ചു. അങ്ങനെയിരിക്കെയാണ് എറണാകുളത്ത് എന്‍എച്ച് 47 ന്റെ ജോലികള്‍ വന്നത്. അതോടെ അതിന്റെ ഭാഗമായി കടയ്ക്കുമുന്നിലൂടെ പോകുന്ന റോഡില്‍ വാഹന ഗതാഗതം ഇല്ലാതായി. കച്ചവടം തകരാന്‍ തുടങ്ങി. കടവിപുലീകരിക്കാനും മറ്റുമായി ബ്ലയിഡുപലിശയ്ക്കുവാങ്ങിയ പണം ബാ്ദ്ധ്യതയായി. കട രായ്ക്കുരാമാനം ഒഴിഞ്ഞു.
ജീവിതം പിന്നീട് പീഡനകാലത്തിന്റേതായി. ബോര്‍ഡ്, എഴുത്ത്, സ്ക്രീന്‍ പ്രിന്റിങ് തുടങ്ങി പലമേഖലയിലേക്കും കടന്നു. എവിടേയും പരാജയം. ഗോപന്റെ ഭാര്യ ചില്ലറ ജോലികള്‍ക്ക് പോകാന്‍ തുടങ്ങി. മകള്‍ ട്യൂഷനെടുക്കാനും. എങ്കിലും രണ്ടറ്റം മുട്ടിക്കാന്‍ ബദ്ധപ്പാട് മാത്രം.
അങ്ങനെയിരിക്കെയാണ് മറ്റൊരു സുഹൃത്ത് ഗോപനെ, ഗോപനറിയാത്തൊരു ബിസിനസ് മേഖലയിലേക്ക് കൊണ്ടുപോയത്. സാവധാനം അത് മനസ്സിലാക്കി. ബിസിനസ് ആരംഭിച്ചു. വളരാന്‍ തുടങ്ങി.
അപ്പോഴേക്കും റോഡ് വികസനത്തിന്റെ പേരില്‍ ആ ബിസിനസ് സ്ഥാപനത്തിന്റെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാനും കെട്ടിടം പൊളിച്ചുനീക്കാനും ഉത്തരവായത്. പക്ഷെ ഗോപനും അടുത്തുണ്ടായിരുന്ന സ്ഥാപനങ്ങളിലെ ഉടമകളും ചേര്‍ന്ന് കോടതിയെ സമീപിച്ചു. കോടതി സ്റ്റേ നല്കി. ഗോപന് ഇതിനകം സ്ഥാപനത്തിന്റെ രണ്ടുശാഖകള്‍ ആരംഭിച്ചു. തൊഴിലാളികളെ നിയമിച്ചു. സ്വന്തമായി സ്ഥലവും ഒരു ചെറിയ വീടും വാഹനവും വാങ്ങി. മകളുടെ വിവാഹം തരക്കേടില്ലാതെ നടത്തി. അത് ദാമ്പത്യപ്രശ്നങ്ങളില്‍ പെട്ടു. വീണ്ടും മനോദുഖത്തിലേക്ക് ഗോപന് കൂപ്പുകുത്തി. ഇങ്ങനേയും ജീവിതം എന്നും ദുഖത്തിലേക്ക് ചിലരെമാത്രം ആനയിക്കുന്നതെന്താണ്.
ചിലര്‍ വൈകാരികമായ ദുരിതങ്ങളില്‍ കിടന്ന് കരയ്ക്കിട്ട മീന്‍പോലെ പിടഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ മറ്റുചിലര്‍ ലോകദുരിതം കണ്ട് അതിന് പരിഹാരം തേടാനായി ജീവിതം ജാത്തവല്കരിക്കുന്നു. യേശുക്രിസ്തുവും ശ്രീ ബുദ്ധനുമെല്ലാം മറ്റുള്ളവരുടെ ദുഖം തന്റേതായി സ്വീകരിച്ച് ലോകത്തിന്റെ സമാധാനത്തിനും സന്തോഷത്തിനുമായി പ്രവര്‍ത്തിച്ചു. കിരീടവും ചെങ്കോലും കളഞ്ഞ് ദണ്ഡും ഭിക്ഷാപാത്രവുമായി ബുദ്ധന് നടന്നു.
ഒരുവേള പഴക്കമേറിയാ-ലിരുളും നല്ല വെളിച്ചമായ് വരാം. എന്ന കവി വചനം പോലെ ആദ്യമാദ്യം ദുസ്സഹമായിരിക്കുന്ന ദുഖം കാലക്രമേണ സഹിക്കാന്‍ കഴിയുന്നുണ്ടാകാം. ചിരപരിചിതമായാല് അതുമായി പൊരുത്തപ്പെടാന്‍ സാധിച്ചേക്കാം.
ദീര്‍ഘകാല പരിശീലനത്താല്‍ കയ്പ് മധുരമായില്ലെങ്കിലും അരുചികരമല്ലാതാകാം. അനുഭവങ്ങളും ചിരപരിചയവും മനോഭാവങ്ങളിലും അഭിരുചികളിലും മാറ്റം വരുത്തിയേക്കില്ലെ?.
ജീവിതത്തില്‍ വേദനയും സഹനവും അസഹ്യമാകുന്നത് സ്വന്തം സുഖവും സൗകര്യവും ആഗ്രഹിക്കുമ്പോഴല്ലേ. നമ്മുടെ സുഖത്തോടൊപ്പം-നന്മയോടൊപ്പം കുടുംബാംഗങ്ങളുടേയും സമൂഹത്തിന്റേയും സുഖവും നന്മയും നമ്മുടെ ലക്ഷ്യമായി വരുമ്പോള്‍ നമ്മുടെ ജീവിതത്തിലെ സഹനത്തിനും ബുദ്ധിമുട്ടുകള്‍ക്കും മറ്റൊരുമാനം കൈവരുന്നില്ലെ?. കാരണം നമ്മുടെ സഹനവും ബുദ്ധിമുട്ടുകളുമാണ് മറ്റുള്ളവരുടെ സന്തോഷത്തിനും നന്മയ്ക്കും പലപ്പോഴും വഴിതെളിയിക്കുന്നത് എന്നതുതന്നെ.
അതുകൊണ്ടാണ് വാതരോഗം കൊണ്ട് അവശനായിട്ടും ദുസ്സഹമായ വേദന കടിച്ചുപിടിച്ചുകൊണ്ട് ആരോഗ്യസ്ഥിതി വകവയ്ക്കാതെ ചിത്രരചന നടത്തിയ അഗസ്തെ റെന്വാര് എന്ന പ്രശസ്തനായ ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരന് പറഞ്ഞത്-” എന്റെ വേദന കടന്നുപോകും.
എന്നാല്‍, ഇതിലെ സൗന്ദര്യം എന്നും നിലനില്ക്കും”. റെന്വാര് പറഞ്ഞത് എത്ര ശരി. വേദനയിലൂടെ ജന്മമെടുത്ത അദ്ദേഹത്തിന്റെ ലോകം വിലമതിക്കുന്ന മാസ്റ്റര്‍ പീസുകള്‍ അനേകര്‍ക്ക് സന്തോഷവും കുളിര്‍മയും നല്കി നിലനില്ക്കുന്നു!. ദുരിതക്കയം നീന്തിക്കടക്കുന്നവരൊക്കെത്തന്നെ മറ്റുള്ളവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നു എന്നറിയുമ്പോള്‍ത്തന്നെ ജീവിതം മഹത്തരമാവുകയല്ലെ. ഈ ത്യാഗനിര്‍ഭരമായ ജീവിതം തന്നെയല്ലെ പ്രകൃതിയും നമ്മെ പഠിപ്പിക്കുന്നത്. അപ്പോള്‍ ഇതിനെ ദുരിതം എന്നോ ദുരന്തം എന്നോ പറയാനാകുമോ?.
‘അന്യജീവിതത്തിനുതകി സ്വജീവിതം
ധന്യമാക്കുകയല്ലേ വിവേകികള്‍’ എന്ന ആശാന് വചനത്തിന്റെ പരിഛേദമാകുകയല്ലേ ഇത്തരം ജീവിതങ്ങള്‍.
1981 ല്‍ ബ്രിട്ടീഷ് വയലിനിസ്റ്റായ പീറ്റര്‍ ക്രോപ്പര്‍ ഫിന് ലന്റില് ഒരു സംഗീത പരിപാടി നടത്താന്‍ പോയി. പ്രശസ്ത ഇറ്റാലിയന്‍ വയലിന് വിദഗ്ധനായ അന്റോണിയോ സ്ട്രാഡിവേരി നിര്‍മിച്ച സ്ട്രാഡി വേരിയസ് എന്നറിയപ്പെടുന്ന വിശേഷമായ വയലിനുമായാണ് പരിപാടിക്ക് പോയത്. ഇതിലെ സംഗീതം അത്യുജ്വലമായിരുന്നു. പക്ഷെ, സംഗീതപരിപാടിയ്ക്കിടെ കാലുതട്ടി വീണു ക്രോപ്പര്‍. വയലിന് തകര്‍ന്നു തരിപ്പണമായി.
പിന്നെ ഫിന്‍ലന്റില്‍ നില്‍ക്കാതെ വയലിന് കഷ്ണങ്ങളുമായി ലണ്ടണിലേക്ക് പോയി. വയലിനെപ്പോലെ അദ്ദേഹത്തിന്റെ സന്തോഷവും പ്രത്യാശയും തകര്‍ന്നുപോയിരുന്നു. എല്ലാം നശിച്ചു എന്നു കരുതിയ ക്രോപ്പര്‍- എന്നാല്‍ ലണ്ടണിലെ ചാള്‍സ് ബേയര്‍ എന്നൊരാള്‍ വയലിന് നന്നാക്കി. അതിലെ സ്വരം കേട്ടപ്പോള്‍ ആഹ്ലാദം കൊണ്ട് മതിമറന്നുപോയി.
അതെ, ജീവിതം ക്രോപ്പറുടെ തകര്‍ന്നുപോയ വയലിന്പോലെയാണെന്നു കരുതി നിരാശപ്പെടുന്നവര്‍ ഒന്നോര്‍ക്കുക. നിരാശപ്പെടേണ്ട. ശ്രുതിമധുരമായ സ്വരം ഇനിയും നിങ്ങളുടെ ജീവിതത്തില്‍ നിന്നുയരും. ഒന്നു കാതോര്ക്കു.
ഒരുവരി
ജീവിതസുഖത്തിനുള്ള പ്രസംഗം കേട്ടുകേട്ടവന് ദുഖിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: