ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് 550 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കാന് സെന്റ് ലൂയീസ് കോടതി വിധിച്ചു. ജോണ്‍സണിന്റെ ടാല്‍ക്കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നു കാണിച്ച് സൗത്ത് ഡെക്കോട്ട സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി. ഇത് മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന് വലിയ പിഴ ചുമത്തുന്നത്.
തനിക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകാന്‍ കാരണം ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറാണെന്നായിരുന്നു യുവതിയുടെ വാദം. കേസില്‍ എട്ടു മണിക്കൂറിലേറെ വാദം കേട്ട കോടതി കമ്പനി വന്‍തുക നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു.
ഫെബ്രുവരിയിലും ഇത്തരമൊരു കേസ് വന്നിരുന്നു. ജോണ്‍സണിന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ കാന്‍സര്‍ മൂലമാണ് അലബാമ സ്വദേശിനി മരിച്ചതെന്നുകാട്ടി ബന്ധുക്കള്‍ നല്കിയ ഹര്‍ജിയില്‍ കമ്പനി 720 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കാന് വിധിച്ചിരുന്നു.
വിധികള്‍ക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. മുപ്പതു വര്‍ഷം നിരന്തരം ഗവേഷണവും പഠനവും നടത്തി സുരക്ഷിതമെന്ന് കണ്ടെത്തിയതാണ് പൗഡര്‍. കമ്പനി അധികൃതര്‍ പറയുന്നു. നൂറു വര്‍ഷത്തിലേറെയായി കമ്പനി ഉപഭോക്തൃ സേവനത്തിലുണ്ട്. സുരക്ഷതമായ സൗന്ദര്യ വര്ദ്ധവസ്തുക്കളാണ് ഞങ്ങള്‍ നല്‍കുന്നതും. വക്താവ് കാരള്‍ ഗുഡ് റീച്ച് പറഞ്ഞു.
എന്നാല്‍ ടാല്‍ക്കം പൗഡറും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് എഴുപതുകളില്‍ തന്നെ തെളിഞ്ഞുതുടങ്ങിയിരുന്നതായി വാദിയായ ഗ്ളോറിയ റിറ്റ്സണ്ടിനു വേണ്ടി ഹാജരായ ജിം ഓണ്ടര്‍ പറഞ്ഞു. പല പഠനങ്ങൡലും ഇക്കാര്യം തെളിഞ്ഞിട്ടുമുണ്ട്. ഇക്കാര്യം ജോണ്സണ് ആന്‍ഡ് ജോണ്‍സണിന് അറിയുകയും ചെയ്യാം. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകാനിടയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ജോണ്സണ് ഈ ഉല്‍പ്പന്നം വിറ്റുവന്നിരുന്നത്. അദ്ദേഹം വാദിച്ചു.
ടാല്‍ക്കം പൗഡറുമായി ബന്ധപ്പെട്ട് 1200ലേറെ കേസുകളാണ് കമ്പനി നേരിടുന്നത്. അവരുടെ ബേബി ഷാമ്പൂ ആപല്‍ക്കാരിയാണെന്ന് നേരത്തെ വാദം ഉയര്‍ന്നിരുന്നു. വിവാദത്തെത്തുടര്‍ന്ന് അവര്‍ ഇതിലെ ചില ഘടകങ്ങള്‍ നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: