വാര്‍ത്തയുടെ ലോകത്ത് ജന്മഭൂമി സാന്നിധ്യം ഉറപ്പിച്ചിട്ട് നാല്പത് വര്‍ഷം പിന്നിടുന്നു. ഇന്ന് ഈ നിലയിലേക്കുള്ള അതിന്റെ പ്രയാണപഥത്തില്‍ നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം വിഷമഘട്ടങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ട് മുന്നേറാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കിയത്, മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ആദര്‍ശശുദ്ധിയാണ്. നാല്പത് വര്‍ഷം എന്നതൊരു ചെറിയ കാലയളവല്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ജന്മഭൂമിയുടെ നാല്പതാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചത്. ഒരുവര്‍ഷക്കാലം വിവിധ കര്‍മപദ്ധതികളാണ് ആലോചിച്ച് നടപ്പിലാക്കിയത്. ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സമാപനം കുറിച്ചു. മഹദ് വ്യക്തികളെക്കൊണ്ടു ശ്രദ്ധേയമായിരുന്നു പരിപാടി. കേന്ദ്രനിയമ മന്ത്രി ഡി.വി. സദാനന്ദഗൗഡയായിരുന്നു ഉദ്ഘാടകന്‍. ജന്മഭൂമി എംഡിയും ആര്‍എസ്എസിന്റെ പ്രാന്തീയ സഹകാര്യവാഹുമായ എം.രാധാകൃഷ്ണന്, ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്, മുന്‍ മുഖ്യ പത്രാധിപരും പ്രചാരകുമായ പി.നാരായണന്, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. രാമന്‍പിള്ള, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍മാരായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഹരി. എസ്. കര്‍ത്ത തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വേദി. ഇവരെ ഏവരേയും സ്വാഗതം ചെയ്തത് ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖുമായ കെ.ബി. ശ്രീകുമാറായിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ എല്ലാവരും തന്നെ ജന്മഭൂമി അതിജീവിച്ചുപോന്നിട്ടുള്ള പ്രതിസന്ധികളെ വാക്കുകളിലൂടെ ഓര്‍മപ്പെടുത്തുകയായിരുന്നു. നാല്പതാം വാര്‍ഷികാഘോഷ സമാപന ചടങ്ങ് ഏറെ ശ്രദ്ധേയമായത് കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ സാന്നിധ്യം കൊണ്ടാണ്. ഗൗരവം തെല്ലുമില്ലാതെയാണ് അദ്ദേഹം സംവദിച്ചത്. സമൂഹത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം എന്തെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ മറ്റു വിഷയങ്ങളെ ഒന്നും സ്പര്‍ശിക്കാതെ, മാധ്യമപ്രവര്‍ത്തനം എത്തരത്തിലാവണം എന്നതിന് മാത്രമാണ് ഊന്നല്‍ നല്‍കിയത്. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഭാരതത്തെ താറടിച്ചുകാണിക്കാന്‍ ഭാരതത്തിലെ മാധ്യമങ്ങള്‍തന്നെ ശ്രമിക്കുന്ന വേളയില്‍, യഥാര്‍ത്ഥ മാധ്യമ ധര്‍മം അതല്ലെന്നും ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
അദ്ധ്യക്ഷ പ്രഭാഷണം നടത്തിയത് ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹുമായ എം.രാധാകൃഷ്ണനായിരുന്നു. നാല്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പല സുപ്രധാന ചുവടുവയ്പ്പുകളും നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മനശാസ്ത്രത്തെ രൂപപ്പെടുത്തിയെടുക്കുന്ന മാധ്യമശൈലിയായി ജന്മഭൂമിയെ മാറ്റിയെടുക്കാന്‍ വരുംനാളുകളില്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യപ്രഭാഷണത്തിലൂടെ ജന്മഭൂമിയുടെ നാല്പതുവര്ഷ ചരിത്രത്തിലെ സുപ്രധാന ഏടുകള്‍ പങ്കുവയ്ക്കുകയായിരുന്നു സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകനും മുന്‍ പ്രാന്തപ്രചാരകുമായിരുന്ന എ. ഗോപാലകൃഷ്ണന്.
വ്യക്തമായ ഒരു ആദര്‍ശത്തില്‍ ഊന്നിക്കൊണ്ട്, അതിന്റെ പ്രചാരണത്തിനാണ് ജന്മഭൂമിയും അതിന്റെ പ്രവര്‍ത്തകരും നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ എന്ന ശക്തിയുടെ ഭാഗമായിട്ടാണ് ജന്മഭൂമി നിലനില്‍ക്കുന്നത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് രാഷ്ട്രീയമായ ഒരു പിന്തുണയും ഇല്ലാതിരുന്ന കാലത്ത് ജന്മഭൂമി പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനമായിരുന്നു ജന്മഭൂമിയുടെ ശക്തി. പത്രമാധ്യമരംഗത്ത് ദേശവിരുദ്ധമായ, ഹൈന്ദവവിരുദ്ധമായ, സംസ്കാര വിരുദ്ധമായ ഒരു പശ്ചാത്തലം അത് ഭാരതത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യത്തില്‍ ഹൈന്ദവമൂല്യങ്ങളാണ് ഭാരതത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന് പടര്‍ന്നുപന്തലിക്കാന്‍ വേണ്ട സാഹചര്യം ഒന്നും കേരളത്തിലുണ്ടായിരുന്നില്ല. ഭരണത്തിന്റേയോ സാമ്പത്തികശക്തിയുടേയോ പിന്തുണയില്ലാതിരുന്നിട്ടും ഒരു ഘട്ടത്തിലും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയി എന്നത് പലര്‍ക്കും ഒരത്ഭുതമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. മടിശീലയില്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഇത്രയും പേരെ പരിപാലിക്കുന്ന ആദര്‍ശത്തെ എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് ഗുരുമൂര്‍ത്തിയെപ്പോലുള്ള പ്രഗത്ഭര്പോലും അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഭാരതീയ മൂല്യങ്ങളെ സ്നേഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന ശക്തിയാണ് ജന്മഭൂമി എന്ന ഉറച്ചബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ളവര്‍ ജന്മഭൂമിയുടെ സാരഥ്യം ഏറ്റെടുത്തതെന്നും എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ജന്മഭൂമിക്ക് സത്യസന്ധവും നിര്‍മലവുമായ വ്യക്തിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് രചിച്ച കാലത്തിന്റെ കൈയൊപ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹരണം ആണ് ഈ പുസ്തകം. ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന്, മുന്‍ ബിജെപി അദ്ധ്യക്ഷന്‍ കെ. രാമന്‍പിള്ളയ്ക്ക് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പുസ്തകത്തെ സദസിന് പരിചയപ്പെടുത്തി. എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നതിനാല്‍ ഈ പുസ്തകം വായനക്കാരെ വിസ്മയിപ്പിക്കുമെന്ന് മുരളി പാറപ്പുറം പറഞ്ഞു. സ്വതന്ത്രമായും ഭാവനാത്മകമായും എഴുതുന്നതിനേക്കാള്‍ ഏറെ വെല്ലുവിളിയാണ് വസ്തുനിഷ്ഠമായി എഴുതുമ്പോള്‍ നേരിടേണ്ടിവരികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്യങ്ങള്‍ മുഖത്തുനോക്കി പറയുകയും നൈതിക ബോധം ഉയര്‍ത്തിപ്പിടിക്കുകയുമാണ് ലീല മേനോന്, കാലത്തിന്റെ കൈയൊപ്പുകളിലൂടെയെന്നും മുരളി പാറപ്പുറം പറഞ്ഞു. ജന്മഭൂമിയിലെത്താനുള്ള സാഹചര്യത്തെക്കുറിച്ച് ലീലാ മേനോനും ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു.
ജന്മഭൂമി എന്ന ആശയം മുളപൊട്ടി ഇത്രത്തോളം വലുതായതിന് പിന്നില്‍ അനവധി പേരുടെ അക്ഷീണമായ പ്രയത്നമുണ്ട്. അധ്വാനത്തിന് വേതനം പോലും നല്കാന് സാധിക്കാതിരുന്ന ഘട്ടങ്ങളിലും പത്രത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കുമായി ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കിയതിന് പിന്നില്‍ ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തോടും കടപ്പെട്ടിരിക്കുന്നു. സംഘത്തിന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ചുമുന്നോട്ടുപോകുന്ന ജന്മഭൂമിയ്ക്കുവേണ്ടി തുടക്കം മുതലേ ഒപ്പമുള്ള കെ. രാമന്‍പിള്ളയേയും പി. നാരായണനേയും ചടങ്ങില്‍ എ.ഗോപാലകൃഷ്ണന് ആദരിച്ചു. ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ കെ. രാമന് പിള്ളയേയും പി. നാരായണനേയും സദസിന് പരിചയപ്പെടുത്തി. ജന്മഭൂമിയുടെ വളര്‍ച്ചയില്‍ ഇരുവരും വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി.
ജന്മഭൂമിയുടെ ആദ്യ ചീഫ് എഡിറ്ററായിരുന്ന എം.വി. മന്മഥന്,പി.വി.കെ. നെടുങ്ങാടി, വി.എം. കൊറാത്ത് ഉള്‍പ്പെടെ ജന്മഭൂമിയുമായി സഹകരിച്ചിട്ടുള്ള മഹാരഥന്മാരെ അനുസ്മരിച്ചുകൊണ്ടാണ് കെ.രാമന് പിള്ള തന്റെ ഓര്‍മകള്‍ പങ്കുവച്ചത്. കേരളത്തില്‍ ആദ്യമായി ഫോട്ടോ കംപോസിങ് നടപ്പിലാക്കാന്‍ സാധിച്ചത് ജന്മഭൂമിക്കാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഏവരിലും അത് അത്ഭുതവും അഭിമാനവും ഉളവാക്കി. ജന്മഭൂമി തുടങ്ങണം എന്നത് തന്റെ വ്യക്തിപരമായ ആഗ്രഹം കൂടിയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. മറ്റ് പത്രങ്ങള്‍ എന്തെഴുതിയാലും വിശ്വസിക്കുന്ന ഒരു സാഹചര്യത്തില്‍ സത്യം ജനങ്ങളെ ബോധിപ്പിക്കുക, പ്രസ്ഥാനത്തിന്റെ വീക്ഷണവും അഭിപ്രായങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഒരു പത്രം അനിവാര്യമാണെന്ന ചിന്തയാണ് ആ ആഗ്രഹത്തിന് പിന്നിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള ഒരു ശൈലീ പുസ്തകം ആവശ്യമാണെന്ന നിര്‍ദ്ദേശമാണ് പി. നാരായണന് മുന്നോട്ടുവച്ചത്. ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഏറെ രസാത്മകമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. ജന്മഭൂമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് വൈകാരികമായാണ് മുന്‍ ചീഫ് എഡിറ്ററായിരുന്ന ഹരി എസ്. കര്‍ത്ത സംസാരിച്ചത്. തന്റെ മാധ്യമ ജീവിതം ആരംഭിച്ചത് ജന്മഭൂമിയിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മികവുതെളിയിച്ച, വിവിധ വിഭാഗങ്ങളിലെ ജന്മഭൂമി ജീവനക്കാര്‍ക്ക് ഉപഹാരം നല്‍കിക്കൊണ്ട് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ സംസാരിച്ചു. മികച്ച ഫീല്‍ഡ് ഓര്ഗനൈസര്ക്കുള്ള പുരസ്കാരം സി.വി. പ്രേമചന്ദ്രന്(തൃശൂര്‍) മികച്ച മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിനുള്ള പുരസ്കാരം പി.വി. ചന്ദ്രഹാസന്‍(പാലക്കാട്) എന്നിവര്‍ നേടി. മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്കാരം തിരുവനന്തപുരം ലേഖകന്‍ ശിവകൈലാസും, മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ഇടുക്കി ജില്ലാ ലേഖകന്‍ സംഗീത് രവീന്ദ്രനും സ്വന്തമാക്കി. ജന്മഭൂമി സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന് കൃതജ്ഞത രേഖപ്പെടുത്തി.
ജന്മഭൂമി കുടുംബാംഗങ്ങള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ സദസ് നാല്പത് വര്‍ഷത്തെ ജന്മഭൂമിയുടെ സഞ്ചാരപഥം എത്രമാത്രം സങ്കീര്‍ണമായിരുന്നുവെന്ന് അവിടെ സന്നിഹിതരായിരുന്ന വിശിഷ്ടവ്യക്തികളുടെ വാക്കുകളിലൂടെ തിരിച്ചറിയുകയായിരുന്നു. ഇനി മുന്നോട്ടുള്ള പാത അത്രത്തോളം ദുഷ്കരമാവില്ലെന്ന പ്രതീക്ഷയോടെ, പുത്തന്‍ ഉണര്വോടെയാണ് ഓരോ പ്രവര്‍ത്തകരും മടങ്ങിയത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: