കൊച്ചി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിന് കേരളം സജ്ജമാണെന്ന് സംസ്ഥാന ടാക്സസ് വിഭാഗം സ്പെഷ്യല്‍ സെക്രട്ടറി ഡോ. വി. കെ. ബേബി പറഞ്ഞു. ചരക്കുസേവന നികുതിയെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയവുമായി ചേര്‍ന്ന് ഫിക്കി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ്(ജിഎസ്ടി) നടപ്പാക്കുന്നതിനുള്ള നിയമനിര്‍മാണത്തിലൂടെ രാജ്യത്തെ വ്യാവസായികാന്തരീക്ഷത്തില്‍ അത്ഭുതകരമായ മാറ്റം സംഭവിക്കാന്‍ പോകുകയാണ്. ചരക്കു നീക്കത്തിന്റെ കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പുതിയൊരു ഏകോപനമുണ്ടാകും. സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് സര്‍വീസ് ടാക്സ്, വാറ്റ് തുടങ്ങി എല്ലാ നികുതികളും ജിഎസ്ടിയുടെ ഒറ്റ കുടക്കീഴില് വരുന്നത് കേരളം പോലെ ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ഗുണകരമാകും. നികുതി ഏകീകരിക്കപ്പെടുമ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ മടിച്ചുനില്ക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കും.
ഉല്പാദകര്ക്കും വില്പനക്കാര്ക്കും കയറ്റുമതിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്നുവെന്നതാണ് ചരക്കു സേവന നികുതിയുടെ വലിയ സവിശേഷത. സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിന് പ്രശ്നപരിഹാരത്തിന് ജിഎസ്ടിയില്‍ പ്രത്യേക സംവിധാനമുണ്ടാകണമെന്നും വി കെ ബേബി നിര്‍ദേശിച്ചു. ഏത് നിയമവും ശരിയായ അര്‍ഥത്തില്‍ നടപ്പില്‍ വരുന്നതിന് കാര്യക്ഷമമായ ഭരണ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാകും ജി എസ് ടിയില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുകയെന്ന് ആമുഖ പ്രഭാഷണം നടത്തിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവനീത് സിംഗ് ഖുറാന പറഞ്ഞു. നികുതി സംവിധാനം ഏകീകരിക്കപ്പെടുന്നത് ഉപഭോക്തൃ വിലനിലവാരത്തിലും ഗുണകരമായ പ്രതിഫലനമുണ്ടാക്കും. രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ടിട്ടും സാമ്പത്തികമായി ഏകീകരിക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ജി എസ് ടിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ടല്‍ താജ് ഗേറ്റ്വേയില് നടന്ന ശില്പശാലയില് കേന്ദ്ര ടാക്സ് ആന്റ് റെഗുലേറ്ററി സര്‍വീസസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സച്ചിന്‍മേനോന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ പ്രതാപ് സിംങ്, കെപിഎംജി ഓപ്പറേഷന്‍സ് പാര്‍ട്ട്ണര്‍ കെ. ജയരാമന് എന്നിവര്‍ ജിഎസ്ടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, കൊച്ചി പ്രസിഡണ്ട് കെ. ബി. രാജന്, കൊച്ചിന് എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രസിഡണ്ട് കെ. കെ. പിള്ള, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് ട്രഷറര്‍ ജി. ഗോപാല്‍ ഷേണായി എന്നിവര്‍ ആശംസ നേര്‍ന്നു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്മാന് ദീപക് എല്‍ അസ്വാനി സ്വാഗതവും ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: