ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഏക്കാലത്തെയും ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 8.8 ശതമാനം നിരക്കില്‍ പിഎഫ് പലിശ കണക്കാക്കാന്‍ കേന്ദ്രധനമന്ത്രാലയം തീരുമാനിച്ചതായി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.
പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചെന്ന വിവാദങ്ങള്‍ക്കിടെയാണ് ധനമന്ത്രാലയത്തിന്റെ അന്തിമ തീരുമാനം എത്തിയത്. പലിശ നിരക്ക് 8.8 ശതമാനം തന്നെ ആയിരിക്കുമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ നേരത്തെ അറിയിച്ചിരുന്നു.
ഇടക്കാല പലിശ നിരക്ക് 8.8 ശതമാനത്തില്‍ നിന്നും കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് പിഎഫില്‍ അംഗമായവര്‍ക്ക് ഉറപ്പുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് തന്നെ പിഎഫ് നിക്ഷേപങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ 8.75 ശതമാനമാണ് പിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ.
മുന്‍വര്‍ഷത്തേതിന് സമാനമായ 8.7 എന്ന നിരക്കാണ് 2015-16ലേക്കും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 8.8 ശതമാനം പലിശ നല്‍കണമെന്ന് കേന്ദ്രതൊഴില്മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ബിഎംഎസ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: