ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ നഷ്ടം പതിനായിരം കോടി കവിഞ്ഞത് പഴങ്കഥ. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനകം ബിഎസ്എന്‍എല്‍ വീണ്ടും ലാഭത്തിലെത്തിയിരിക്കുന്നു. 2014-15ലെ പ്രവര്‍ത്തന ലാഭം 672കോടി രൂപയായിട്ടുണ്ട്. ദല്‍ഹിയിലെ പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎന്‍എല്ലിന്റെ ലാഭവും ഉയര്‍ന്നിട്ടുണ്ട്.
2004 മുതല്‍ 2014 വരെ ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ എന്നിവയുടെ ധനസ്ഥിതി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിഎസ്എന്‍എല്ലിനെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. 2004ല്‍ 10,000 കോടി രൂപ ലാഭത്തിലായിരുന്ന ബിഎസ്എന്‍എല്ലിനെ പത്തുവര്‍ഷംകൊണ്ട് പതിനായിരം കോടിയുടെ കടക്കെണിയിലാക്കിയത് യുപിഎ ഭരണമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
2013-14ലെ 26,153 കോടി രൂപയുടെ വരുമാനത്തില്‍ നിന്നും 2014-15ല്‍ 27,242 കോടിയായി ബിഎസ്എന്‍എല്ലിന്റെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. വരുമാനത്തില്‍ 4.16 ശതമാനത്തിന്റെ വര്‍ദ്ധനവ്. ആകെ നഷ്ടത്തിന്റെ 20 ശതമാനം കുറച്ചുകൊണ്ടുവരാനും രണ്ടുവര്‍ഷം കൊണ്ട് സാധിച്ചതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സമ്പ്രദായത്തിലൂടെ 2015-16ല്‍ 2,50,666 മൊബൈല്‍ വരിക്കാരുടെ എണ്ണമാണ് ബിഎസ്എന്‍എല്ലിന് കൂടിയത്. 2015-16ല്‍ 31 ലക്ഷം മൊബൈല്‍ വരിക്കാരാണ് വര്‍ദ്ധിച്ചത്. ഡേറ്റാ വഴിയുള്ള വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധനവും ഉണ്ടായി. എംടിഎന്‍എല്ലിന്റെ വരുമാനം 865.52 കോടി രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലധികം വരിക്കാരും 2014-15ല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: