ലോകപ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഗവര്‍ണറും അന്താരാഷ്‌ട്ര നാണയനിധിയുടെ മുന്‍ മുഖ്യഉപദേശകനുമായ രഘുറാം രാജന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വിവാദമായത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിക്ക മലയാളപത്രങ്ങളും മലയാള വാര്‍ത്താചാനലുകളും അതറിഞ്ഞമട്ടു കാണിച്ചതുമില്ല. ഭാരത സമ്പദ്‌വ്യവസ്ഥയെയും മ്ലാനമായ ആഗോള സാമ്പത്തികസ്ഥിതിയെയും താരതമ്യം ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍ ഭാരതത്തിന്റെ ശുഭോദര്‍ക്കമായ സ്ഥിതിയെ അദ്ദേഹം ഉദാഹരിച്ചത് ”പൊട്ടക്കണ്ണന്മാര്‍ മാത്രമുള്ള രാജ്യത്ത് ഒറ്റക്കണ്ണന്‍ രാജാവായതുപോലെ”യാണ് എന്നു പറഞ്ഞുകൊണ്ടാണ്.
‘മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്’ എന്ന മലയാളശൈലിയുടെ ഒരു വകഭേദംതന്നെ. സര്‍വത്ര ആശങ്കാജനകമായ സാമ്പത്തികനില നടമാടുമ്പോള്‍, ഭാരതം ആശാവഹമായ നിലയില്‍ സാമ്പത്തികഭദ്രത നിലനിര്‍ത്തുന്നുണ്ടെങ്കിലും, ഇന്നും ലോകത്തെ ദരിദ്രരാജ്യങ്ങളില്‍ ഒന്നുതന്നെയാണ് ഭാരതം എന്ന വസ്തുത മനസ്സില്‍വെച്ചുകൊണ്ടായിരുന്നു താന്‍ ആ പ്രസ്താവന നടത്തിയതെന്ന് പിന്നീടദ്ദേഹം വിശദീകരിച്ചു.
പക്ഷേ അതിനുമുമ്പ് രഘുറാം രാജന്റെ പ്രസ്താവനയില്‍ കുറച്ചുകൂടി ഭദ്രമായ വാക്കുകള്‍ ഉപയോഗിക്കാമായിരുന്നുവെന്നും, അന്ധതയും ഏകനേതൃത്വവും ആരുടെയും കുറ്റംകൊണ്ടുണ്ടായതല്ല എന്നും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. കൂടാതെ കാഴ്ചവൈകല്യമുള്ളവരുടെ സംഘടന രഘുറാം രാജന്റെ അഭിപ്രായ പ്രകടനം തങ്ങളെ വേദനിപ്പിച്ചുവെന്നും അദ്ദേഹത്തെ പ്രതിഷേധക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
നിര്‍മലാ സീതാരാമന്റെ പ്രസ്താവനയില്‍ മണിശങ്കരയ്യരെപ്പോലുള്ള ദോഷദൃക്കുകള്‍ക്ക് രഘുറാം രാജന്‍ ഉദ്ദേശിച്ച ഒറ്റക്കണ്ണനും പൊട്ടക്കണ്ണന്മാരും ആരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടാന്‍ അതവസരമുണ്ടാക്കരുതെന്നും നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. അടുത്തദിവസം ഗവര്‍ണര്‍ താന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ പുരസ്‌കരിച്ച് ദുഃഖിതരായ ദൃഷ്ടിവികലരോട് ക്ഷമിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ രാഷ്‌ട്രപതി, മുഖ്യന്യായാധിപതി, പ്രധാനമന്ത്രി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരെപ്പോലെ, ജീവനാഡിയായ സാമ്പത്തികരംഗത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന സര്‍വ്വോത്തമ സ്ഥാനമായ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാക്കുകളില്‍ എത്ര അവധാനത വേണമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ബിജെപിയിലേയോ സംഘപരിവാറിലെയോ ഏതെങ്കിലും ഉന്നത വ്യക്തികളില്‍നിന്നു വരുന്ന വാക്കുകളെ ഇഴപിരിച്ച് പരിശോധിച്ച് അതിന്റെ പ്രയോക്താക്കള്‍ വിദൂരമനസ്സില്‍പ്പോലും കാണാത്ത അര്‍ഥതലങ്ങള്‍ കണ്ടെത്തി ചാനല്‍ ചര്‍ച്ചകള്‍ നടത്തുകയും അസഹിഷ്ണുതയുടെ മുറവിളികള്‍ പുരപ്പുറത്തുകയറിനിന്ന് മുഴക്കുകയും ചെയ്യുന്ന കാലമാണല്ലൊ ഇത്. ഇക്കാലത്ത് സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പദപ്രയോഗങ്ങളെക്കുറിച്ച് എത്ര നിഷ്‌കര്‍ഷ പുലര്‍ത്തുന്നുവെന്നത് സൂചിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.
ശ്രീഗുരുജിയും ഡോക്ടര്‍ജിയും ഇക്കാര്യത്തില്‍ എങ്ങനെ മാതൃക സൃഷ്ടിച്ചുവെന്നു നോക്കുക. പൂജനീയ ഡോക്ടര്‍ജിയുടെ സാന്നിധ്യത്തില്‍ നടന്ന ഒരു പ്രസംഗത്തില്‍, മുഗളന്മാരുമായുള്ള യുദ്ധത്തില്‍ ശത്രുവിന്റെ െെകയിൽ െപ്പട്ട് ധര്‍മവും മാനവും നഷ്ടപ്പെടാതിരിക്കാനായി 14000 ത്തോളം രജപുത്ര മഹിളകള്‍ ആത്മാഹുതി നടത്തിയതിനെപ്പറ്റി ‘രജപുത്രരമണിമാര്‍’ എന്ന് പ്രാസംഗികന്‍ പറഞ്ഞപ്പോള്‍ ‘രജപുത്രദേവിമാര്‍’ എന്ന് ഡോക്ടര്‍ജി തിരുത്തി. രമണിയെന്നും ദേവിയെന്നുമുള്ള പദങ്ങള്‍ നല്‍കുന്ന സന്ദേശം വ്യക്തമാണല്ലൊ.
സംഘശിക്ഷാവര്‍ഗുകളില്‍ സ്വയംസേവകര്‍ തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആരുടെയും ജാതി, മതാദികളെയും, വ്യക്തിപരമായ വൈകല്യങ്ങളെയും പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിക്കരുതെന്ന് ശ്രീഗുരുജി നിഷ്‌കര്‍ഷിക്കുമായിരുന്നു. പല ജാതികളും തങ്ങളുടെ കുലത്തൊഴിലിന്റെ പേരില്‍ അപഹാസ്യരാകുന്നത് ഇന്നും നമുക്കനുഭവമാണല്ലൊ. ഓരോ ജാതിക്കാരെയുംകുറിച്ച് തരംതിരിച്ചുള്ള ഫലിതപുസ്തകങ്ങളും ബസ്‌സ്റ്റാന്‍ഡുകളിലും തീവണ്ടികളിലും വാങ്ങാന്‍ കിട്ടുമായിരുന്നു.
ഒരു പ്രത്യേക ജാതിക്കാരെ അധിക്ഷേപിക്കുന്നതിനുദാഹരണമായി ഉത്തരദേശങ്ങളില്‍ പ്രചാരമുള്ള ഒരു ശ്ലോകം ശ്രീഗുരുജി ഉദാഹരണമായി കേള്‍പ്പിച്ചു.
കായസ്ഥേനോദരസ്ഥേന
മാതൃമാംസം ന ഭക്ഷ്യതേ
നതന്ത്രകരുണാരാജന്‍
തത്രഹേതുരദന്തത
കായസ്ഥന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍, മാതൃമാംസം ഭക്ഷിക്കാത്തത് കാരുണ്യംകൊണ്ടല്ല പല്ലില്ലാത്തതുകൊണ്ടാണെന്ന് താല്‍പര്യം.
സ്വാമി വിവേകാനന്ദന്‍, ലാല്‍ബഹാദൂര്‍ ശാസ്ത്രി, ജയപ്രകാശ് നാരായണ്‍ മുതലായ നിരവധി മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ ജാതിയാണ് കായസ്ഥര്‍!
ഇതേ ശ്ലോകം ‘ദ്രാവിഡനോദരസ്ഥേന’ എന്ന പാഠഭേദത്തോടെ പ്രചാരത്തിലുണ്ടെന്നു സ്വര്‍ഗസ്ഥനായ ശ്രീകൃഷ്ണശര്‍മാജി അന്ന് ഈ ലേഖകനോടു പറഞ്ഞിരുന്നു. കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ ആദ്യകാലം മുതല്‍തന്നെ പേരിനോടൊപ്പമുള്ള ജാതിസൂചകമായ ഉപസര്‍ഗങ്ങള്‍ ഉപേക്ഷിച്ചാണ് പെരുമാറുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
പദപ്രയോഗങ്ങളുടെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ ബാളാസാഹിബ് ദേവറസും മാതൃകാപരമായിത്തന്നെ പെരുമാറിയതായി നമുക്കറിയാം. അടിയന്തരാവസ്ഥക്കാലത്ത് ആയിരക്കണക്കിന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം തടവില്‍ കഴിയുമ്പോള്‍ അദ്ദേഹം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കയച്ച കത്തില്‍, അവര്‍ക്ക് ആദരപൂര്‍വം പ്രണാമങ്ങള്‍ നല്‍കിയശേഷം അത്യന്തം വ്യക്തവും ശാലീനവുമായ ഭാഷയില്‍ നിരോധനം നീക്കണമെന്നും, ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ വിനയപൂര്‍വം കത്തവസാനിപ്പിച്ചു. അത് സ്വയംസേവകര്‍ക്കും മറ്റും വിതരണം ചെയ്തിരുന്നു. അതിലെ ആചാരോപചാരങ്ങളിലെയും ഭാഷയിലെയും അനഹംകാരസ്വരം പലര്‍ക്കും രുചിച്ചില്ല. ആയിടെ കോഴിക്കോട്ടുവന്ന സോഷ്യലിസ്റ്റ് നേതാവ് അശോക് മേത്തയെ സന്ദര്‍ശിച്ച് ഈ കത്ത് നല്‍കിയത് വളരെ സാഹസപ്പെട്ടായിരുന്നു. അദ്ദേഹത്തിനുപോലും അത് രസിച്ചില്ല. പിന്നീട് അടിയന്തരാവസ്ഥക്കുശേഷം കാര്യകര്‍തൃ ബൈഠക്കില്‍ ഒരു സ്വയംസേവകന്‍ കത്തിന്റെ പ്രശ്‌നം എടുത്തിട്ടു. ബാളാസാഹിബ് നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. ഞാന്‍ കത്തയച്ചത് രാജ്യത്തെ പ്രധാനമന്ത്രിക്കായിരുന്നു. അവര്‍ ഒരു സ്ത്രീയാണ്. ഈ രണ്ട് വസ്തുതകളെയും മറന്ന് എഴുതാന്‍ സംഘസംസ്‌കാരം അനുവദിക്കില്ല. കത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അസന്ദിഗ്ധവും ശക്തവുമായിരുന്നു.
മലപ്പുറം ജില്ലാ സമരം കൊടുമ്പിരികൊണ്ടിരുന്ന അവസരത്തില്‍ ഇന്നത്തെ ചുംബനസമരക്കാരെയും ചില ചാനല്‍ ചര്‍ച്ചാ അവതാരകന്മാരെയും തോല്‍പിക്കുന്ന ഭാഷയിലുള്ള ലേഖനങ്ങളും മറ്റും, കേളപ്പജിയെക്കുറിച്ച് ചിലര്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കപ്പെട്ടു.
തങ്ങള്‍മാര്‍ക്കും മൗലവിമാര്‍ക്കും
താണുവണങ്ങും നമ്പൂരി കത്തിയിറക്കാനരുനില്‍ക്കരുതേ
ഭാരതമാ തന്‍തിരുമാറില്‍ എന്ന മുദ്രാവാക്യം മുഴക്കപ്പെട്ടിരുന്നു.
അതറിഞ്ഞ പരമേശ്വര്‍ജി നമ്പൂരി എന്ന വാക്കുപയോഗിക്കുന്നത് വിലക്കി. ആ സ്ഥാനത്ത് ‘തിരുമേനി’ എന്നാക്കിയാണ് പിന്നീട് വിളിച്ചത്. ”നാലും കെട്ടും, പത്തും കെട്ടും, നമ്പൂരീന്റെ ഓളേം കെട്ടും” എന്നു പിന്നീട് മുദ്രാവാക്യം മുഴക്കിയവര്‍ അന്നു നമ്പൂതിരിപ്പാടിന്റെ കൂട്ടുകക്ഷിയായിരുന്നു.
ഭാസ്‌കര്‍റാവുജി പ്രാന്തപ്രചാരകനായിരുന്ന കാലത്തായിരുന്നല്ലൊ 1982 ല്‍ വിശാലഹിന്ദുസമ്മേളനം നടന്നത്. അക്കാലം കേരളത്തിലുടനീളം ഹൈന്ദവ ഉണര്‍വ് അലയടിച്ചിരുന്നു. ഗ്രാമങ്ങളും നഗരങ്ങളിലും ധാരാളം പ്രചാരണയോഗങ്ങള്‍ നടന്നുവന്നു. ഇഎംഎസിന്റെ സംഘവിരുദ്ധ പ്രസംഗങ്ങള്‍ അതിനിശിതമായ ഭാഷയില്‍ നടക്കുന്നുണ്ടായിരുന്നു. തലശ്ശേരിയിലും ചുറ്റുപാടും നടന്നുവന്ന മാര്‍ക്‌സിസ്റ്റ് അക്രമങ്ങളെ അവസാനിപ്പിക്കാനായി നടന്ന പരിശ്രമങ്ങളെല്ലാം ഇഎംഎസിന്റെ നിഷേധാത്മക സമീപനം നിഷ്ഫലമാക്കി.
എറണാകുളത്തിനടുത്ത് നടന്ന ഒരു യോഗത്തില്‍ സംസാരിച്ച ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ഇഎംഎസിനെ അവഹേളിക്കുന്ന അതിരൂക്ഷമായ പ്രസംഗം ചെയ്തു. പിന്നീട് ഭാസ്‌കര്‍റാവു ആ പ്രവര്‍ത്തകനെ കണ്ടപ്പോള്‍ ആ പ്രസംഗത്തിന്റെ ശൈലിയും സ്വരവും ഭാഷയും ശരിയായില്ലെന്നും നമ്മില്‍ മിക്കവരും ജനിക്കുന്നതിനുമുമ്പ് പൊതുപ്രവര്‍ത്തനമാരംഭിച്ചയാളാണ് ഇഎംഎസ് എന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.
ആരെല്ലാം എന്തെല്ലാം ആയാലും വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അങ്ങേയറ്റത്തെ ജാഗ്രത കാട്ടിയ പാരമ്പര്യമാണ് സംഘപഥത്തില്‍ നമുക്ക് ലഭിക്കുന്നതെന്നു സൂചിപ്പിക്കാനാണിതെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: