ന്യൂദല്‍ഹി: ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍വെ ചെന്നൈയില്‍ നിര്‍മ്മിക്കാന്‍ ചൈന ഒരുങ്ങുന്നു. ഇതു സംബന്ധിച്ച സാധ്യതാപഠനം നടന്നുവരികയാണെന്ന് ചൈന റെയില്‍വെ കോര്‍പ്പറേഷന്റെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സാവോ ഗ്വോണ്ടാങ് അറിയിച്ചു.
പദ്ധതി സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും വൈകാതെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും സാവോ ഗ്വോണ്ടാങ് പറഞ്ഞു. ചൈന റെയില്‍വെ കോര്‍പ്പറേഷന്റെ ഹൈസ്പീഡ് റെയില്‍വെ ആണ് ഭാരതത്തില്‍ റെയില്‍ പദ്ധതിയുമായി എത്തുന്നത്.
ചെന്നൈ മുതല്‍ ദല്‍ഹി വരെയുള്ള 2,200 കിലോമീറ്റര്‍ അതിവേഗ റെയില്‍പാതയ്‌ക്കും 1,200 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ദില്ലി മുംബൈ പാതയ്‌ക്കുമുള്ള പദ്ധതിയാണ് ഹൈസ്പീഡ് റെയില്‍വെ സമര്‍പ്പിച്ചിരിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍പാത ആയിരിക്കും.
മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കിലോമീറ്റര്‍ അതിവേഗ റെയില്‍വെ പാത നിര്‍മ്മിക്കുന്നതിന് ജപ്പാനുമായി ഇന്ത്യ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈന പദ്ധതിയുമായി ഭാരതത്തെ സമീപിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായ, ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്സുവരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക