കരുവാരക്കുണ്ട്: കളം നിറഞ്ഞതോടെ സംവരണ മണ്ഡലമായ വണ്ടൂര്‍ പ്രചരണ ചൂടിലേക്ക്. നിലവിലെ എംഎല്‍എയും മന്ത്രിയുമായ എ.പി.അനില്‍കുമാറാണ് പതിവുപോലെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സോളാര്‍ കേസ് മുതല്‍ നിരവധി കേസുകളില്‍ ആരോപണ വിധേയനായ അനില്‍കുമാറിന് ഈ തെരഞ്ഞെടുപ്പ് ഒരു അഗ്നിപരീക്ഷയാണ്. സാധാരണക്കാരുടെയും സ്ത്രീ വോട്ടര്‍മാരുടെയും കുടുംബങ്ങളുടെയും മനസ്സ് തൊട്ടറിഞ്ഞ സുനിതാ മോഹന്‍ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വാണിയമ്പലം സ്വദേശിനിയായ സുനിത ക്ഷേത്രസംരക്ഷണ സമിതിയുടെ കാളികാവ് താലൂക്ക് ജോ.സെക്രട്ടറിയും മണ്ഡലത്തിലെ സജീവ പൊതുപ്രവര്‍ത്തകരില്‍ ഒരാളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച പരിചയമുണ്ടെങ്കിലും നിയമസഭയിലേക്ക് ആദ്യമായാണ്. എല്‍ഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത് കെ.നിഷാന്താണ്. വിജയിച്ചാല്‍ തീര്‍ച്ചയായും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ മലയോര നിവാസികളിലേക്ക് എത്തിക്കുമെന്ന് സുനിത പറയുന്നു. മന്ത്രി പ്രതിനിധീകരിച്ച മണ്ഡലത്തിലെ പ്രശ്നങ്ങള്‍ തീര്‍ത്താലും തീര്‍ത്താലും തീരാത്ത അവസ്ഥയിലാണ്. മികച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ അനില്‍കുമാര്‍ ഇവിടെ നിന്നും ജയിച്ചത്. പക്ഷേ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പ്രകടനം. ടൂറിസം വകുപ്പ് ഭരിച്ച മന്ത്രി മണ്ഡലത്തിലും പദ്ധതികള്‍ കൊണ്ടുവന്നു പക്ഷേ അതെല്ലാം സ്വന്തം പാര്‍ട്ടി നേതാക്കന്മാര്ക്ക് ജീവിക്കാനുള്ള ഉപാധികള്‍ മാത്രമായി മാറുകയായിരുന്നു. ജില്ലയില്‍ മുസ്ലീം ലീഗ്-കോണ്‍ഗ്രസ് ബന്ധം ഏറ്റവും കൂടുതല്‍ വഷളായിരിക്കുന്നതും വണ്ടൂര്‍ മണ്ഡലത്തിലാണ്. മമ്പാട്, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നത്. തിരുവാലിയും തുവ്വൂരും സിപിഎം പിടിച്ചെടുത്തു. പോരൂര്‍, കാളികാവ്, ചോക്കാട് എന്നിവിടങ്ങളില്‍ സിപിഎം-ലീഗ് ധാരണയിലാണ് ഭരണം നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇരുപാര്‍ട്ടികളുടെയും നേതൃത്വം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രദേശിക നേതാക്കള്‍ വാശിയിലാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഒരുക്കാന്‍ എംഎല്‍എക്ക് ആയിട്ടില്ല. ഇതിനെതിരെ വന്ജനരോക്ഷം മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി സുനിതാ മോഹന്‍ദാസിന് പൂര്‍ണ്ണ പിന്തുണയുമായി മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: