ഹരിപ്പാട്: ഇണപിരിയാതെ കളിച്ച് നടന്ന ഇരട്ട സഹോദരിമാര്‍ക്ക് വിവാഹജീവിതവും ഒരേ വീട്ടില്‍ തന്നെയായത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. ഇരട്ട സഹോദരന്മാരായ അജിത്കുമാറും, വിജിത് കുമാറും ആണ് ഇരട്ടസഹോദരിമാരായ സന്ധ്യയുടെയും സുമിയുടേയും കഴുത്തില്‍ ചൊവ്വാഴ്ച മിന്നുകെട്ടിയത്.
നങ്ങ്യാര്‍കുളങ്ങര തട്ടാരേത്ത് വീട്ടില്‍ ശശി-മണിയമ്മ ദമ്പതികളുടെ മക്കളാണ് അജിത്കുമാറും വിജിത്കുമാറും ചെറുതന ആനാരി വടക്ക് അണക്കാട്ടില്‍ വീട്ടില്‍ ശശിയുടെയും ലീലാമ്മയുടെയും മക്കളാണ് സന്ധ്യയും സുമിയും. വീയപുരം ഡിഡി ആഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന് നിരവധി പേര്‍ പങ്കെടുത്തു.
ഒരേ വേദിയില്‍ അടുത്തടുത്ത മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. അജിത് കുമാര്‍ ആര്‍എസ്എസ് ഹരിപ്പാട് താലൂക്ക് ശാരീരിക് ശിക്ഷന്‍ പ്രമുഖും വിജിത്കുമാര്‍ ചേപ്പാട് മണ്ഡലത്തിന്റെ സേവാപ്രമുഖും ആണ്. നാട്ടില്‍ സുപരിചിതരായ സഹോദരന്മാര്‍ നാട്ടുകാര്‍ക്ക് ഉപകാരികളാണ് അതുകൊണ്ട് തന്നെ നിരവധി പേര്‍ ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
അജിത് കുമാര്‍ നങ്ങ്യാര്‍കുളങ്ങരയില്‍ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നു. വിജിത് കുമാര്‍ വീടിന് സമീപത്തായി ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.
തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ തൊഴില്‍സമയം കഴിഞ്ഞാല്‍ ഹരിപ്പാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശ്വിനി ദേവിന്റെ കൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി ഇരുവരും കൂടും. അശ്വനിദേവ് നേരത്തെ തന്നെ ഡിഡി ആഡിറ്റോറിയത്തില്‍ എത്തിയിരുന്നു.
മുഹൂര്‍ത്തം കഴിഞ്ഞപ്പോള്‍ അശ്വനിദേവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്‌ക്കാനുള്ള തുകയുടെ ആദ്യസംഭാവന അജിത്കുമാര്‍ കൈമാറി. അജിത്തിന്റെയും വിജിത്തിന്റെയും സഹോദരി അമ്പിളി ഭര്‍ത്താവായ പ്രസാദിനോടൊപ്പം വിദേശത്താണ്. സന്ധ്യയുടെയും സുമിയുടെയും സഹോദരി സൗമ്യ എറണാകുളത്തെ സ്വകാര്യകമ്പിനിയില്‍ ചെയ്യുന്നു.
















