ജീവിതമെന്നത് ഇവര്‍ക്ക് ഒരു പോരാട്ടമാണ്. കരിങ്കല്ലിലാണ് ഇവര്‍ ജീവിതം രചിക്കുന്നത്. അത് അത്ര എളുപ്പമുള്ള പണിയുമല്ല. കരിങ്കല്ലുകൊത്തി ഉരലും അമ്മിയും അമ്മിക്കുട്ടിയും രൂപപ്പെടുത്തിയെടുത്ത് അത് വിറ്റുകിട്ടിയാല്‍ മാത്രമേ പട്ടിണിമാറ്റാന്‍ ആവുകയുള്ളു. ഇത്തരത്തില്‍ കല്ലുകൊത്തുന്ന നിരവധി സഹോദരിമാരാണ് നാടിന്റെ പലഭാഗത്തുമുള്ളത്. കഠിനാദ്ധ്വാനത്തിന്റെ ദിനങ്ങളാണ് ഇവര്‍ക്കെന്നും. എന്നാല്‍ ഇവരെ സഹായിക്കാന്‍ ഭരണകൂടമോ അധികാരികളോ ഇല്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
കോഴിക്കോട് ജില്ലയിലെ മുളിയങ്ങലില്‍ ഒരുകൂട്ടം സഹോദരിമാര്‍ ഇങ്ങനെ കരിങ്കല്ലുരലും അമ്മിയും അമ്മിക്കുട്ടിയുമൊക്കെ ഉണ്ടാക്കിയാണ് കുടുംബം പോറ്റുന്നത്. വെയിലും മഴയുമൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കാരണം സുഖകരമായ കാലാവസ്ഥ നോക്കിയിരുന്നാല്‍ പട്ടിണി മാറില്ല. പാലക്കാട് നിന്നും കൊണ്ടുവരുന്ന കൃഷ്ണശിലകളില്‍ ഉരലും അമ്മിയും അമ്മിക്കുട്ടിയും നിര്‍മിക്കുകയെന്നത് നിസാര ജോലിയല്ല. ചതുരാകൃതിയിലുള്ള 100 കഷ്ണം കരിങ്കല്ല് 20000 രൂപ കൊടുത്തു വാങ്ങി, 25000 രൂപ ലോറിക്കൂലി നല്കി ഏതെങ്കിലും തെരുവിലെത്തിച്ചാണ് ഇവര്‍ കരിങ്കല്‍ കൊത്തുന്നത്.
ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം സദാസമയവും അദ്ധ്വാനത്തിലായിരിക്കും. അങ്ങനെ മൂന്നും നാലും ദിവസങ്ങളെടുത്താണ് ഉരലും അമ്മിയും മറ്റും ഉണ്ടാക്കുന്നത്. അദ്ധ്വാനക്കൂലി മാത്രമായ 1500, 1700 രൂപക്കാണ് ഇവര്‍ ഇത് വില്‍ക്കുന്നത്. അതിരാവിലെ തന്നെ ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനായി ഉരല് ഉരുട്ടിയുള്ള യാത്രയാണിവര്ക്ക്. ചിലപ്പോള്‍ യാത്ര കിലോമീറ്ററുകള്‍ നീണ്ടതായിരിക്കും. ഈ യാത്ര പരാജയപ്പെട്ടാല്‍ തുടര്‍ന്നുള്ള ദിവസം ഒരുപക്ഷേ പട്ടിണിയിലായിരിക്കും.
ഇങ്ങനെ കുലത്തൊഴിലില്‍ തളയ്ക്കപ്പെട്ട നിര്‍ധനരായ നൂറുകണക്കിന് കുടുംബങ്ങളാണ് നാടാകെയുള്ളതെന്ന് ഈ രംഗത്തുള്ള തൃശൂര്‍ സ്വദേശികളായ രമണിയും സരിതയും, മല്ലികയും പറയുന്നു. ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വികസനത്തിന്റെ വീമ്പു പറയാറുണ്ടെങ്കിലും തങ്ങളെ ആരും തിരിഞ്ഞുനോക്കാറില്ലെന്നും ഇവര്‍ പറയുന്നു. അപ്പോഴും അവര്‍ കരിങ്കല്ലുമായി മല്ലിടുകയാണ്. ജീവിതത്തെ പച്ചപിടിപ്പിക്കാനല്ല… കഴിഞ്ഞുകൂടാന്‍ വേണ്ടി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: