മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 364 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ തീരുമാനം. ഓരോ സെക്ടറിലും ഒരു മാതൃകാ ബൂത്ത് എങ്കിലും സജ്ജീകരിക്കാനാണ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന സെക്ടറല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു വേണ്ടി തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്‍കിയത്. 16 നിയോജക മണ്ഡലങ്ങളിലും മാതൃകാ ബൂത്തുകളുണ്ടാവും. ഒരു താലൂക്ക് പരിധിയില്‍ ശരാശരി 52 എണ്ണം. ബൂത്തുകളില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ച വെള്ളം, വെളിച്ചം, റാംപ്, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനു പുറമെ എന്തെല്ലാം അധിക സൗകര്യങ്ങളും നൂതന സംവിധാനങ്ങളും ഒരുക്കാന്‍ കഴിയുമെന്നതാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് സബ്കലക്ടര്‍ പറഞ്ഞു. ആരോഗ്യസേവനം ഉള്‍പ്പെടെ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ അധിക സൗകര്യങ്ങളും വോട്ടിങ് പ്രക്രിയ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങളും ആവിഷ്ക്കരിക്കാം. ഇതിന് ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം സ്വീകരിക്കാന്‍ പാടില്ല. ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ പോളിങ് സ്റ്റേഷന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വകയായി അവാര്‍ഡ് നല്‍കും. തെരഞ്ഞെടുപ്പിനു ശേഷം മെയ് 20 ന് അവാര്‍ഡ് പ്രഖ്യാപിക്കും. ഓരോ താലൂക്കിലെയും മാതൃകാ സ്റ്റേഷനുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ സന്ദര്‍ശിച്ച് അവാര്‍ഡിന് പരിഗണിക്കേണ്ടവയുടെ പേരുകള്‍ നിര്‍ദേശിക്കും. ഇവ ജില്ലാതല സമിതി പരിശോധിച്ചാണ് അവാര്‍ഡിനര്‍ഹമായ മികച്ച മാതൃകാ ബൂത്തിനെ തെരഞ്ഞെടുക്കുക. ഈ ബൂത്തിനെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും സബ് കലക്ടര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ, തിരൂര്‍ സബ് ഡിവിഷനുകളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി വെവ്വേറെയാണ് യോഗങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: