ചാത്തന്നൂര്‍: പരവൂര്‍ ദുരന്തബാധിതര്‍ക്ക് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ ചികിത്സനിഷേധം.
ദുരന്തത്തില്‍ പരിക്കേറ്റ് കിടക്കുന്ന രോഗികളെ രോഗം ഭേദമാക്കാതെ തന്നെ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നു. ഡിസ്ചാര്‍ജ്ജ് ആകുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ചികിത്സ നേടിയ പരവൂര്‍ കുറുമണ്ടല്‍ സ്വദേശിക്ക് കാലില്‍ രണ്ട് പൊട്ടലുണ്ടെന്ന് എക്‌സറേയിലൂടെ കണ്ടെത്തി.
ഭൂരിഭാഗം ആള്‍ക്കാരോടും നിങ്ങള്‍ക്ക് കുഴപ്പമില്ല. വീട്ടില്‍ ചെന്ന് വിശ്രമിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലരോട് മെഡിക്കല്‍ കോളേജിലേക്ക് പോകാനും ആവശ്യപ്പെടുന്നുണ്ടെന്നും പരിക്കേറ്റവര്‍ പറയുന്നു. മെച്ചപ്പെട്ട ചികിത്സ കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ പരിക്കേറ്റവരെ അവഗണിക്കുന്നത്. മറ്റ് ആശുപത്രികളില്‍ എല്ലാം തന്നെ രോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമ്പോഴാണ് കൊട്ടിയം ഹോളിക്രോസ് ആശുപത്രി അധികൃതര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ഇത്തരത്തില്‍ ചികിത്സാനിഷേധം നടക്കുന്നത് വില്ലേജ് ആഫീസുമായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ട് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിഷുദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചികിത്സാനിഷേധത്തിനെതിരെ ആശുപത്രി അധികാരികളുമായി സംസാരിച്ചു. അധികൃതര്‍ ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് നല്‍കിയെങ്കിലും വീണ്ടും വീണ്ടും ചികിത്സാ നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന സമീപനത്തെ തുടര്‍ന്ന് രോഗികള്‍ സേവാഭാരതിയുമായ് ബന്ധപ്പെടുകയും ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് മീനാട് ഉണ്ണി, ബി.ബി.ഗോപകമാര്‍ ആശുപത്രി അധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് ആവര്‍ത്തിക്കില്ലായെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും മികച്ച ഡോക്ടര്‍മാരുമുള്ള ആശുപത്രിയാണ് ഹോളിക്രോസ്. സേവന സന്നദ്ധത അവകാശപ്പെടുന്ന കന്യാസ്ത്രീ സമൂഹമാണ് ആശുപത്രിയുടെ നടത്തിപ്പുകാര്‍. ഇവരാണ് ഇത്തരത്തില്‍ രോഗികളോട് പെരുമാറുന്നത്. 36 രോഗികള്‍ ഇവിടെ കിടപ്പുണ്ട്. 160 ലേറെ പേര്‍ ഉണ്ടായിരുന്ന ഇവിടെ നിന്നും പലരും അവഗണനയില്‍ മനംനൊന്താണ് മറ്റ് ആശുപത്രികളില്‍ പോയത്.
















