മലയാളത്തിന്റെ മഹര്‍ഷി തൊണ്ണൂറുകളിലേക്ക് കടന്നു. കവി ഋഷി തന്നെയാണെന്ന ചൊല്ല് മനസ്സില്വെച്ചുകൊണ്ടാണിങ്ങനെ പറയുന്നത്. മറ്റുള്ളവര്ക്കായിപൊഴിച്ച ഒരു കണ്ണീര് കണത്തില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ദര്ശിച്ചയാളെ മറ്റെന്തുവിളിക്കും?. ആര്‍ഷചിന്തകളെ കാച്ചിക്കുറുക്കിയതാണല്ലോ അക്കിത്തത്തിന്റെ വാങ്മയം. അതുമലയാള കവിതാവേദിയില്‍ നൂതനമായ അര്‍ച്ചനയായി നമുക്കനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാനുള്ള സഹൃദയത്വമില്ലാത്ത ഒരു സാധാരണക്കാരനാണ് ഈ ലേഖകന്‍. സംഘപഥത്തിലൂടെ യാത്രചെയ്യുന്നതിനിടയിലാണ് അക്കിത്തത്തെ അറിയാനിടവന്നത്. അക്കിത്തം എന്നാലെന്താണെന്നുതന്നെ അന്നറിയില്ലായിരുന്നു. പരമ്പരയായി അഗ്നിയജ്ഞം ചെയ്ത പാരമ്പര്യമുള്ള ഗൃഹമായതുകൊണ്ടാണ് അച്യുതന് നമ്പൂതിരിയുടെ ഗൃഹത്തിന് അക്കിത്തം എന്നപേര് വന്നതത്രെ. എന്തൊരു സൗഭാഗ്യം.
എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ ഗ്രാമമായ മണക്കാട്ട് നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ കുമ്മായം തേയ്ക്കാത്ത ഊട്ടുപുര ഭിത്തിയില്‍ കരികൊണ്ടെഴുതിയ ശ്ലോകം അക്കിത്തത്തിന്റെ ബാല്യകാല കൃതിയായിരുന്നുവെന്ന് ഈയടുത്തകാലത്താണ് മനസ്സിലായത്.
അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
ഇമ്പമോടിഹ കൈവെട്ടാന്‍
തമ്പുരാന് തന്റെ കല്പന
എന്നായിരുന്നു ആ ശ്ലോകം.
ഞങ്ങളുടെ ആ ക്ഷേത്രത്തിന്റെ ഊരാണ്മകളില് ഒന്നായിരുന്നു കുറുമ്പത്തൂര്‍ മനയുടെ മൂലഗൃഹം ഏറനാട്ടുതാലൂക്കില് ആയിരുന്നു. അവിടെ നിന്നാണത്രെ ശ്ലോകം മണക്കാട്ടെത്തിയത്. അവിടത്തെ കുറുമ്പത്തൂര്‍ മനക്കാര്‍ ഇപ്പോള്‍ സ്വന്തം നാട്ടിലേക്കുമടങ്ങിയെന്നാണറിയുന്നത്. എന്റെ ഒപ്പം പ്രഥമ വര്‍ഷ ശിക്ഷണം നേടിയ ശ്രീരാമചന്ദ്ര പ്രഭു കുറുമ്പത്തൂര്‍ ഹൈസ്കൂളില്‍ പ്രഥമാധ്യാപകനായിരുന്നപ്പോള്‍ അവിടെ പോകാന്‍ അവസരമുണ്ടായി.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അയല്‍ക്കാരനായ എം.എസ്. ചന്ദ്രശേഖര വാരിയരുടെ ശേഖരത്തില്‍ നിന്ന് അക്കിത്തത്തിന്റെ സമ്പൂര്‍ണ കൃതികള്‍ വായിച്ചപ്പോഴാണ് അതിന്റെ മാഹാത്മ്യം ശരിക്കും മനസ്സിലായത്. അദ്ദേഹത്തിന്റെ മാഗ്നം ഓപസ് അതിവിശിഷ്ട കൃതി ഏതാണെന്ന് പറയാനുള്ള ശേഷി എനിക്കില്ല. എങ്കിലും തനിക്ക് തൃപ്തി തന്നത് ഭാഗവത വിവര്‍ത്തനമാണെന്ന് അക്കിത്തം പലവുരു പറഞ്ഞത് ഓര്‍മയുണ്ട്. വിവര്‍ത്തനമാണെന്ന് തോന്നാത്ത വിധത്തില്‍ സ്വാഭാവികമായ ഒരു ധാര നമുക്കതില്‍ കാണാന്‍ കഴിയുന്നു. നമുക്ക് ഒട്ടേറെ പ്രസിദ്ധ സംസ്കൃത കൃതികള്‍ വിവര്‍ത്തനം ചെയ്തുതന്നയാളായിരുന്നല്ലോ പരേതനായ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യന് തിരുമുമ്പ്. ഒരുകാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്ന, പിന്നീട് തന്റെ കുലദേവതയുടെ ക്ഷയോന്മുഖമായിപ്പോയ ദേവീ ക്ഷേത്രസന്നിധിയില്വെച്ചുണ്ടായ നിയോഗം മൂലം ദേവീ ഭാഗവതം വിവര്‍ത്തനം ചെയ്തുകൊണ്ടാണ് തിരുമുമ്പ് ഭക്തിമാര്‍ഗ്ഗത്തിലേക്ക് വന്നത്. തുടര്‍ന്നദ്ദേഹം ദുര്‍ഗാസപ്തശതി, ശങ്കരദിഗ്വിജയം, വിഷ്ണുഭാഗവതം തുടങ്ങിയ കൃതികളും വിവര്‍ത്തനം ചെയ്തു. തിരുമുമ്പുമായി എനിക്ക് അടുത്ത പരിചയത്തിനുള്ള ഭാഗ്യം സിദ്ധിച്ചു. ദേവീഭാഗവത വിവര്‍ത്തനം ഉള്ളില്‍ നിന്നുവന്നതായിരുന്നുവെന്ന് വായിക്കുമ്പോള്‍ തന്നെ ബോധ്യമാകും.
വിഷ്ണുഭാഗവതമാകട്ടെ വായിക്കുന്ന അവസരത്തില്‍ അത്രയ്ക്ക് ഉള്ളിലേക്ക് തട്ടുന്നില്ല. സാങ്കേതികമായും ഭാഷാപരമായും അതിന് കുറവുപറയാനില്ല. തിരുമുമ്പ് ഒന്നാന്തരം കവിയും പണ്ഡിതനുമായിരുന്നുതാനും. അക്കിത്തത്തിന്റെ ഭാഗവതം വായിക്കുമ്പോള്‍ മനസ്സില്‍ ശരിക്കും തട്ടുന്നതായി അനുഭവപ്പെടുന്നു.
1970 കളുടെ തുടക്കത്തില്‍ കേസരിവാരികയില് എം.എ. സാറിന്റെ ഒപ്പം ഇരിക്കുന്ന അവസരത്തിലാണ് അക്കിത്തത്തെ നേരില്‍ കാണുകയും പരിചയപ്പെടുകയും ചെയ്തത്. അവിടെ സവിശേഷ സ്വഭാവമുള്ള ഒരു സാംസ്കാരിക, സാഹിത്യകൂട്ടായ്മ സ്വാഭാവികമായി മുളപൊട്ടി വളരുകയായിരുന്നു. അവരില്‍ പലരും ഇടതു രാഷ്ട്രീയ ചായ്വുള്ളവരായി കരുതപ്പെട്ടവരായിരുന്നുതാനും. ആ കൂട്ടായ്മ വളര്‍ന്നുവന്നതാണ് തപസ്യകലാസാഹിത്യവേദിയും അതുമായി ബന്ധപ്പെട്ട നിരവധി പ്രസ്ഥാനങ്ങളും.
മുന്‍കാലങ്ങളില്‍ എല്ലാവര്‍ഷവും കേസരി ലേഖക സദസ് സമ്മേളിക്കാറുണ്ടായിരുന്നു. കേസരി വാരികയില്‍ എഴുതുന്നവര്‍ ഒരുമിച്ച് ഒരുദിവസം ഒന്നിച്ചുകഴിഞ്ഞ് ആശയസംവാദവും ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങളുടെ അവതരണവുമൊക്കെയായി, സൃഷ്ടിപരമായ ഒരു കൂട്ടായ്മയായിരുന്നു അത്. അവിടെ മാര്ഗദര്ശനത്തിന് ഒരിക്കല്‍ പി.വി.കെ. നെടുങ്ങാടിയും അക്കിത്തവും ഉണ്ടായിരുന്നു. അക്കിത്തത്തിന്റെ ആദ്യകാല കവിതകളിലെ
എങ്ങോട്ട് പോകുന്നു മുത്ത്യേമേ
ചാത്തൂനേകണ്ടോ കുട്യോളേ
എന്ന പ്രശസ്തമായ കൃതിയെ തന്റെ വാരികയില്‍ ഹാസ്യാനുകരണം നടത്തിയതിനെ നെടുങ്ങാടി വിവരിച്ചത് വളരെ ഹൃദ്യമായി. കൃതിയും പാരഡിയും രണ്ടുപേരും മഃനപാഠമായി സൂക്ഷിച്ചിരുന്നുവെന്നതാണ് രസകരം (ആ കൃതിയില്‍ ചാത്തുവിന് അമ്പാടിക്കണ്ണന്റെ നിറമാണേ എന്നു മുത്ത്യമ്മ പറഞ്ഞതിനെ മതേതരവിദ്യാഭ്യാസ വകുപ്പ് ഞാവല്പഴത്തിന്റെ ചേലാണേ എന്നു തിരുത്തിയത് വിവാദമായത് ഓര്‍ക്കുമല്ലോ).
വളച്ചുകെട്ടോ, സാഹിത്യപ്രയോഗങ്ങളോ ഒന്നുമില്ലാതെ ഋജുവായ ഭാഷയില്‍, അക്കിത്തം പൊതുവേദികളില്‍ ചെയ്യുന്ന പ്രസംഗങ്ങള്‍ നേരിട്ടു നമ്മുടെ പ്രജ്ഞയിലേക്കു പ്രവേശിക്കുന്ന ആര്ഷവചനങ്ങളാണ്. ജന്മഭൂമി എറണാകുളത്തുനിന്നും ആരംഭിച്ച് ഒരു വാര്ഷികപ്പതിപ്പു പുറത്തിറക്കാന്‍ ആലോചനവന്നപ്പോള്‍ ഒരു കവിതയ്ക്കായി അപേക്ഷിച്ചുകൊണ്ട് അക്കിത്തത്തിന് കത്തയച്ചു. അദ്ദേഹത്തിന്റെ വിലാസം അറിയാത്തതിനാല്‍ ആകാശവാണി തൃശൂര്‍ നിലയം എന്നാണ് കവറില്‍ എഴുതിയത്. ഒരാഴ്ചയ്ക്കകം ഇന്‍ലന്റില്‍ സ്രദ്ധരാവൃത്തത്തിലുള്ള ശ്ലോകമാണ് മറുപടിയായി ലഭിച്ചത്. അതില്‍ വിലാസമുണ്ടായിരുന്നു. നന്ദിക്കത്ത് അയയ്ക്കാന്‍ അമാന്തിച്ചില്ല. പ്രതിഫലം അയച്ചില്ല; അതുകൊണ്ടുള്ള കുറ്റബോധം ഇന്നുമുണ്ടുതാനും.
ജന്മഭൂമി എളമക്കരയില്‍നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ വി.എം.കൊറാത്ത് മുഖ്യപത്രാധിപരായി. സാംസ്കാരിക, സാഹിത്യ, പത്രരംഗങ്ങളിലെ പ്രശസ്തര്‍ ജന്മഭൂമിയിലെ പതിവ് സന്ദര്‍ശകരായി. അദ്ദേഹത്തിന്റെ ജന്മഭൂമിയിലെ മുറിയും വസതിയും സമകാലീന വിഷയങ്ങളുടെ ഊര്‍ജസ്വലമായ ചര്‍ച്ചാവേദിയുമായി. തപസ്യയില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന അക്കിത്തം അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നുവെന്നു പറയേണ്ടതില്ലല്ലൊ.
കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ഒരു ദേശീയ സമാഗമം നാഗ്പൂരില്‍ നടന്നു. കേരളത്തില്‍നിന്ന് പോയവരില്‍ തപസ്യയുടെ സംഘത്തില്‍ അക്കിത്തവുമുണ്ടായിരുന്നു. നാഗ്പൂരിലെ സംഘാധികാരിമാര്‍ ഇപ്രകാരം എത്തുന്ന വ്യക്തികള്‍ക്ക് താമസിക്കാന്‍ അങ്ങേയറ്റത്തെ ഔചിത്യത്തോടെ ഏര്‍പ്പാടുകള്‍ ചെയ്യുന്ന പതിവുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളുടെ ദേശീയരൂപത്തിന് പ്രജ്ഞാഭാരതി എന്ന പേര് ആ പരിപാടിക്കുശേഷമാണ് നിലവില്‍ വന്നതെന്നു തോന്നുന്നു. പരിപാടി കഴിഞ്ഞ് എറണാകുളത്തെത്തിയ അക്കിത്തം കാര്യാലയത്തിലെത്തി കുളിജപാദികള്ക്കുശേഷം കൊറാത്ത് സാറിനെ കണ്ടുവിവരം പറയാനെത്തി.
ഞാനും അവിടെയുണ്ടായിരുന്നു. നാഗ്പൂരിലെ താമസം ഏര്‍പ്പാടാക്കിയിരുന്നത് ഏറെക്കാലം കേരളത്തില്‍ പ്രചാകരനും പിന്നീട് പ്രാന്തപ്രചാരകനുമായിരുന്ന ദത്താജി ഡിഡോള്കറുടെ വീട്ടിലായിരുന്നു. മലയാളത്തില്‍ സംഭാഷണം ശരിക്കും വെടിവട്ടം തന്നെ ആയിരുന്നത്രേ. മുറുക്കും മലയാളശ്ലോകങ്ങളുമൊക്കെക്കൊണ്ട് ദത്താജി അക്കിത്തത്തെ വിസ്മയിപ്പിച്ചുകളഞ്ഞു. തന്നെ മലയാള കവിതയും ശ്ലോകങ്ങളും പഠിപ്പിച്ചവരുടെ കൂട്ടത്തില്‍ ദത്താജി എന്റെ പേരും പറഞ്ഞുവെന്ന് അദ്ദേഹം സൂചിപ്പിച്ചപ്പോള്‍ അല്‍പ്പം ഗമ എനിക്കുമുണ്ടായി.
തൊടുപുഴയ്ക്കടുത്ത് കുടയത്തൂരിലെ സരസ്വതി വിദ്യാലയത്തിന്റെ പുതിയ കെട്ടിടവും ലൈബ്രറിയും മറ്റും ആരംഭിച്ചപ്പോള്‍ ഉദ്ഘാടകനായി എത്തിയത് അക്കിത്തമായിരുന്നു. കുമരനെല്ലുരില്നിന്ന് അത്രദൂരം സഞ്ചരിച്ചെത്തിയതിന്റെ ക്ഷീണം ഒട്ടും കാണിക്കാതെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു. അവിടെയും എന്നെ കണ്ടപ്പോഴത്തെ സന്തോഷം മറക്കാനാവില്ല.
ജ്ഞാനവൃദ്ധനും തപോവൃദ്ധനും പ്രജ്ഞാവൃദ്ധനുമായ അക്കിത്തം ഇപ്പോള്‍ വയോവൃദ്ധന് കൂടി ആയിരിക്കുന്നു. ലോകത്തെ ഏതുരാജ്യത്തെയും ഏതു ഭാഷയിലെയും ഒന്നാന്തരം കൃതികളുടെ മുന്നില്‍ നില്ക്കാന്തക്കവയാണദ്ദേഹത്തിന്റെ കൃതികള്‍. കാലാതീതമായ ഉള്‍ക്കാഴ്ചയും ദീര്‍ഘദര്‍ശിത്വവും കൊണ്ട് അവ അനന്യമായി നില്ക്കുന്നു. അവയെ കണ്ടില്ലെന്നു നടിക്കുന്ന സാഹിത്യത്തമ്പുരാക്കന്മാരെപ്പറ്റി എന്തുപറയാന്‍! നവതിയിലേക്കു പ്രവേശിച്ച മഹാകവിയുടെ ശതാബ്ദജയന്തി വരാന്‍ നമുക്ക് കാത്തിരുന്നുകൊണ്ട്, ആ ഋഷിശ്രേഷ്ഠന് നമോവാകം അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: