വരുണ്‍ കുന്നത്ത്
കോട്ടക്കല്‍: കണി കണ്ടുണരുമ്പോള്‍ പൊട്ടിക്കാന്‍ പടക്കം വേണമെന്ന മലയാളിയുടെ പ്രിയം ഇത്തവണ മനസ്സുകൊണ്ട് മാറ്റി വെച്ച സ്ഥിതിയിലാണ് വിഷുവിന്റെ പടക്ക വിപണി. വ്യത്യസ്ത കമ്പി പൂത്തിരിയും ചൈനീസ് പടക്കങ്ങളും കഴിഞ്ഞ വര്‍ഷം വിപണി കീഴടക്കിയപ്പോള്‍ ഇത്തവണ അതു വാങ്ങാന്‍ പ്രതിക്ഷിച്ചത്ര ഉത്സാഹം ആളുകള്‍ക്കില്ല. കഴിഞ്ഞ വര്‍ഷം ഈ ദിവസം ആയിരങ്ങളുടെ കച്ചവടം നടത്താറുള്ള സ്ഥാനത്ത് ഇന്നിപ്പോള്‍ വളരെ മന്ദഗതിയിലാണ് വില്‍പ്പന
വിഷുവിന് ഓരോ വര്‍ഷവും മലയാളികള്‍ പൊട്ടിച്ച് തീര്‍ക്കുന്നത് ലക്ഷങ്ങളുടെ പടക്കങ്ങളാണ്. മലപ്പുറം ജില്ലയില്‍ പൊതുവെ വില അല്പം കൂടുതലായതിനാല്‍ അധികം പേരും പാലക്കാട് ‘കോഴിക്കോട് ജില്ലകളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളെയാണ് ആശ്രയിക്കാറുള്ളത് എന്നാല്‍ പോലിസ് പരിശോധന കര്‍ശനമാക്കിയതോടെ അതും കുറഞ്ഞതായി മൊത്ത വിതരണക്കാരും പറയുന്നു. കൊല്ലത്തുണ്ടായ അപ്രതിക്ഷിത അപകടം തെല്ലൊന്നുമല്ല പടക്ക വിപണിയെ ബാധിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിഷു വന്നതും പടക്കത്തിനോടുള്ള മലയാളിയുടെ പ്രിയത്തിന് മങ്ങലേല്‍പ്പിച്ചു. കൊല്ലത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പടക്കനിര്‍മ്മാണ കേന്ദ്രങ്ങളിലും ‘ചെറുകിട വില്‍പ്പന ശാലകളിലും പരിശോധനയും സുരക്ഷയും പോലിസ് കര്‍ശനമാക്കിയിട്ടുണ്ട്. എന്നാലും പലയിടങ്ങളിലും പടക്ക വില്പനശാലകള് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ പടക്കം വാങ്ങട്ടെ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന മറുപടിയിലാണ് മിക്ക അമ്മമാര്‍ക്കും. അതുകൊണ്ട് തന്നെ പടക്കത്തിനായി ചിലവഴിക്കുന്ന തുക ലാഭിച്ചതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: