അങ്ങാടിപ്പുറം: വള്ളുവനാടിന്റെ മണ്ണില്‍ വര്‍ണ്ണരാജികളുടെ വിസ്മയം തീര്‍ത്ത് തിരുമാന്ധാംകുന്ന് പൂരത്തിന് വര്‍ണ്ണാഭമായ തുടക്കം. ഭക്തസഹസ്രങ്ങളുടെ ദേവിസ്തുതികളാല് മുഖരിതമായ അന്തരീക്ഷത്തില്‍ ആറാട്ടെഴുന്നെള്ളിപ്പോടെ നടന്ന പൂരം പുറപ്പാട് നാടിനെ ഉത്സവലഹരിയിലാഴ്ത്തി.
നാടും നഗരവും തിരുമാന്ധാംകുന്ന് എന്ന ക്ഷേത്രമുറ്റത്ത് സംഗമിച്ച സുവര്‍ണ്ണ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ജാതിമതഭേദമെന്യേ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഭഗവതിയുടെ സ്വര്ണ്ണതിടമ്പേറ്റിയ പൂരം പുറപ്പാട് ദര്‍ശിച്ചവര്‍ക്ക് ആനന്ദം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ തലയെടുപ്പ് അങ്ങാടിപ്പുറത്തിന്റെ പ്രൗഡി വിളിച്ചോതുന്നതായി.
ആറാട്ടെഴുന്നെള്ളത്തിനും പൂരം പുറപ്പാടിനും ശേഷവും ജനസഹസ്രങ്ങള്‍ ഭക്തിസാന്ദ്രമായ ഈ കുന്നിന് മുകളിലേക്ക് പ്രവഹിക്കുകയായിരുന്നു. നങ്ങ്യാര്‍കൂത്ത്, കൂത്തുപുറപ്പാട്, ഓട്ടന്തുള്ളല്, പാഠകം, നാദസ്വരം, കേളി, കൊമ്പുപറ്റ്, തായമ്പക, പാണ്ടിമേളം തുടങ്ങിയവയായിരുന്നു ആദ്യദിവസത്തെ പ്രത്യേകതകള്‍ പരിപാടികള്‍. ഇനിയുള്ള പത്ത് ദിനരാത്രങ്ങളും അങ്ങാടിപ്പുറത്തിന് ഏറ്റവും പ്രിയപ്പെട്ടതാണ്.
ഇന്നത്തെ പ്രധാന പരിപാടികള്‍ രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്ത്, ഒന്‍പതിന് പന്തീരടി പൂജ, 9.30ന് കൊട്ടിയിറക്കം, വൈകുന്നേരം മൂന്നിന് ചാക്യാറ്കൂത്ത്, നാലിന് ഓട്ടന്‍ തുള്ളല്‍, അഞ്ചിന് നാദസ്വരം, പാഠകം. 5.30ന് സംഗീത കച്ചേരി, 8.30ന് തായമ്പക, കേളി, കൊമ്പുപറ്റ്, 9.30ന് നാലാമത്തെ ആറാട്ടിന് കൊട്ടിയിറക്കം. രാത്രി 10ന് നൃത്ത സംഗീതനാടകം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: