കൊച്ചി: ഭാരതം ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി വളര്‍ന്നിരിക്കുകയാണെന്നും ഈ അവസരം പ്രയോജനപ്പെടുത്തി ബിസിനസ് വിപുലീകരിക്കുകയും വിപണി കൈയടക്കുകയുമാണ് വാണിജ്യസമൂഹം ചെയ്യേണ്ടതെന്നും കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ. എന്‍. രാഘവന്. ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നാം നേടുന്ന സാമ്പത്തിക വളര്‍ച്ച ബ്രിക്സ് രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ബിസിനസ് കൗണ്‍സിലും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും സംയുക്തമായി എക്സിം ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ കൊച്ചിയില്‍ സംഘടിപ്പിച്ച ബ്രിക്സ് വാണിജ്യനിക്ഷേപക പ്രോത്സാഹന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് വാണിജ്യരംഗത്തെ മുന്നേറ്റമാണ് കാണിക്കുന്നതെന്ന് ഡോ. രാഘവന് ചൂണ്ടിക്കാട്ടി.
കടല്‍മാര്‍ഗമുള്ള ആഭ്യന്തര ചരക്കുഗതാഗതത്തെ കസ്റ്റംസ് പരിശോധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയതായി കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. കോസ്റ്റല്‍ ബെര്‍ത്ത് ഉള്ള ഏത് തീരത്തും ഇനി മുതല്‍ ചരക്ക് നീക്കത്തിന് കസ്റ്റംസിന്റെ ഒരു വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കേണ്ടതില്ല. പകരം വെസലിലെ അഡൈ്വസ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതിയാകും.
എക്സിം ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ശങ്കര്‍ ആമുഖ പ്രഭാഷണവും ഫോറിന് ട്രേഡ് ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ആര്. മുത്തുരാജ് ഐടിഎസ് പ്രത്യേക പ്രഭാഷണവും നടത്തി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് കെ. ബി രാജന്, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള റീജിയന് വൈസ് പ്രസിഡണ്ട് അലക്സ് നൈനാന്, കൊച്ചിന് എക്സ്പോര്ട് പ്രൊസസിംഗ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രസിഡണ്ട് കെ. കെ പിള്ള എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: