വിഷു പ്രണയോത്സവമാണ്. കര്ണികാരപുഷ്പങ്ങള്ക്ക് പ്രണയത്തിന്റെ കുളിരാണ്, സുഗന്ധമാണ്. ആ പൂങ്കുലകള്‍ മുഖത്തുഴിയുമ്പോള്, പ്രണയാര്ദ്രനായ പ്രിയന്റെ വിരല്‍ത്തുമ്പു തഴുകും പോലെ ഉടല് തരളിതമാകുന്നു. മേടത്തിന്റെ മടിയില്‍ നിന്നും നീലാംബരത്തെ നോക്കി മിഴിതുറക്കാന്‍ കൊതിച്ചെങ്കിലും നമ്രശിരസ്കയായി നാണിച്ചുകൂമ്പി നില്ക്കുന്ന കണിക്കൊന്നപ്പൂവുകള്‍.
മധ്യവേനലവധിക്ക് പള്ളിക്കൂടം അടച്ചാല്‍ മുറ്റത്തെ കോണില്‍ നില്ക്കുന്ന മാവിന് ചോട്ടില് ‘മാമ്പഴം തരികെന്നു കാറ്റിനോടു കൊഞ്ചിക്കിണുങ്ങി നടന്നകാലം. മാമ്പഴം കവരാനെത്തുന്ന കാകനും പച്ചിലക്കുടുക്കയും ഞങ്ങള്‍ കുട്ടികളെ കൊഞ്ഞനംകുത്തി. തെമ്മാടി ചെക്കന്മാര് അവയ്ക്കു നേരെ കല്ച്ചീളുകള് പായിച്ചൂ. തുടുത്ത മാമ്പഴങ്ങള്‍ കൈവെള്ളയില്‍ ചേര്‍ത്തുടച്ച്, ഞെട്ട് കടിച്ചുതുപ്പി, മൊട്ടിക്കുടിക്കുമ്പോള് കിട്ടുന്ന ആ രസാനുഭൂതികള്‍ അലൗകികമായിരുന്നു, അവാച്യമായിരുന്നു.
ആ പറവകള്‍ തന്നുപോകുന്ന മധുരങ്ങള്‍ പങ്കിട്ട് അന്തിമാനത്തെ ചോപ്പുമായും വരെ ഞങ്ങള്‍ മാഞ്ചോട്ടില്‍ തപസ്സുചെയ്തു. സന്ധ്യവിളക്കിനുമുന്നില് നാമം ജപിക്കുമ്പോഴും മനസ്സു മാഞ്ചോട്ടില്‍ തുള്ളിക്കളിച്ചു. പുലരിയില്‍ കിഴക്ക് മാനം കുങ്കുമക്കുറി പൂശും മുമ്പ് മാവിന്ചോട്ടില് ഞങ്ങള്‍ പാറിയെത്തി. രാവിന് കുളിരില്‍ പഴുത്തടര്ന്നതും വവ്വാല് പൊട്ടിച്ചടര്ത്തിയത്തും പെറുക്കി കോലായില്‍ ഇളന്തിണ്ണയില്‍ നിരത്തിയിട്ടാവും പച്ചീര്‍ക്കിലിയും മാവിലയുമായി പ്രഭാതകൃത്യങ്ങള്‍ തുടങ്ങുക.
മാവിനടുത്തായി നില്ക്കുന്ന മുരിങ്ങയും അപ്പോള്‍ ഗ്രീഷ്മത്തെ വരവേല്‍ക്കാന്‍ പൂത്തൊരുങ്ങി നില്‍ക്കയാവും. വെയില് ഉരുക്കിയടര്ത്തുന്ന വിളറിവെളുത്ത മലരുകളില്‍ ചിലത് അടുത്ത പുലരിയില്‍ മണ്ണില്‍ വീണടിഞ്ഞ് തളര്‍ന്നു കിടക്കുന്നുണ്ടാവും.
കുട്ടിക്കാലത്തെ വിഷു ഓര്‍മ്മകളിലെല്ലാം മുത്തശ്ശിയും കൂട്ടിനുണ്ട്. പുളിയിലക്കരമുണ്ട് കണങ്കാലിനു മുകളില്‍ നില്ക്കും വിധം ചുറ്റിയുടുത്ത്, വെള്ള ചട്ടയണിഞ്ഞാണ് മുത്തശ്ശിയെ കണ്ട ഓര്‍മ്മ. കാതില്‍ വെള്ളക്കല്ലിന്റെ കമ്മലും കഴുത്തില്‍ പതിഞ്ഞുകിടന്നിരുന്ന നൂലുപോലൊരു മാലയും അണിഞ്ഞ് ഐശ്വര്യത്തിന്റെ ദീപ്തമൊരു ചിത്രം പോല്‍ മുത്തശ്ശി.
ഉച്ചമയങ്ങുമ്പോള്‍ തൊടിയില്‍ നിന്നും പഴുത്തടര്‍ന്ന് വീണ തെങ്ങോലയും തണങ്ങും (കവുങ്ങിന്റെ ഓല) ശേഖരിക്കും.
ഓലക്കൈകള്‍ കീറി ചൂലു തീര്‍ക്കുകയോ മെടയാന്‍ ഒരുക്കുകയോ ഒക്കെയാകും. തണങ്ങിന്റെ പാള മുറിച്ചെടുത്ത് ഓല വേലിയില്‍ കൊരുത്തിടും. വരുന്ന വിഷുസംക്രമ സന്ധ്യയില്‍ പന്തങ്ങള്‍ തീര്‍ക്കുക അവകൊണ്ടായിരിക്കും. പാള ചെത്തിമിനുക്കി മനോഹരമായ കൊച്ചു വിശറികള്‍ തീര്‍ക്കാന്‍ മുത്തശ്ശിക്ക് പ്രത്യേക കരവിരുതുണ്ടായിരുന്നു. വൈദ്യുതിയില്ലാതിരുന്ന ആ നാളുകളില്‍ ആ കൊച്ചു പങ്കകളായിരുന്നു ഉഷ്ണം പോക്കാനുള്ള മാര്‍ഗ്ഗം. ഞങ്ങള്‍ കുട്ടികള്‍ രാത്രിയില്‍ ഇറയത്തെ മുറിയില്‍ പായവിരിച്ച് ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. പകലന്തിയോളം കഥപറഞ്ഞും ചിരിച്ചും കളിച്ചും തളര്‍ന്നു വന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കിടക്കാന്‍ നേരമായാല്‍ എവിടെനിന്നില്ലാതെ കഥകള്‍ ഉണരും.
വലംകൈയിലെ വിശറി താളത്തില്‍ വീശി ഞങ്ങള്‍ അടക്കം പറഞ്ഞു തുടങ്ങും. ചില നേരങ്ങളില്‍ കഥകളില്‍ രസിച്ച് ഉറക്കെച്ചിരിച്ചു പോകും. ഒടുവില്‍ ഇളയച്ഛനോ മുത്തശ്ശിയോ എത്തി ശകാരിച്ചടക്കും ഞങ്ങളുടെ കൊച്ചു വികൃതികളെ. മുത്തശ്ശി തീര്‍ത്തു തന്ന വിശറികള്‍ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ കൈവരിച്ചിരുന്നു. പൂവിതളുകള്‍ പോലൊന്ന്, ഇലപോല്‍ മറ്റൊന്ന്, പൂര്‍ണ്ണചന്ദ്രനെപ്പോല്‍ ഇനിയൊന്ന്; അങ്ങനെ ഞങ്ങള്‍ ഭാവനചെയ്യും പോലെ ഓരോ രൂപഭാവങ്ങളില്‍. അയല്‍വീടുകളിലെ ഞങ്ങളുടെ കളിക്കൂട്ടുകാര്‍ക്കും ഇടയ്ക്ക് മുത്തശ്ശിയുടെ സമ്മാനമായി വിശറി കിട്ടിയിരുന്നു. ഓരോരുത്തരും തങ്ങളുടെ വിശറികള്‍ നിധിപോലെ സൂക്ഷിച്ചുവെച്ചു.
വേനല്ക്കൊടുംവെയിലാളി തിളയ്ക്കുന്ന ആ നാളുകളില്‍ വാകയും ശീമക്കൊന്നയും ഒക്കെ തൊടിയില്‍ പൂവിട്ടുനിന്നിരുന്നു. പൂക്കളില്‍ അന്നുമിന്നും പ്രിയങ്കരികള്‍ കണിക്കൊന്നയും ചെമ്പകവും തന്നെ. വിഷു വന്നെത്തുമ്പോള്‍ നാട്ടില്‍ അപൂര്‍വം ചില വീട്ടുമുറ്റത്തു മാത്രം കണിക്കൊന്നകള്‍ പൂത്തു വിരാജിച്ചു.
ജീവിതത്തില്‍ കണിക്കൊന്ന ഒപ്പിച്ച രസകരമൊരു അനുഭവമുണ്ട്. കുഞ്ഞായിരുന്ന ഞാന്‍ കണിക്കൊന്നപ്പൂ കണ്ട് ആരോടോ അതു ഇറുത്തുതരാന് വാശിപിടിച്ചത്രെ. വാശിയില്‍ നിന്നും പിന്തിരിപ്പിക്കാന് അവര്‍ പറഞ്ഞത് അതു സ്വര്ണ്ണപ്പൂവാണ് എന്നാണ് പൊലിപ്പിക്കാന്‍ ഇത്രയും കൂടി ചേര്‍ത്തു.
‘പൊന്നു നട്ടുവളര്‍ത്തി വിരിഞ്ഞ പൂവാണത് അതു പറിച്ചെടുക്കാന്‍ പാടില്ല.’
അന്നു സന്ധ്യക്ക് കുളിക്കാന്‍ വിളിക്കുമ്പോള്‍ എന്റെ കഴുത്തില്‍ ഉണ്ടായിരുന്ന മാല കാണാതെ അമ്മ പരിഭ്രമിച്ചു. എല്ലാവരും തിരഞ്ഞു തുടങ്ങി. തൊടിയിലും മരത്തിലും വയലിറമ്പിലും എന്നു വേണ്ട, പോകാത്ത ഒരിടവും ആ നാളുകളില്‍ ഇല്ലായിരുന്നു. ഞാനാകട്ടെ ഒരു കൂസലുമില്ലാതെ അമ്മയോടു പറഞ്ഞു.
‘അതെങ്ങും പോയില്ലമ്മെ ഞാനതു നട്ടു വെച്ചിട്ടുണ്ട് വലുതാകുമ്പോള്‍ നമുക്കും ഒത്തിരി മാലകിട്ടുമല്ലൊ’.
അമ്മ ഒരു നിമിഷം സ്തബ്ധയായി നിന്നു. തുടര്‍ന്ന് അവിടെ പൊട്ടിയത് ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു. ഞാന്‍ അമ്പരന്നു നിന്നു. കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് എനിക്കമ്മ കഴുത്തില്‍ സ്വര്‍ണ്ണമിട്ടു തന്നത് ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മാത്രമാണ്.
വിഷുവിന് ഞങ്ങള്‍ വീട്ടില്‍ കണിയൊരുക്കിയിരുന്നില്ല.
ആ നാളുകളില്‍ അതുകൊണ്ടുതന്നെ കണിക്കൊന്നകള്‍ ഇറുത്തെടുക്കാന്‍ വീട്ടില്‍ ആരും ഉത്സാഹിച്ചുമില്ല
വിഷു സംക്രമ ദിനത്തില്‍ ഉച്ചമയങ്ങുമ്പോഴേക്കും തണങ്ങുകള് കൊണ്ടു തീര്‍ത്ത പന്തങ്ങളും തൊടിയിലെ കരിയിലകള്‍ അടിച്ചുകൂട്ടിയ കുപ്പക്കുനകളും ഒരുങ്ങിയിട്ടുണ്ടാകും. സന്ധ്യവിളക്കു കൊളുത്തിയാല്‍ അടുത്ത ചടങ്ങ് ഈ കുപ്പകള്‍ക്കും പന്തങ്ങള്‍ക്കും അഗ്നി പകരുകയെന്നതാണ്. രാവേറുമ്പോള്‍ ഇരുളില്‍ ഈ പന്തങ്ങളും കുപ്പകളും എരിയുന്ന സുവര്‍ണ്ണശോഭ മനോഹരമായൊരു ദൃശ്യവിരുന്നു തന്നെയായിരുന്നു.
മുറ്റത്ത് കമ്പിത്തിരികളും മത്താപ്പൂക്കളും മാലപ്പടക്കങ്ങളും കൊണ്ട് ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രകാശചിത്രങ്ങളും. ഇളം തിണ്ണയില്‍ കാറ്റണയ്ക്കാതെ വെച്ച വിളക്കില്‍ നിന്നും കൊളുത്തിയ കമ്പിത്തിരികളും പൂത്തിരികളും ഇരുളില്‍ ചുഴറ്റുമ്പോള്‍ ആ രാത്രി സര്വാലങ്കാരവിഭൂഷിതയാമൊരു നവോഢയായി തീരുന്നു. വാങ്ങിത്തന്ന പടക്കങ്ങള്‍ എരിച്ചുതീര്‍ക്കാന്‍ കൊതിയുണ്ടെങ്കിലും കണികണ്ടുകഴിയുമ്പോള് തെളിക്കാന്‍ ബാക്കി വെയ്ക്കണം എന്ന മുതിര്‍ന്നവരുടെ മുന്നറിയിപ്പിനു മുന്നില്‍ തോറ്റുമടങ്ങുന്നു.
അത്താഴം കഴിഞ്ഞ് അമ്മയോ മുത്തശ്ശിയോ തേച്ചുമിനുക്കിയ നിലവിളക്ക് എണ്ണപകര്‍ന്ന് തിരിയിട്ട് ഒരുക്കി വെയ്ക്കുന്നു. അര്‍ദ്ധരാത്രി പിന്നിടുമ്പോള്‍ ചെറുമഞ്ചലില്‍ ഉണ്ണിക്കണ്ണനെ അണിയിച്ചൊരുക്കി പ്രദേശവാസികളായ ചെറുബാല്യക്കാര് വീടുകള്‍ തോറും കയറിയിറങ്ങുന്നു. വര്‍ണ്ണക്കടലാസിനാല്‍ മോടിപിടിപ്പിച്ച മഞ്ചലില്‍ പഴങ്ങള്‍ കണിവെള്ളരി, ചക്ക, മാങ്ങ കണിക്കൊന്നപൂങ്കുലകള് വാല്‍ക്കണ്ണാടി, പൊന്നും പുതുവസ്ത്രവും നിറദീപവും ചന്ദനത്തിരിയും ഒക്കെ ഒരുക്കിയിട്ടുണ്ടാകും മാലചാര്‍ത്തിയ വിഗ്രഹത്തിനു മുന്നില്‍ ഈ ഒരുക്കങ്ങള്‍ കാണുമ്പോഴൊക്കെ അലൗകികമായൊരു അനുഭൂതി മനസ്സില്‍ നിറഞ്ഞിരുന്നു.
ഉമ്മറത്ത് മഞ്ചല് ഇറക്കി വെച്ച് വീടിനു പിന്നിലെ ഇരുളിന് മറയിലേക്ക് ഒതുങ്ങി നിന്ന്, കൈമണിയും ഗഞ്ചിറയും കൊട്ടി അവര്‍ കണികാണും നേരം പാടുമ്പോള്‍ വീട്ടുകാര്‍ പൂമുഖവാതില്‍ തുറന്ന് നിറദീപവുമായി ഉണ്ണിക്കണ്ണനെ സ്വീകരിക്കുന്നു, തൊഴുതു നമസ്കരിക്കുന്നു. കാണിക്കയര്‍പ്പിക്കുന്നു. നല്ല ഗായകര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എങ്കിലും ഇരുളില്‍ മറഞ്ഞിരുന്നു മാത്രം പാടുന്ന അവരെനിക്ക് ഒരിക്കലും വെളിച്ചപ്പെട്ടില്ല.
ഇനി കൈനീട്ടം വാങ്ങണം. ഒത്തിരി പണം ആ ദിനം കിട്ടിയിരുന്നു അന്നൊരു ദിവസം ആ പണം മുഴുവന്‍ കൈയില്‍ സൂക്ഷിച്ചു വീണ്ടും വീണ്ടും എണ്ണി ഞങ്ങള്‍ ആഹ്ലാദിച്ചു. അടുത്ത പകല്‍ ആ തുകയെല്ലാം അമ്മ വാങ്ങിവെയ്ക്കും എന്ന കാര്യം ഞങ്ങള്‍ക്കറിയാം. എനിക്ക് കൈനീട്ടമായി നോട്ടുകള്‍ വാങ്ങാന്‍ ഇഷ്ടമില്ലായിരുന്നു. നോട്ടുകള്‍ കൊടുത്ത് പകരം നാണയങ്ങള്‍ തരപ്പെടുത്താന്‍ അനുജത്തിമാര്‍ക്ക് കൂടുതല്‍ തുക നല്‍കിയിരുന്നു. വിഷുപ്പുലരിയിലെ ഏറ്റം പ്രിയതരമായ മധുരം അച്ഛനൊരുക്കുന്ന വിഷുക്കഞ്ഞിക്കായിരുന്നു.
ഉണക്കലരിയും, വന്‍പയറും ചേര്‍ത്ത് തയ്യാറാക്കുന്ന ആ വിഭവം വിഷുവിനു മാത്രം കിട്ടിയിരുന്ന ഒന്നാണ്. വിവാഹിതയായി ഭര്‍തൃഗൃഹത്തില്‍ എത്തിയതോടെ ആ മധുരം നിലച്ചു. അവിടെ വിഷുവിനു പായസമാണുണ്ടാക്കുക. പിന്നെ പകല്‍ മുഴുവന്‍ ഊഞ്ഞാലില്‍ കുതിക്കും മുറ്റത്ത് തെക്കുവടക്കായി, മാവിനു സമാന്തരമായി നിരയിട്ടു നില്ക്കുന്ന കവുങ്ങുകളില്‍ വലിയ ഊഞ്ഞാല് തീര്‍ത്തു തന്നു അച്ഛന്. അയല്‍വീട്ടിലെ കൂട്ടുകാര്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാന്‍ വാശിപിടിച്ച് അവരുമായി കൊതികുത്തി പിണങ്ങി വിതുമ്പിയപ്പോള്‍ അച്ഛന് ഉറപ്പുള്ള മനോഹരമായ ഊഞ്ഞാള് തീര്‍ത്തു തന്നു. ആ വിധം സുന്ദരമൊരൂഞ്ഞാല് മറ്റാര്‍ക്കും ഇല്ലായിരുന്നു. പിണങ്ങിനിന്ന കൂട്ടുകാരെല്ലം അടുത്തുകൂടി.
പിന്നീട് ആ ഊഞ്ഞാല്‍പ്പടി ഒരിക്കലും അനാഥമായില്ല. പകലെരിഞ്ഞുതീരുമ്പോള് മനസ്സും നിറംകെട്ട ശീലപോലെ മുഷിയും. ഇനിയൊരു സംവത്സരം മുഴുവന്‍ കാത്തിരിക്കണമല്ലൊ ഒരു വിഷുപ്പുലരി വിരുന്നിനെത്താന്‍.
ബാല്യം കൗമാരത്തിനു വഴിമാറിയപ്പോള്‍ ഏതൊരു പെണ്‍കുട്ടിയെയും പോലെ ഞാനും ഒരു പ്രണയിനിയാകാന്‍ കൊതിച്ചു. ഒരു വിഷുനാളില്‍ വായിച്ചൊരു കഥയാണ് അങ്ങനെയൊരു മോഹത്തിനു നാമ്പൊരുക്കിയത്. കഥയിങ്ങനെ പോകുന്നു. വടക്കുകിഴക്കന്‍ മലനിരകളിലെ സര്‍വകലാശാലകളിലൊന്നില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ മുറച്ചെറുക്കനില്‍ നിന്നും, ഗ്രാമീണസുന്ദരിയായ ആ നായിക ആദ്യചുംബനം ഏറ്റുവാങ്ങിയത് ഒരു വിഷുപ്പുലരിയില്‍ കണിക്കൊന്ന പൂക്കള്‍കൊണ്ട് അണിയിച്ചൊരുക്കിയ വള്ളിക്കുടിലില്‍ വെച്ചാണ്. പ്രണയാര്ദ്രയായ അവള് മറ്റൊരു കണിക്കൊന്നയായി പൂത്തുലഞ്ഞു നിന്നു.
അവനു വേണ്ടി ആ പെണ്‍കുട്ടി കാത്തിരുന്നു. ഗവേഷണത്തില്‍ തനിക്കൊപ്പം സഹായിയായി വന്ന ഒരു നേപ്പാളി പെണ്‍കുട്ടിയില്‍ അനുരക്തനായ കാമുകന് മുറപ്പെണ്ണിനെ മറന്നു. ഇങ്ങനെ പോകുന്നു ഒരു വെറും പൈങ്കിളിക്കഥ പോലെയത്. കര്ണികാരങ്ങള് പൂവിടുന്ന ഓരോ വിഷുവിലും ഒരു പ്രണയസമ്മാനം ഞാന്‍ കൊതിച്ചു. എന്റെ പ്രണയസാക്ഷാത്കാരത്തിനു സാക്ഷ്യം വഹിക്കാനെന്നപോല് മലര്‍ന്ന ഓരോ പൂവിതളും എന്നോടു മന്ത്രിച്ചു, ‘
‘നിനക്കു പ്രണയത്തിന്റെ മധുരം കൈനീട്ടമായി നല്കാന് അവനിനിയും വന്നെത്താത്തതെന്തെ?’
ജീവിതത്തിന്റെ സായാഹ്നമാകുന്നു. കൗമാരകുതൂഹലമായി ആ സ്വപ്നം എന്നില്‍ ശേഷിക്കുന്നു. മനസ്സില്‍ ഇന്നും ആ കൗമാരക്കാരി കാത്തിരിക്കുന്നു.
മേടത്തിനും വിഷുവിനും കര്ണികാരങ്ങള്ക്കും നിറമറ്റുതുടങ്ങിയിരിക്കുന്നു. കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകള്‍ കണിയൊരുക്കാന്‍ വിഷു എത്താത്ത പ്രകൃതിയുടെ കണ്ണുനീരുപോലെ കൊഴിഞ്ഞുപോകുന്നു. കര്‍ക്കിടകത്തിന്റെ കറുത്തമാരിയിലുംപൂവിട്ടുപോയ ജാള്യതയില്‍ വഴിയരികില്‍ വിളറി നില്ക്കുന്നു. പ്രിയ കവി ഒ എന്‍ വി പാടിയതുപോല്‍,
നിറങ്ങള്‍ തന് നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ പക്ഷികള്‍ പുനര്‍ജനിക്കുമോ?
മറഞ്ഞ സന്ധ്യകള്‍ ഇനിയുമെത്തുമോ?
മേടത്തില് കണിയൊരുക്കാന്‍, വിത്തും കൈക്കോട്ടും പാടാന്‍ വിഷുപക്ഷിയെ കാത്തിരിക്കുന്ന, കര്ണികാരങ്ങള് പൂവിടുന്ന ആ പഴയപുലരികള് ഇനിയുമെത്തുമോ? എന്റെ പ്രണയസ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: