അങ്ങാടിപ്പുറം: അരിപ്ര പള്ളിപ്പടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട യാത്രക്കാരെ രക്ഷിക്കുന്നതിനായി അഗ്നിശമന സേനയുടേയും പോലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സ്കൂള്‍, ട്യൂഷന് വിദ്യാര്‍ത്ഥികളും അന്യസംസ്ഥാനക്കാരായ തൊഴിലാളികളുമായിരുന്നു യാത്രക്കാരിലേറെയും. പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎല്‍ 53 ഡി 4616 ക്ലാസിക് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിലിടിക്കുകയും നിയന്ത്രണം വിട്ട് നിര്‍മാണത്തിലിരിക്കുന്ന അരിപ്ര ജുമുഅത്ത് പള്ളിയുടെ ഗേറ്റിനോടനുബന്ധിച്ചുള്ള മിനാരത്തിലേക്ക് ഇടിച്ച് കയറി മറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിന് മേലേക്ക് പതിച്ചു. ഭീമന് കോണ്‍ഗ്രീറ്റ് സ്ലാബടക്കം ബസിന് മേലെ തകര്‍ന്ന് വീണു. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രണ്ട് ജെ സിബികളടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അമിതവേഗതയും മറ്റൊരുവാഹനത്തെ മറികടന്നതുമൂലവുമാണ് അപകടം സംഭവിച്ചെതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടര മണിക്കൂറിന്റെ പരിശ്രമഫലമായാണ് സ്ലാബിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ അനൂപിനെ പുറത്തെടുത്തത്.
പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്ഡ്രൈവര്‍ അനൂപ് (35), സുരേഷ് ബാബു (38), തെക്കേ വീട്ടില്‍ ഹൗസ്, സിറാജുദ്ദീന് (28) കൂര്ക്കാശാലില് വടകര, കലാം (50) ബംഗാള്‍, കൃഷ്ണന് (53) നേര്ത്താക്കുണ്ടില് പടിഞ്ഞാറ്റുംമുറി, കാര്‍ത്തിക് (23) തൃച്ചി, വെങ്കിട്ട് (28)തൃച്ചി, മുഹമ്മദ് റഷീദ് (22) കോലോതൊടി പുഴക്കാട്ടിരി, മുഹമ്മദ് ഇര്‍ഷാദ് (24) കോലോതൊടി, ശങ്കരന് (36) മലപ്പുറം, പെരുമാള്‍ (50) പെരിന്തല്‍മണ്ണ, ഗൗതം (20) തമിഴ്നാട്, ശങ്കര്‍ (36) മലപ്പുറം, തങ്കമലര്‍ (42) തമിഴ്നാട്, രഘു(23) മലപ്പുറം, വിസ്മയ (14) ആലുക്കുന്നപ്പറമ്പില് അരിപ്ര എന്നിവരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: