പരപ്പനങ്ങാടി: ഒടുവില്‍ മണ്ഡലത്തിന്റെ മനമറിഞ്ഞ വനിതയെ തന്നെയാണ് തിരൂരങ്ങാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത്. പത്ത് വര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഗീതാമാധവന് കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അഴിമതിയും സ്വജനപക്ഷാപാതവും നേരില്‍കണ്ട് നെറികേടിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിടപറഞ്ഞ് ബിജെപിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ട് രണ്ടിരട്ടി വര്‍ദ്ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് താനാളൂര്‍ പഞ്ചായത്തിലെ വട്ടത്താണി സ്വദേശിയായ ഗീതാമാധവന്.
മണ്ഡല ചരിത്രത്തില്‍ ഇന്നോളം ലീഗിനൊപ്പം നിന്ന തിരൂരങ്ങാടിക്കാരുടെ മനസ്സ് ഇപ്പോള്‍ തികഞ്ഞ അസംതൃപ്തി പ്രകടമാണ്. തീരദേശത്ത് നിന്നും എന്നും മൃഗീയ ഭൂരിപക്ഷം നേടിയിരുന്ന ലീഗിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറച്ച് വിയര്‍പ്പൊഴുക്കേണ്ടി വന്നു. പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ സ്ഥലം മാറ്റിയ എംഎല്‍എ കൂടിയായ മന്ത്രിയുടെ പക്ഷാപാതപരമായ നിലപാട് തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്. ബിജെപിക്കുവേണ്ടി പി.ടി.ആലിഹാജി തിരൂരങ്ങാടിയില്‍ നിന്നും മത്സരിക്കുമ്പോഴാണ് ഹാര്‍ബര്‍ സംബന്ധിച്ച പ്രാരംഭ നടപടികള്‍ തുടങ്ങുന്നത്. ജയിച്ചാലും തോറ്റാലും ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ബിജെപി തീരദേശ ജനതക്ക് വാക്കുനല്കിയിരുന്നു. പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കാനും ബിജെപിക്കായി. ഹാര്‍ബറിന്റെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ക്ക് ബിജെപിയുടെ ഇടപെടല്‍കൊണ്ട് ഗതിവേഗം കൂടി. പറയുന്നത് പ്രവര്‍ത്തിക്കുന്ന ബിജെപിയിലാണ് പ്രതീക്ഷയെന്ന് മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നു. കുടിവെള്ളം, ശൗചാലയങ്ങള്‍, തീരദേശ വികസനം, വനിതാ പ്രാതിനിധ്യം, തൊഴില്‍ സംരംഭങ്ങള്‍, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ ഭരിച്ചവര്‍ക്കായിട്ടില്ല.
എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐക്ക് വിട്ടുകൊടുത്ത തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ താരമൂല്യമുള്ള സിപിഐക്കാരന് ഇല്ലാത്തതിനാലും ചാവേറാകാന്‍ മാത്രം നേതാക്കള്‍ തയ്യാറാകാത്തതുമാണ് ഇവിടെ കോണ്‍ഗ്രസുകാരനായ വ്യവസായി നിയാസ് പുളിക്കലകത്തിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പരപ്പനങ്ങാടി നഗരസഭയില്‍ പരീക്ഷിക്കപ്പെട്ട വികസനമുന്നണി തന്ത്രത്തിന് നേതൃത്വം നല്‍കിയത് നിയാസാണ്. സമ്പന്നതയുടെ രാഷ്ട്രീയമല്ല സാധാരണക്കാരന് വേണ്ടതെന്നും അടിസ്ഥാന വിഷയത്തിന്മേലുള്ള പരിഹാരം കണ്ടെത്തിയതിന് ശേഷമുള്ള വികസനമാണ് ജനം ആഗ്രഹിക്കുന്നതെന്നുമാണ് മണ്ഡലത്തിലെ വോട്ടുചര്ച്ചകളില് നിന്നും വ്യക്തമാകുന്നത്. തിരൂരങ്ങാടിയിലെ കോണ്‍ഗ്രസുകാര്‍ പകുതി എല്‍ഡിഎഫിനൊപ്പമാണ്. ഒത്തുകളിയുടെ കൂത്തരങ്ങായ മണ്ഡലത്തില്‍ ബിജെപി വേറിട്ടൊരു പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: