ഇടുക്കി: മറയൂരില്‍ കടുത്ത വേനലില്‍ കരിമ്പിന് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ദുരിതം വിട്ടൊഴിയാതെ കരിമ്പ് കര്‍ഷകര്‍. തമിഴ്നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ വരവ് മറയൂര്‍ ശര്‍ക്കരയുടെ വിപണിയെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് കടുത്ത വേനലും ജലദൗര്‍ലഭ്യവും എത്തിയതോടെ ഏക്കറുകണക്കിന് തോട്ടങ്ങളിലെ കരിമ്പുകള്‍ കഴിഞ്ഞുണങ്ങുന്നത്. ജലം ദൗര്‍ലഭ്യം വര്‍ദ്ധിച്ചു വരുന്നതോടെ കരിമ്പിന്റെ വിളവെടുപ്പും മുടങ്ങിക്കിടക്കുയാണ്.
ഇതോടെ ശര്‍ക്കരയുടെ ഗുണനിലവാരം കുറയുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. നിരവധി ജലസേചന പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇവയൊന്നും കര്‍ഷകര്‍ക്ക് വേണ്ട രീതിയില്‍ പ്രയോജന പെടുന്നില്ല. ഇടതുകര കനാല്‍ നിര്‍മ്മിച്ച് മറയൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ ശ്രമം നടന്നെങ്കിലും ഇത് എങ്ങും എത്തിയിട്ടില്ല.
കൂടാതെ കനാലിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് കിടക്കുന്നതും വെള്ളം തുറന്ന് വിടുന്നതിന് തടസമാകുകയാണ്. ഇതോടൊപ്പം കനാന്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായും ഇതാണ് കനാലിന്റെ നാശത്തിന് വഴിയൊരുക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അതേ സമയം വര്‍ഷം ചെല്ലുന്തോറും മറയൂരിലെ കരിമ്പ് കൃഷി കുറഞ്ഞ് വരുകയാണ്. അധികൃതരുടെ അവഗണന, ജലദൗര്‍ലഭ്യം, കൃഷി നാശം, വിലയിടിവ് എന്നിവയാണ് കരിമ്പിന് കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ആന കാട്ടുപോത്ത്, പന്നി എന്നിവയുടെ ശല്യം വേനല്‍ക്കാലം ആയതോടെ വര്‍ദ്ധിച്ചതായും കര്‍ഷകര്‍ പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ സാമ്പത്തിക സഹായവും ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു. ദിവസം ചെല്ലുതോറും നാവിന് രുചികരമായ മറയൂര്‍ ശര്‍ക്കര കര്‍ഷകര്‍ക്ക് ജീവിതത്തില്‍ കയ്ക്കുന്ന അനുഭവമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: