ചേര്‍ത്തല: തെരഞ്ഞെടുപ്പ് ചൂട് സോഷ്യല്‍ മീഡിയകളിലും. 36 ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഫേയ്‌സബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തെ ഏറ്റെടുത്ത് കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ പ്രചരണവും, പ്രവര്‍ത്തനങ്ങളുമെല്ലാം ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കുകയാണ്. ചേര്‍ത്തല മണ്ഡലത്തിലെ എംഎല്‍എ പി.തിലോത്തമന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത് പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍
പ്രചരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാണാതിരുന്ന മാലിന്യം വോട്ടിനു വേണ്ടി നീക്കം ചെയ്യുന്ന എംഎല്‍എ എന്ന തലക്കെട്ടോടെ ഇറങ്ങിയ പോസ്റ്റ് നിരവധി പേരാണ് ലൈക്കും, ഷെയറും നല്‍കി സ്വന്തമാക്കിയത്. സൈബര്‍ സേനയുടെ പേരിലാണ് പോസ്റ്റിറങ്ങിയതെങ്കിലും നിരവധി ഗ്രൂപ്പുകളില്‍ സംഭവം ചര്‍ച്ചയായിട്ടുണ്ട്. അരൂര്‍ എംഎല്‍എ ആരിഫിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല.
തുറവൂര്‍ കളരിക്കല്‍ ക്ഷേത്രത്തില്‍ വോട്ട് തേടിയെത്തിയ ജനപ്രതിനിധി കളറില്‍ മുങ്ങിക്കുളിച്ചു നിന്ന് ചെണ്ട കൊട്ടുന്ന ഫോട്ടോയും പോസ്റ്റും പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വോട്ടു സ്‌പെഷല്‍ എന്ന പേരിലിറങ്ങിയ പോസ്റ്റ് കാഴ്‌ച്ചക്കാരില്‍ ചിരിയുളവാക്കി. ശബരിമലയ്‌ക്ക് മാല ഇട്ടവനെയും, ഗണപതിഹോമം നടത്തുന്നവനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ചരിത്രമുള്ള സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് നാടകങ്ങള്‍ കണ്ട് മയങ്ങില്ല എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഇറങ്ങിയത്.
മണ്ഡലത്തിലുള്ളവരെ പത്ത് വര്‍ഷം ചെണ്ടകൊട്ടിച്ചത് പോരേ എന്നാണ് ഒരു വിരുതന്‍ പോസ്റ്റില്‍ കമന്റിട്ടത്. സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് ആഘോഷമാകുകയാണ്.
സ്വന്തം സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പേജുകളും, ഗ്രൂപ്പുകളുമായി എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും നവ മാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു.
















