ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പോളിങ് ജോലിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ ആദ്യഘട്ട നിയമന ഉത്തരവ് വിതരണത്തിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി. 8,887 പോളിങ് ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്.
2,368 പേരെ റിസര്‍വ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.2,061 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ്, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാരെയും 2,052 തേഡ് പോളിങ് ഓഫീസര്‍മാരെയും 652 ഫോര്‍ത്ത് പോളിങ് ഓഫീസര്‍മാരെയുമാണ് പോളിങ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുന്നത്. 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് ബൂത്തുകളിലാണ് ഫോര്‍ത്ത് പോളിങ് ഓഫീസറെ നിയോഗിക്കുക.
എല്ലാ ഇ.ആര്‍.ഒ. മാര്‍ക്കും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് പോസ്റ്റിങ് ഓര്‍ഡര്‍ അയച്ചു. ഇആര്‍ഒമാര്‍ പോസ്റ്റിങ് ഓര്‍ഡര്‍ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനമേധാവികളെ ഏല്‍പ്പിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണം. അതത് സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് കൈമാറിയശേഷം വിവരം ഇആര്‍ഒമാരെ അറിയിക്കണം.
















