കോഴിക്കോട്:മുന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന പി.കെ. സുപ്രന്‍ ബാലുശ്ശേരി സംവരണ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.കോണ്‍ഗ്രസിന്റെ പിന്നാക്ക വിഭാഗങ്ങളോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ചും മുസ്ലിം ലീഗിന് അടിയറ പറയുന്ന രാഷ്‌ട്രീയ സമീപനത്തിലും പ്രതിഷേധിച്ച് ഈയിടെയാണ് സുപ്രന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. 1980 ല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച സുപ്രന്‍ വടകര, മാവേലിക്കര, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഡിഇഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, വയനാട് , കോഴിക്കോട് എന്നീ ജില്ലകളില്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചു. പരീക്ഷാ ഭവനില്‍ ജോയിന്റ് കമ്മീഷണര്‍, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ സേവനമനുഷ്ഠിച്ച ശേഷം അഡീഷണല്‍ ഡയറക്ടറായാണ് സര്‍വീസില്‍ നിന്ന് ഇദ്ദേഹം വിരമിച്ചത്.
വട്ടോളി ബസാര്‍ നാളികേര ഉല്‍പ്പാദക സംഘം പ്രസിഡന്റ്, ബാലുശ്ശേരി വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ്, എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ താമസിക്കുന്ന ഇദ്ദേഹം എം.എ. ബിഎഡ് ബിരുദധാരിയാണ്. ബാലുശ്ശേരിയിലെ സംവരണ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തന്നെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളെ മുഖ്യ ധാരയിലെത്തിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മാറ്റത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നാട്ടുകാരനെന്ന നിലക്ക് ബാലുശ്ശേരിയിലെ വോട്ടര്‍മാരുടെ പി ന്തുണ തനിക്കുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
















