കൊട്ടാരക്കര: രശ്മിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും മാറ്റിയതിനെതിരെ കലാപം രൂക്ഷം. നിയുക്ത സ്ഥാനാര്‍ത്ഥിക്ക് ഡിസിസി പ്രസിഡന്റിന്റെ തെറിയഭിഷേകം. കൊടിക്കുന്നിലിന്റെ നോമിനിയായ കുളക്കട ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗം കൂടിയായ രശ്മിയായിരുന്ന യുഡിഎഫിന്റെ കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥി ആകുമെന്ന കൊടിക്കുന്നിലിന്റെ വ്യക്തമായ ഉറപ്പില്‍ ഇവര്‍ രണ്ട് പഞ്ചായത്തുകളില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണവും നടത്തിയിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ അന്തിമപ്രഖ്യാപനം വന്നപ്പോള്‍ ആദ്യപേരുകാരിയായ രശ്മിയെ വെട്ടി സുധീരന്റെ താല്‍പര്യപ്രകാരം സവിന്‍സത്യനെ സ്ഥാനാര്‍ത്ഥിയാക്കി. തന്റെ നോമിനിയെ വെട്ടിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി വിട്ട കൊടിക്കുന്നില്‍ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. തന്റെ നോമിനി സ്ഥാനാര്‍ത്ഥി അല്ലാതായത് കൊട്ടാരക്കരയിലെ തന്റെ മേധാവിത്വത്തിന് കോട്ടം തട്ടുമെന്ന് ഭയന്ന് നേതാവ് ഏറെ ക്ഷുഭിതനായിരുന്നു. അടുത്ത അനുയായികള്‍ ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മെല്ലെപ്പോക്ക് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ചിലര്‍ തന്റെ ഏരിയയിലെ വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിച്ചുനല്‍കാനും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നേതാവിന്റെ സമ്മതത്തോടെയാണ് ചര്‍ച്ചകള്‍. ചിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിളിച്ചും പിന്തുണ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. ഇതിനിടയിലാണ് പ്രഖ്യാപനത്തിന് ശേഷം പ്രസിഡന്റിനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചരണം ആരംഭിക്കാന്‍ സവിന്‍സത്യനും ചില നേതാക്കളും എത്തിയത്. സ്ഥാനാര്‍ത്ഥിയെ കണ്ടപാടെ നേതാവ് പൊട്ടിത്തെറിക്കുക്കയായിരുന്നു. നീ ആരാണ്, നിന്നെ ആരാണ് സ്ഥാനാര്‍ത്ഥിയാക്കിയത്, ഇവിടെ എന്തുകാര്യം തുടങ്ങി ഏറെനേരം സത്യനുനേരെ ചീറിയടുത്തു. നേതാവിനെ ഭയന്ന് ആരുമൊന്നും പറഞ്ഞതുമില്ല. തെരഞ്ഞെടുപ്പില്‍ പാരയായാലോ എന്ന് നിനച്ച് ആരും പരാതിയും നല്‍കിയതുമില്ല. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തങ്ങളുടെ നേതാക്കളുടെ ചെവിയില്‍ സംഭവം എത്തിച്ചെങ്കിലും ഇലക്ഷന്‍ കഴിയട്ടെ എന്നായിരുന്നു ഉപദേശം. കോണ്‍ഗ്രസിന്റെ കൊട്ടാരക്കരയിലെ തെരഞ്ഞെടുപ്പ് രംഗം ഇതോടെ ഗ്രൂപ്പ് വഴക്കിന്റെ വേദിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. വിമതസ്ഥാനാര്‍ത്ഥി മത്സരംഗത്തിറങ്ങാനും സാധ്യതകള്‍ ഉള്ളതായി സൂചനയുണ്ട്. ചടയമംഗലത്തുള്‍പ്പടെ വിമതന്‍ രംഗത്തിറങ്ങി കഴിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കലാപം കൂടുതല്‍ രൂക്ഷമാകുകയാണ്. ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയുള്ള ഒത്തുകളിമൂലമാണ് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പലയിടത്തും മാറ്റി നിര്‍ത്തി നേതാക്കളൂടെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെ പറയുന്നു.
















