കൊട്ടാരക്കര: കൊല്ലം റൂറല്‍ എസ്പിയായി അജിതാബീഗം ചാര്‍ജെടുത്തു. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്നതായി അവര്‍ പറഞ്ഞു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് പ്രത്യേക ചെക്ക്‌പോസ്റ്റ് തന്നെ പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ പ്രശ്‌നബാധിതമായ ബൂത്തുകളുടെ കണക്കെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കമ്മീഷന്റെ നിയന്ത്രണത്തില്‍ ഓരോ മണ്ഡലത്തിലും മൂന്ന് സ്‌ക്വാഡുകള്‍ വീതം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാറണ്ടുള്ളതും പ്രശ്‌നക്കാരുമായ ആളുകളെ അറസ്റ്റ്‌ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും റൂറല്‍ ജില്ലയില്‍ മാത്രം 75 സ്‌ക്വാഡുകള്‍ സജീവമായുണ്ട്.
വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗം തടയാന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും റെയ്ഡും ഊര്‍ജ്ജിതമാക്കും. ആധുനിക രീതിയിലാണ് കഞ്ചാവ് മാഫിയ കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മദ്യം പോലെ ഉപയോഗിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നത് കഞ്ചാവ് ഉപയോഗത്തെ വ്യാപകമാക്കുന്നു. തിരിച്ചറിയുമ്പോഴേക്കും കുട്ടികള്‍ ഇതിന് അടിമകളായിരിക്കും. ഇതിന് തടയിടാന്‍ സ്‌കൂള്‍ കോളേജ് അധികൃതര്‍ക്കും ര്ക്ഷിതാക്കള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഉറവിടം കണ്ടെത്തി കഞ്ചാവ് മാഫിയയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണന്നും എസ്പി പറഞ്ഞു.
















