Categories: Wayanad

രേഖകളില്ലാതെ പിടികൂടിയത് 33.36 ലക്ഷം രൂപ

Published by

 

കല്‍പ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇതുവരെ പിടികൂടിയത് രേഖകളില്ലാതെ കടത്തിയ 33,36,000 രൂപ. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ അഞ്ച് വരെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്‌ളെയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ട് പോവുകയായിരുന്ന തുക പിടികൂടിയത്. ലക്കിടി, ബീനാച്ചി, ബോയ്‌സ് ടൗണ്‍ നിരവില്‍പ്പുഴ വാളാംതോട്, മുത്തങ്ങ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്. വൈത്തിരി അഡീഷണല്‍ തഹസില്‍ദാര്‍ ചാമിക്കുട്ടി, മാനന്തവാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.എം. രാജു, ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. ഇതില്‍ ഏറ്റവും വലിയ പണവേട്ട നടന്നത് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വെച്ചണ്. 12.47 ലക്ഷം. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറില്‍ നിന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൂന്ന് തവണയും ബത്തേരി നിയോജക മണ്ഡലത്തില്‍ രണ്ട് തവണയുമാണ് രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 22ന് – 1.94 ലക്ഷം, 29 ന് 1 ലക്ഷം, ഏപ്രില്‍ രണ്ടിന് മൂന്ന് ലക്ഷം. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ രണ്ടിന് തലപ്പുഴ ബോയ്‌സ് ടൗണില്‍ വെച്ച് നാല് ലക്ഷം, ഏപ്രില്‍ നാലിന് മൂന്ന് ലക്ഷം. അഞ്ചിന് അഞ്ച് ലക്ഷം. ബത്തേരി നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 31ന് 2.95 ലക്ഷം. ഏപ്രില്‍ 2ന് 12,47,000. കാറിലും ബൈക്കിലുമായി കടത്തിയ പണമാണ് ഫ്‌ളെയിംഗ് സ്‌ക്വാഡ് കണ്ട്‌കെട്ടിയത്. കേസ് ന്യായമാണെങ്കില്‍ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് പണം തിരികെ നല്‍കും. ഇതിനായി വയനാട്ടില്‍ അപ്പീല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു കേസുകളില്‍ ഏഴ് പേരും പണത്തിന്റെ രേഖകള്‍ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച് മുറക്ക് പണം തിരികെ നല്‍കിയതായി അപ്പീല്‍ കമ്മിറ്റി കണ്‍വീനറും കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസറുമായ എംകെ രാജന്‍ പറഞ്ഞു.

ഇതേസമയം മുത്തങ്ങ ചെക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയ 12,47000 രൂപ ആദായ നികുതി വകുപ്പിന് കൈമാറി. അമ്പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം വരെയുള്ള കേസുകളാണ് അപ്പീല്‍കമ്മിറ്റി തീര്‍പ്പാക്കുക. ഇതിന് മുകളില്‍ വരുന്ന തുക ആദായ നികുതി വകുപ്പിന് കൈമാറും. കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ എംകെ രാജന്‍ കണ്‍വീനറായ അപ്പീല്‍ കമ്മിറ്റിയില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക സ്‌ക്വാഡുകള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും പരിശോധന ഊര്‍ജ്ജിതമായി തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts