കുന്നത്തൂര്‍: ശൂരനാട് വടക്ക് പഞ്ചായത്തിലെ എസ്എന്‍ പുരം, ആനയടി, കണ്ണവം, പാറക്കടവ് എന്നീ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. അതിന്റെ തുടര്‍ച്ചയായി പ്രദേശത്തെ വീടുകള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങളും പതിവായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വയലുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് സംഘങ്ങള്‍ തമ്പടിക്കുന്നത്. ചെറിയ പൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതായാണ് വിവരം. അന്യസംസ്ഥാനതൊഴിലാളികളും ചെറുപ്പക്കാരുമാണ് പ്രധാന ഉപഭോക്താക്കള്‍. പ്രദേശവാസികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും ഇവിടെ നിത്യസംഭവമായി മാറിയിട്ടുണ്ട്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേര്‍ക്ക് കല്ലെറിഞ്ഞ് കേടുപാട് വരുത്തുക, സ്ത്രീകളെ അസഭ്യം പറയുക തുടങ്ങിയ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി എസ്എന്‍ പുരം അമൃത ‘ജനമഠത്തിന് സമീപത്തെ കളീക്കല്‍ വടക്കതില്‍ രാജശേഖരന്‍പിള്ളയുടെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. കല്ലേറില്‍ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലെ വളര്‍ത്തുനായയെയും ഇവര്‍ ആക്രമിച്ചു. ഒരുമാസത്തിനിടയില്‍ അഞ്ചോളം വീടാക്രമണകേസുകളാണ് ശൂരനാട് പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ പോലീസ്, എക്‌സൈസ് പരിശോധന രാത്രികാലത്ത് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















