പുല്‍പ്പള്ളി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനിഗിരിയിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്നതായി പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്കി. ബ്രേക്കര്‍ ഉപയോഗിച്ച് പാറ ഇടിക്കുകയും രാവും പകലുമെല്ലാം വന്‍ സ്ഫോടനത്തോടെ ക്വാറി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പ്രദേശവാസികള്‍ക്ക് ദുരിതം സമ്മാനിക്കുന്നു. പകല്‍ സമയങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് പാറക്കല്ലുകള്‍ തെറിച്ചുവീഴുന്നത് കര്‍ഷകരുടെ ജീവനും ഭീഷണിയാവുന്നു. സ്ഫോടന സമയത്തുണ്ടാകുന്ന കറുത്ത പൊടിപടലങ്ങള്‍ ശ്വസിച്ചുണ്ടാകുന്ന അലര്‍ജി രോഗങ്ങളാല്‍ പൊറുതിമുട്ടുകയാണ് പ്രദേശവാസികള്‍. വീടുകള്‍ ക്വാറി പ്രവര്‍ത്തനം മൂലം വിണ്ടുകീറി താമസയോഗ്യമല്ലാതാവുന്നു. പ്രദേശത്തെ കുടിവെള്ളമടക്കം ഈ ക്വാറിയുടെ പ്രവര്‍ത്തനത്താല്‍ ഇല്ലാതാവുന്നതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങളായി സ്ഥിരതാമസക്കാരായ തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് 50-ഓളം പേര് ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: