മാനന്തവാടി: ഒരു സെന്റിന് 10,000 രൂപ പോലും വില ലഭിക്കാത്ത ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില 75000 രൂപ. തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍പ്പെട്ട പാലേരിയിലും പരിസര പ്രദേശത്തുമുള്ള മുന്നൂറേക്കറോളം വരുന്ന ഭൂമിക്കാണ് ഇത്തരത്തിലുള്ള വിലയാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഭൂമിക്ക് ന്യായവില നിശ്ചയിച്ചതിലുള്ള അപാകത കാരണം ക്രയവിക്രയങ്ങള്‍ നിലച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിന് കനത്ത വരുമാന നഷ്ടം.കുറച്ച് ഭൂമി വിറ്റ് സാമ്പത്തിക പ്രതിസന്ധി മറികടക്കണമെന്ന് ആഗ്രഹമുള്ള കര്‍ഷകര്‍ക്കെല്ലാം തിരിച്ചടിയാണ് തല തിരിഞ്ഞ നടപടിക്രമങ്ങള്‍. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 506/2ല്‍പ്പെട്ട പാലേരിയിലും പരിസര പ്രദേശത്തുമുള്ള സ്ഥലത്തിനാണ് സര്‍ക്കാര്‍ സെന്റിന് 75,000 രൂപ ഫെയര്വാല്ല്യു നിശ്ചയിച്ചിരിക്കുന്നത്. മുന്നൂറേക്കറോളം വരുന്ന സ്ഥലത്തായി കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെ 250 -ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
തൊണ്ടര്നാടിന്റെ ആസ്ഥാന ടൗണായ കോറോത്ത് നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് പാലേരി. ഇവിടെ തന്നെ ഭൂമിക്ക് ന്യായവില പലതാണ്. റീസര്‍വേ നമ്പര്‍ 506/2 നോടടുത്ത് കിടക്കുന്ന സര്‍വേ നമ്പര്‍ 530/1എയില്‍ പെട്ട സ്ഥലങ്ങള്‍ക്ക് അയ്യായിരം രൂപയോളം ന്യായവില ഉള്ളപ്പോഴാണ് പാലേരിയിലെ സ്ഥലത്തിന് മാത്രം 75,000 രൂപ നിശ്ചയിച്ചിരിക്കുന്നത്. റോഡ് അതിരുള്ള ഒരേക്കറിന് സര്‍ക്കാറിന്റെ കണക്കനുസരിച്ച് 1,23,500 രൂപയാണ് ന്യായവില. ഇതിന്റെ അമ്പത് ശതമാനം വര്‍ധന വന്നപ്പോള്‍ അത് 1,85,250 രൂപയായി. അങ്ങിനെ നോക്കുമ്പോഴാണ് ഒരു സെന്റ് സ്ഥലത്തിന് ന്യായവില 75,000 രൂപ വരുന്നത്. കോറോം മക്കിയാട് ടൗണ്‍ പ്രദേശങ്ങളില്‍ ഇരുപതിനായിരത്തില്‍ താഴെയാണ് സര്‍ക്കാര്‍ ന്യായവില നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങിനെയിരിക്കെ പാലേരിയിലെ സ്ഥലത്തിന് മാത്രം എഴുപത്തി അയ്യായിരം രൂപ ഫെയര്‍വാല്യു നിശ്ചയിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 2010ലെ ന്യായവില രജിസ്റ്ററില്‍ 8,500 രൂപയാണ് സെന്റിന് അന്ന് നിശ്ചയിച്ചിരുന്നത്. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ന്യായവില പതിന്മടങ്ങായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മൂന്ന് നാല് വര്‍ഷമായി പാലേരി പ്രദേശത്ത് കാര്യമായ ഭൂമിയിടപാട് നടന്നിട്ടില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുപ്പിനായോ വായ്പയെടുക്കാനോ വേണ്ടി ഉദ്യോഗസ്ഥ ഒത്താശയോടെ ഭൂമിയുടെ ന്യായവില ഉയര്ത്തിയതായിരിക്കാമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സമീപകാലത്ത് പ്രദേശവാസിയായ ഒരാള്‍ അഞ്ച് ലക്ഷത്തോളം രൂപയ്ക്ക് സ്ഥലം വില്‍ക്കുകയും രജിസ്ട്രേഷനായി വെള്ളമുണ്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഭൂമി വിലയുടെ പകുതിയോളം സ്റ്റാമ്പ് ഡ്യൂട്ടിയായി അടക്കണമെന്നറിയിച്ചതോടെ സ്ഥലം വാങ്ങാനെത്തിയ ആള് കച്ചവടത്തില്‍ പിന്‍വാങ്ങുകയായിരുന്നു. ഇതോടെയാണ് ന്യായവില അശാസ്ത്രീയതയെ കുറിച്ച് ജനത്തിന് ബോധ്യം വന്നത്. കാര്‍ഷിക മേഖലയിലെ ഉത്പാദന തകര്‍ച്ചയെ തുടര്‍ന്ന് കടക്കെണിയിലായ കര്‍ഷര്‍ ഭൂമി വിറ്റ് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി കച്ചവടക്കാരെ സമീപിക്കുമ്പോള്‍ ഇവിടുത്തെ ഭൂമിയോട് ആരും താത്പര്യം കാണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: