കോഴിക്കോട്: കോട്ടൂളി നീര്‍ത്തടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു.
ദേശീയപ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍പ്പെട്ട കോട്ടൂളി നീര്‍ത്തടം ഇന്ന് പരിതാപകരമായ അവസ്ഥയിലാണുള്ളത്. അനുദിനം നികത്തപ്പെട്ടുക്കൊണ്ടിരിക്കുകയാണ് ഈ നീര്‍ത്തടം. മെഡിക്കല്‍കോളേജ് ക്യാമ്പസ് ഗവ.എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് കണ്ടലുകളും മറ്റു സസ്യങ്ങളും വിവിധതരത്തിലുള്ള മത്സ്യങ്ങളും പക്ഷികളുമുള്ള നീര്‍ത്തടത്തെപ്പറ്റി പഠനം നടത്തിയത്. ജൈവസമ്പത്തിന്റെ നിലനില്‍പ്പിന് ആധാരമായ സവിശേഷമായ സൂക്ഷ്മ കാലാവസ്ഥയാണ് ഈ ആവാസ കേന്ദ്രത്തിന്റെ പ്രത്യേകതയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കോഴിക്കോട് നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കുവാന്‍ കഴിയുന്ന തണ്ണീര്‍ത്തടം കൂടിയാണിത്. ഒട്ടേറെ തടാകങ്ങളുണ്ടായിരുന്ന ചെന്നൈ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വേണ്ടി നശിപ്പിച്ചപ്പോഴുണ്ടായ ദുരന്തം മറക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. യാതൊരുവിധ മാനദണ്ഡവുമില്ലാതെയുള്ള സ്ഥാപിത താല്‍പര്യക്കാരുടെ കടന്നുകയറ്റം ഈ തണ്ണീര്‍ത്തടത്തിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസില്‍ കോട്ടൂളി നീര്‍ത്തടത്തെപ്പറ്റി ഗവേഷണ പ്രബന്ധമവതരിപ്പിച്ചതും ദേശീയശ്രദ്ധ നേടിയതും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
കോട്ടൂളി നീര്‍ത്തടം സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഹരിതട്രൈബ്യൂണലിനും, കേന്ദ്രപരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനും നിവേദനം നല്‍കുവാനുള്ള ഒരുക്കത്തിലുമാണ് ഈ പരിസ്ഥിതി പ്രേമികള്‍.
















