കല്‍പ്പറ്റ: സംസ്ഥാന സ്കൂള്‍ കായിക മേളകളില്‍ മെഡല്‍ വേട്ടയില്‍ വയനാടിനു കാലിടറുന്നു. ജില്ലയ്ക്ക് ലഭിക്കുന്ന മെഡലുകളും പോയിന്റും വര്‍ഷം തോറും കുറയുകയാണ്. വിദഗ്ധ പരിശീലനത്തിനു സൗകര്യവും പദ്ധതികളുമില്ലാത്തതാണ് മേളകളില്‍ വയനാടിനെ തളര്‍ത്തുന്നത്. 1982ല്‍ തിരുവനന്തപുരത്ത് നടന്ന കായിക മേളയില്‍ വയനാടിനായിരുന്നു ജൂനിയര്‍ വിഭാഗം ചാംപ്യന്‍ഷിപ്പ്. പിന്നീട് നടന്ന മേളകളില്‍ ഇതര ജില്ലകള്‍ മെഡല്‍ക്കൊയ്ത്തില്‍ മുന്നേറിയപ്പോള്‍ വയനാട് പിന്നാക്കം പോയി. 2012ലെ സംസ്ഥാന മേളയില്‍ 31 പോയിന്റാണ് ജില്ലയ്ക്ക് നേടാനായത്. തൊട്ടടുത്ത വര്‍ഷം ഇത് 26 പോയിന്റായി കുറഞ്ഞു. 2014ല്‍ ഒന്‍പത് പോയിന്റാണ് ലഭിച്ചത്. ഏറ്റവും ഒടുവില്‍ കോഴിക്കോട് നടന്ന മേളയില്‍ ഏഴ് പോയിന്റാണ് സമ്പാദ്യം. സബ്ജൂനിയര് വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷണ്മുഖനു ലഭിച്ച സ്വര്‍ണവും സബ് ജൂനിയര്‍ ബോയ്സ് 1-400 മീറ്റര്‍ റിലേയിലെ വെങ്കലവുമാണ് ജില്ലയെ നാണക്കേടില്‍നിന്നു രക്ഷിച്ചത്. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജില്ലയില്‍ കൃഷിയിടങ്ങളിലും മറ്റും കഠിനാധ്വാനം ചെയ്യുന്നവരുടെ മക്കള്‍ കായികക്ഷമതയില്‍ മോശമല്ല. ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലുള്ള കുട്ടികളിലെ രക്തത്തിലാണ് ഹിമോഗ്ലോബിന്‍ അളവ് കൂടുതല്‍. പ്രതിഭയും അര്‍പണ മനോഭാവവുമുള്ള കായികാധ്യാപകര്‍ക്കും ജില്ലയില്‍ ക്ഷാമമില്ല. എന്നിട്ടും സംസ്ഥാന മേളകളില്‍ വയനാടിനു തിളങ്ങാനാകുന്നില്ല. ഈ ദുരവസ്ഥ നീങ്ങണമെങ്കില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശീലനത്തിനു സൗകര്യം ഉണ്ടാകണമെന്ന് മീനങ്ങാടി സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റും പരിശീലകനുമായ എ.കുഞ്ഞിക്കണ്ണന് പറയുന്നു.
ജില്ലയില്‍ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മീനങ്ങാടി ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തിലും മാത്രമാണ് 400 മീറ്റര്‍ ട്രാക്ക് സൗകര്യം. സിന്തറ്റിക് ട്രാക്ക് ജില്ലയില്‍ എവിടെയുമില്ല. ഹൈ ആള്‍ട്ടിട്യൂഡ് പരിശീലന കേന്ദ്രവും അന്യം. ജില്ലയിലെ സ്റ്റേഡിയങ്ങള്‍ വികസിപ്പിക്കുന്നതിലും പരിശീലനസൗകര്യം ഒരുക്കുന്നതിലും ഭരണാധികാരികള്‍ക്ക് ശുഷ്കാന്തിയില്ല. കല്പറ്റ മരവയലില്‍ സ്റ്റേഡിയം നിര്‍മാണത്തിനു എം.ജെ.വിജയപദ്മന്‍ എട്ട് എക്കര്‍ ഭൂമി ജില്ലാ സ്പോര്‍സ് കൗണ്‍സിലിനു സൗജന്യമായി നല്‍കിയിട്ട് കാല് നൂറ്റാണ്ട് കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. കഷ്ടമാണ് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സ്ഥിതിയും. 1980ല്‍ പഞ്ചായത്തിനു സൗജന്യമായി ലഭിച്ചതാണ് സ്റ്റേഡിയം ഭൂമി. ജില്ലയുടെ മധ്യഭാഗത്തായുള്ള ഈ സ്റ്റേഡിയത്തിലാണ് ജില്ലയിലെ ആദ്യത്തെ 400 മീറ്റര്‍ ട്രാക്ക്. ഇതിന്റെ സംരക്ഷണത്തില്‍പോലും പഞ്ചായത്ത് ആത്മാര്‍ത്ഥത കാട്ടുന്നില്ല. കച്ചവടത്തിനും കണ്വന്ഷനുകള്ക്കുമായി സ്റ്റേഡിയം ഭൂമി വാടകയ്ക്ക് എടുക്കുന്നവര്‍ കക്കൂസ് ആവശ്യത്തിനടക്കം കുഴികള്‍ തീര്‍ക്കുന്നത് ട്രാക്കിലാണ്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 400 മീറ്റര്‍ ട്രാക്കും കല്പറ്റ, മീനങ്ങാടി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും നിര്‍മിക്കുന്നത് ജില്ലയില്‍ കായികരംഗത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് കുഞ്ഞിക്കണ്ണന് അഭിപ്രായപ്പെട്ടു. ആരോഗ്യവും കായിക ഇനങ്ങളില്‍ അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തുന്നതില്‍ വിദ്യാലയ അധികൃതരും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി പദ്ധതി ആവിഷ്കരിക്കണം. പരിശീലനത്തിനു സാങ്കേതിക ഗുണങ്ങളുള്ള ഉപകരണങ്ങളും കിറ്റുകളും നല്‍കണം. കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തണം. പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം പരിശീലനം. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഠിന പരിശീലനം നല്‍കരുത്. കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിക്കുന്നതും ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: