കല്‍പ്പറ്റ : വയനാട്ടില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷക്കാലത്തുപോലും ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്ന ആദിവാസി വിഭാഗം നിലവില്‍ കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം സംഭരിക്കുന്ന അവസ്ഥയിലാണ്. മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. അശാസ്ത്രീയമായ രീതിയില്‍ ചോലമലപുഴയിലെ വെള്ളം മേപ്പാടി ടൗണിലെ ടാങ്കില്‍ സംഭരിച്ച് വിതരണം ചെയ്യുന്ന പതിവ് രീതി മാറ്റി ശാശ്വതമായ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
വേനലാകുന്നതോടെ പുഴയിലെ വെള്ളം വറ്റുകയും വിതരണം മേപ്പാടി ടൗണ്‍ പ്രദേശങ്ങളില്‍മാത്രമായി ചുരുക്കുകയുമാണ് വര്‍ഷങ്ങളായി ചെയ്യാറുള്ളത്. ഓപ്പറേറ്ററാകട്ടെ ഇത്തരം സമയങ്ങളില്‍ ചില ഭാഗത്തേക്കുമാത്രം വെള്ളം വിട്ടുകൊടുത്ത് സ്വജനപക്ഷപാതം കാണിക്കുകയുമാണ്. ഇക്കാര്യത്തില്പോലും നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണം. കാലങ്ങളായി മാറിമാറി ഭരിച്ച മുന്നണികള്‍ പൊതുജനം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍പോലും കണ്ടില്ലെന്നുനടിക്കുകയാണ്.
ശുദ്ധജലം നിഷേധിക്കപ്പെട്ട മേപ്പാടി പഞ്ചായത്തിലെ ജനങ്ങളെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിച്ച് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും കുടിവെള്ളത്തിനായുള്ള പോരാട്ടത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
ജില്ലാപ്രസിഡണ്ട് സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഉദയന്‍ മാനന്തവാടി, സംഘടനാസെക്രട്ടറി ബാലാജി, സെക്രട്ടറിമാരായ നിഖില്‍ദാസ്, സജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: