കല്‍പ്പറ്റ : ജില്ലയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കോടതി വിധിയുടെ മറവില്‍ പുനരാരംഭിക്കുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. ജൈവ വൈവിധ്യ സമ്പന്നവും പാരിസ്ഥിതിക ദുര്‍ബലവുമായ വയനാട്ടില്‍ കാലാവസ്ഥാ വ്യതിയാനം ഭീഷണമായ യാഥാര്‍ത്ഥ്യമായി നില്‍ക്കേ നിര്‍മ്മാണ നിയന്ത്രണം അനിവാര്യമാണ്.
പക്ഷെ താല്‍ക്കാലിക ലാഭം മാത്രം നോക്കി വന്‍കിട ലോബികള്‍ കെട്ടിട നിര്‍മ്മാണം ത്വരിതപ്പെടുത്തുകയാണ്. നിര്‍മ്മാണ നിയന്ത്രണം നീക്കൂന്നതിന് ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാണ്. നാളിതു വരെ നാം നടത്തിയ കാടു വെട്ടും നിലം നികത്തലും മണല്‍ വാരലും നാടിന്റെ പരിസ്ഥിതിയെ അങ്ങേയറ്റം തകര്‍ക്കുകയും അതു വഴി കാലാവസ്ഥയില്‍ കാതലായ മാറ്റം വരികയും ചെയ്തു. മുന്‍ കൊല്ലങ്ങളില്‍ അനുഭവപ്പെടാത്ത കടുത്ത ചൂടിലേക്ക് ജില്ല എത്തി ചേര്‍ന്നിരിക്കുന്നു. കുടിവെള്ള ക്ഷാമത്തിന്റെ നാളുകളാണ് ഇനി നാം അഭിമുഖീകരിക്കാന്‍ പോകുന്നത്. കുന്നിടിച്ചൂം വയല്‍ നികത്തിയും പ്രക്യതി വിഭവങ്ങള്‍ വന്‍ തോതില്‍ ചൂഷണം ചെയ്തും ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അല്ലാത്ത പക്ഷം അടുത്ത തല മുറക്ക് ഇവിടെ ജീവിതം ദു:സ്സഹമാവും.
കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ അധിക്യതര്‍ പരാജയപ്പെടുന്നതു കൊണ്ടാണ് പലപ്പോഴും ഇത്തരം നിര്‍ഭാഗ്യകരമായ കോടതി വിധികള്‍ ഉണ്ടാവുന്നത് എന്ന് പരിഷത് യോഗം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി ജോണ്‍ അധ്യക്ഷനായി. കെ.കെ സുരേഷ് കുമാര്‍, പ്രൊഫ.കെ.ബാലഗോപാലന്, എം.കെ ദേവസ്യ, കെ.ടി ശ്രീവല്സന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: