പി.സുശീല പാടുമ്പോള്‍ പ്രകൃതിപോലും കണ്ണടച്ചുറങ്ങും. പൂക്കള്‍ ഇമതാഴ്ത്തി ആസ്വദിക്കും. പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് മയക്കത്തിലേക്ക് തലതാഴ്ത്തും…
”പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ…”
എന്നാണ് സുശീല പാടിയത്.
ആ പാട്ടുകേട്ട് എത്രയോ കുട്ടികള്‍ ഉറങ്ങിയിട്ടുണ്ട്. വാശിപിടിച്ചുകരഞ്ഞ കുട്ടികളെ ഉറക്കിക്കിടത്താന്‍ അമ്മമാര്‍ എത്രയോ തവണ അത് പാടിയിട്ടുണ്ട്…മലയാളത്തിലെ താരാട്ടു പാട്ടുകളെക്കുറിച്ചോര്ക്കുമ്പോള് ആരുടെ മനസ്സിലേക്കും ആദ്യം ഓടിയെത്തുന്നത് ഈ ഗാനമാണ്. സുശീലയുടെ മധുരിതമായ ശബ്ദത്തില്‍ ആ പാട്ടുകേട്ടാല്‍ കുഞ്ഞുങ്ങള്‍ മാത്രമല്ല, മുതിര്‍ന്നവരും ഉറങ്ങിപ്പോകും.
”…നിന്നാലീ പുല്‍മാടം പൂമേടയായെടാ
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ…
രാജാവായ് തീരും നീ ഒരു
കാലമോമനേ
മറക്കാതെ അന്നു തന് താതന്
ശ്രീരാമനേ
രാമനേ…
രാരി രാരി രാരിരോ രാരി രാരി
രാരിരോ….”
അഭയദേവിന്റെ വരികളില്‍ വി.ദക്ഷിണാമൂര്‍ത്തി ഈണം നല്കിയ ഈ ഗാനം 1960ല്‍ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിലേതാണ്. 1960 മുതല്‍ കഴിഞ്ഞുപോയ അരനൂറ്റാണ്ടിലേറെക്കാലമായി സുശീല എന്ന ഗായിക നമുക്കൊപ്പമുണ്ട്. എന്നുമോര്‍ക്കുന്ന കുറേ ഗാനങ്ങളുമായി ഓരോ മലയാളിയുടെയും മനസ്സിലുണ്ട്.
മലയാളിയല്ലാത്ത സുശീലയുടെ മലയാളം പാട്ടുകള്‍ ചലച്ചിത്രഗാനാസ്വാദകരെ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. എ.എം.രാജയും സുശീലയും ചേര്‍ന്ന് പാടിയ ‘പെരിയാറെ പെരിയാറെ…’ എന്നുതുടങ്ങുന്ന ഗാനം ഇതിനുദാഹരണമാണ്. 1962ല്‍ പുറത്തിറങ്ങിയ ഭാര്യ എന്ന ചലച്ചിത്രത്തിലേതാണീ ഗാനം. വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനം. ഈ ഗാനം പുറത്തുവന്നതോടെ ദേവരാജന്റെ ഇഷ്ടഗായികയായി സുശീല മാറി.
‘….നാടാകെ തെളിനീരു നല്കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം”
കാലമിത്ര കഴിഞ്ഞിട്ടും നിത്യഹരിതമാണ് ഈ പാട്ട്. ഈ ഗാനം മൂളുകയെങ്കിലും ചെയ്യാത്ത മലയാളികളുണ്ടാകില്ല.
”ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ്വരാജകുമാരാ
ഗന്ധര്‍വ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ
അപ്സര രാജകുമാരി
അപ്സര രാജകുമാരി…”
സുശീലയുടെ ശബ്ദത്തില്‍ ഈ പാട്ടുകേട്ടാല്‍ താളം പിടിക്കാത്തവരുണ്ടാകില്ല. ‘പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്പൂവാങ്കുരുന്നില ചൂടേണം…’ എന്നു സുശീല പാടുമ്പോള്‍ നാം അറിയാതെ അതിനൊപ്പം പാടിപ്പോകുന്നു.
”…ദശപുഷ്പം ചൂടിക്കാം
തിരുമധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍….”
1962ല്‍ പാലാട്ടുകോമനു വേണ്ടി വയലാറെഴുതി ബാബുരാജ് സംഗീതം നല്കിയ പാട്ട് സുശീലയും രാജയും ചേര്‍ന്നാണ് ആലപിച്ചത്. മലയാളി ഒരിക്കലും മറക്കാത്ത പാട്ടുകളുടെ പട്ടികയിലാണിതിന്റെയും സ്ഥാനം.
”…അറബിക്കടലൊരു മണവാളന് കരയോ നല്ലൊരു മണവാട്ടി”, ”പതിവായി പൗര്‍ണമി തോറും പടിവാതിലിനപ്പുറമെത്തി..”, ”ഭാരതമെന്നാല്‍ പാരിന് നടുവില്‍ കേവലമൊരുപിടിമണ്ണല്ല…”, ”ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു ഗന്ധര്‍വ്വനീവഴി വന്നു..”, ”മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ..”, ”പ്രിയതമാ പ്രിയതമാ പ്രണയലേഖനം എങ്ങിനെ എഴുതണം മുനികുമാരികയല്ലേ…”, ”എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍!..”, ”അജ്ഞാതഗായകാ അരികില്‍ വരൂ അരികില്‍ വരൂ ആരാധികയുടെ അരികില്‍ വരൂ…”, ”ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം..”, ”പല്ലനയാറിന് തീരത്തില്‍ പദ്മപരാഗ കുടീരത്തില്‍…”,
” തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടെ തൂവല്‍ കിടക്ക വിരിച്ചോട്ടെ….”, ” ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന് വന്നൂ..”, ”നളചരിതത്തിലെ നായകനോ? നന്ദനവനത്തിലെ ഗായകനോ?..”, ”ബിന്ദൂ നീയാനന്ദബിന്ദുവോ എന്നാത്മാവില് വിരിയും വര്‍ണ്ണപുഷ്പമോ…”, ”കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണനിറഞ്ഞവനേ…’, ”പണ്ടൊരു കാട്ടിലൊരാണ്‍സിംഹം മദിച്ചു വാണിരുന്നു…”, ”അനുരാഗ ലോലഗാത്രി വരവായി നീലരാത്രി…”,
”ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ….”
1960 മുതല്‍ 2000 വരെ സുശീല മലയാളത്തില്‍ പാടിയ പാട്ടുകളെല്ലാം ഗൃഹാതുര സ്മരണകളായി മനസ്സില്‍ തങ്ങി നില്ക്കുന്നവയാണ്. അവയില്‍ കൂടുതലും ദേവരാജന്‍ സംഗീത സംവിധാനം ചെയ്തവയുമായിരുന്നു. ഏതു സംഗീത സംവിധായകന്റെ പാട്ടാണെങ്കിലും അതില്‍ സുശീല ടച്ച് നല്കാന് അവര്‍ക്കു കഴിഞ്ഞു. ആലാപനത്തിലെ ഭാവമായിരുന്നു സുശീലയെ മറ്റുഗായികമാരില് നിന്ന് വ്യതിരിക്തയാക്കിയത്.
ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ സുശീല പാടിയ പാട്ടുകളെല്ലാം മലയാള ചലച്ചിത്ര പാട്ടു ചരിത്രത്തില്‍ രേഖപ്പെടുത്തിയവയാണ്. അശ്വമേഥത്തിലെ ‘ഏഴുസുന്ദര രാത്രികള്‍’, ്യുഓമനക്കുട്ടനിലെ ‘അഷ്ടമി രോഹിണി രാത്രിയില്‍..’, ഒരു പെണ്ണിന്റെ കഥയിലെ ‘പൂന്തേനരുവി..’, ‘ശ്രാവണ ചന്ദ്രിക’, കരുണയിലെ ‘എന്തിനീ ചിലങ്കകള്‍…’ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. 230 പാട്ടുകള്‍ സുശീല, ദേവരാജന്റെ ഈണത്തില്‍ പാടി. ഇവയില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.
മലയാളത്തിനു പുറമേ അഞ്ച് ഭാഷകളില്‍ കൂടി സുശീലയുടെ ശബ്ദത്തില്‍ പാട്ടുകള്‍ കേട്ടു. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിംഹളയിലും സുശീല പാട്ടുപാടി. ഇപ്പോള്‍ ആറ് ഭാഷകളിലായി 17,695 ഗാനങ്ങള്‍. പാട്ടുപാടി പാട്ടുപാടി അങ്ങനെ സുശീല ഗിന്നസ് റെക്കോഡിലുമെത്തി.
1935 ല്‍ ആന്ധ്രാപ്രദേശില്‍ ജനിച്ച പി. സുശീല 1952 ല്‍ പെറ്റ്റ തായ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടി. രണ്ട് തവണ കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2008ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. മലയാളത്തില്‍ ഇതുവരെ ആയിരത്തോളം പാട്ടുകള്‍ പാടി.
അറുപതുകളിലെ തമിഴ് സിനിമകളിലെ വേര്‍പെടുത്താനാകാത്ത സാന്നിധ്യമായിരുന്നു സുശീല. അവരുടെ ഒരു ഗാനമെങ്കിലുമില്ലാതെ തമിഴ് സിനിമ അക്കാലത്തു പുറത്തിറങ്ങില്ലായിരുന്നു. തമിഴില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പി. ലീലയെയായിരുന്നു ദക്ഷിണാമൂര്‍ത്തി പാട്ടുപാടിയുറക്കാം എന്ന ഗാനം പാടാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലീലക്ക് പറഞ്ഞ സമയത്ത് റിക്കോര്‍ഡിംഗിന് എത്താനായില്ല. അപ്പോഴാണ് സുശീലയെ കൊണ്ട് പാടിക്കാമെന്ന് ദക്ഷിണാമൂര്‍ത്തിക്ക് തോന്നിയത്.
ആ തോന്നല്‍ മലയാള ചലച്ചിത്ര ഗാനശാഖയ്ക്കു പുണ്യമായി. പിന്നെയും ഹിറ്റുഗാനങ്ങള്‍ ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ സുശീല പാടി. ഇണപ്രാവുകളിലെ ‘കുരുത്തോല പെരുന്നാളിന്’, അഭയത്തിലെ ‘രാവുപോയതറിയാതെ’, ഉര്‍വ്വശീ ഭാരതിയിലെ ‘ഉദ്യാന പാലകാ..’, ഭഗവത്ഗീതയിലെ ‘വിലാസലോലുപയായി..’ എന്നീ ഹിറ്റുഗാനങ്ങള്‍ ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ സുശീല പാടിയവയാണ്.
സലില്‍ ചൗധരിയുടെയും എം.എസ്.ബാബുരാജിന്റെയും കെ. രാഘവന്റെയുമെല്ലാം പാട്ടുകള്‍ സുശീല പാടിയിട്ടുണ്ട്. ഭാര്‍ഗ്ഗവീ നിലയത്തിലെ അറബിക്കടലൊരു മണവാളനും അഗ്നിപുത്രിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളെയും കാട്ടുതുളസിയിലെ ഗംഗയാറൊഴുകുന്ന ഭൂമിയും ബാബുരാജിന്റെ ഈണത്തില്‍ സുശീല പാടിയ ഹിറ്റ് ഗാനങ്ങളാണ്. രാഘവന്മാസ്റ്ററുടെ ഈണത്തില്‍ ‘പതിവായി പൗര്‍ണ്ണമി തോറും..’, സലില്‍ ചൗധരിയുടെ ഈണത്തില്‍ കാട് കുളിരണ്…, ശ്യാമിന്റെ സംവിധാനത്തില്‍ ‘ദേവദാരു പൂത്തു…’, ജോയിയുടെ സംവിധാനത്തില്‍ ‘കാലിത്തൊഴുത്തില്‍ പിറന്നവനെ…’, ‘ബിന്ദൂ നീ ആനന്ദ ബിന്ദുവോ…’, ജോണ്‍സന്റെ ‘പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം..’ തുടങ്ങിയ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
തമിഴ് സിനിമാ സംഗീതത്തില്‍ എം.എസ്.വിശ്വനാഥനും കെ.വി. മഹാദേവനും വെന്നിക്കൊടിപാറിക്കുമ്പോഴാണ് സുശീലയും തിളങ്ങിയത്. പിന്നീട് ഇളയരാജക്കാലത്ത് സുശീലക്ക് പാട്ടുകളില്ലാതായി. എ.ആര്.റഹ്മാന് തമിഴ്പാട്ടുകളെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ ഗായകരുടെ തേരോട്ടം തുടങ്ങി. തമിഴ് പാട്ടിലെ ഗൃഹാതുര ശബ്ദത്തെ പലരും മറന്നു. മലയാളത്തിലും അതുതന്നെയായിരുന്നു സംഭവിച്ചത്.
പുതിയ ശബ്ദങ്ങള്‍ വന്നപ്പോള്‍ സുശീല ഉള്‍പ്പടെയുള്ള പഴയകാല ഗായകര്‍ അപ്രസക്തരായി. അവര്‍ക്ക് പുതിയ പാട്ടുകള്‍ പാടാന്‍ കഴിവില്ലാത്തതായിരുന്നില്ല കാരണം. പുതിയ സംഗീത സംവിധായകര്‍ പുതിയ ശബ്ദങ്ങളെ അവതരിപ്പിച്ചു. പക്ഷേ, കാലാതിവര്‍ത്തിയായി നിലനിന്നത് സുശീലയെ പോലുള്ളവര്‍ പാടിയ ഗാനങ്ങളായിരുന്നു. സുശീലയുടെ ഗാനങ്ങളെ എന്നും ഇഷ്ടപ്പെട്ടിരുന്ന എ.ആര്.റഹ്മാന് തന്റെ ഇഷ്ടഗായികയ്ക്ക് മറക്കാനാകാത്തൊരു ഈണം നല്‍കിയത് ചരിത്രമാണ്. പുതിയ മുഖം എന്ന ചിത്രത്തിലെ ‘കണ്ണുക്ക് മെയ്യഴക്…’ എന്ന ഗാനം പാടി സുശീല പ്രായം ആലാപനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചു. ദേവഗായികയാണ് സുശീല. ഏതുകാലത്തും ഏതു പ്രായത്തിലും പാടാന്‍ കഴിവുള്ള ഗായിക. ഗിന്നസ്സ് റെക്കോഡും കടന്ന് ആ പാട്ടുകള്‍ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: