പെരിന്തല്‍മണ്ണ: ഇടത് കാലിലെ മന്ത് വലതുകാലിലേക്ക് മാറിയ അവസ്ഥയിലാണ് പെരിന്തല്‍മണ്ണ നഗരം. ഒരാഴ്ച മുമ്പ് വരെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപമായിരുന്നു അഴിയാക്കുരുക്കെങ്കില് ഇന്ന് പെരിന്തല്‍മണ്ണ ബൈ പ്പാസ് ജംഗ്ഷനിലാണ്.
നാലും കൂടിയ ജംഗ്ഷനില്‍ നാല് വശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ടനിര പതി#ോവ് കാഴ്ചയാണ്. ഗതാഗതനിയന്ത്രണത്തിന് വേണ്ടി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. പേരിന് ഒരു പോലീസുകാരനുണ്ടാകും ഗതാഗതം നിയന്ത്രിക്കാന്‍. എന്നാല്‍ തിരക്കേറിയ ഈ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് രണ്ടോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം അത്യാവശ്യമാണ്. ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് നിലമ്പൂര്‍ റോഡിലേക്ക് പോകേണ്ട വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മാത്രമല്ല ഈ വഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. അതേസമയം സിഗ്നല്‍ ലൈറ്റുള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരക്ക് നിയന്ത്രണ വിധേയമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മേല്‍പ്പാലം തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആ വിവരം സ്ഥലത്തെ പോലീസ് അറിഞ്ഞോയെന്നാണ് യാത്രക്കാരുടെ സംശയം. കാരണം, മേല്‍പ്പാല നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്ക്കുന്നു. ആദ്യമായി ഈ വഴി വരുന്ന യാത്രക്കാര്‍ക്ക് ഈ ബോര്‍ഡ് കണ്ട് കുറച്ചൊന്നുമല്ല ആശയക്കുഴപ്പം ഉണ്ടാകുന്നത്. കാര്യമറിയാതെ ചിലര്‍ മടങ്ങിപ്പോവുന്നതും പതിവ് കാഴ്ചയാണ്. അതേസമയം, കൃത്യനിഷ്ഠയോടെ ഹെല്‍മറ്റ് വേട്ട നടത്തുന്നതില്‍ യാതൊരു ഉദാസീനതയും പോലീസ് കാണിക്കാറില്ല. എന്തായാലും നോ എന്‍ട്രി ബോര്‍ഡ് എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: