പെരിന്തല്‍മണ്ണ: തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകളും അവസാനിച്ചു. പെരിന്തല്‍മണ്ണയില്‍ വി.ശശികുമാര്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയാകും. മുമ്പ് മൂന്നുതവണ മത്സരിച്ച ശശികുമാറിന് ഒരു പ്രാവശ്യം മാത്രമാണ് വിജയിക്കാനായത്.
ഈ തെരഞ്ഞെടുപ്പിലും ശശികുമാര്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തുടക്കം മുതല്‍ മത്സരിക്കാനില്ലയെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ നിരവധി പേരുകളാണ് ഇടത് മുന്നണിയുടെ പരിഗണയില്‍ വന്നതും. പൊന്നാനി എംഎല്‍എ പി.ശ്രീരാമകൃഷ്ണന്, കേന്ദ്ര കമ്മറ്റിയംഗം എ.വിജയരാഘവന്, ഡിവൈഎഫ്ഐ നേതാവ് സി.എച്ച്.ആഷിഖ്, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ, വ്യവസായി വി.കെ.അഷ്റഫ് തുടങ്ങിയവരെയൊക്കെ സിപിഎം സജീവമായി പരിഗണിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരാരും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന ഉറച്ച നിലപാട് എടുത്തതോടെ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
ഒരു സമയത്ത് ലീഗ് വിമതന് പച്ചീരി ഫാറൂക്ക് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹവും നിലനിന്നിരുന്നു. എന്നാല്‍ സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണതോടെ സിപിഎം നേതൃത്വം അങ്കലാപ്പിലായി. പെരിന്തല്‍മണ്ണ സീറ്റിലേക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലാത്ത ഗതികേടിലെത്തി സിപിഎം.
അങ്ങനെയാണ് അവസാനം മുന്‍ എംഎല്‍എ വി.ശശികുമാറില്‍ തന്നെ അഭയം പ്രാപിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ പാടെ തള്ളിയ ശശികുമാറിനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശരിക്കും പാടുപെട്ടു. ചില സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദവും ശശികുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലുണ്ട്.
സിപിഎമ്മിന്റെ അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആളാണ് ശശികുമാര്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രംഗം മതിയാക്കണമെന്നാണ് അദ്ദേഹവും ആഗ്രഹിച്ചിരുന്നത്.
മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഏറ്റവും ഭയപ്പെടുന്നത് ബിജെപി-ബിഡിജെസ് സഖ്യത്തെയാണ്. കാരണം, ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുബാങ്കായിരുന്ന തീയ്യ വിഭാഗത്തിലെ ഭൂരിപക്ഷവും ബിഡിജെസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമാണ്. അവരാകട്ടെ എന്‍ഡിഎ മുന്നണിക്കൊപ്പവും. എന്തായാലും ശക്തമായ ത്രികോണ മത്സരത്തിനാണ് പെരിന്തല്‍മണ്ണയില്‍ കളമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: