പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ നരിക്കല്‍ പ്രദേശത്ത് പുതിയതായി ആരംഭിച്ച മാര്‍ക്കറ്റില്‍ മുമ്പ് ഉണ്ടായിരുന്ന ഇറച്ചിക്കടയുടെ പുനര്‍ലേലം സിപിഐ-സിപിഎം സംഘര്‍ഷത്തിന് കാരണമായി. ഇവിടെ പുതുതായി ആരംഭിച്ച അംഗന്‍വാടിക്ക് സമീപമുള്ള ഇറച്ചിക്കടയുടെ ലേലമാണ് പഞ്ചായത്ത് വൈസ്പ്രസിഡന്റും സിപിഎമ്മുകാരിയുമായ കെ.ജയലക്ഷ്മിയും പഞ്ചാത്തംഗങ്ങളായ അനി ജെ.ബാബു, നസീറ, ജയശ്രീ എന്നിവരും നൂറോളം വരുന്ന നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്. സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് വി.രാജന്‍ ലേല നടപടികളുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളിലേയും ഗ്രാമപഞ്ചായത്തംഗങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സിപിഎം മെമ്പര്‍ പങ്കെടുക്കാത്ത ബോര്‍ഡ് മീറ്റിംഗിലാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ലേലം നടത്താന്‍ തീരുമാനിച്ചതെന്നും സിപിഎമ്മുകാര്‍ ആരോപിച്ചു. എന്നാല്‍ സിപിഎമ്മിന്റെ ഉന്നത ഗൂഡാലോചനയാണെന്ന് സിപിഐ നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ മാര്‍ക്കറ്റിനുള്ളില്‍ വിദ്യാഭ്യാസ സ്ഥാപനം പാടില്ലെന്ന നിര്‍ദ്ദേശം മറികടന്നാണ് മാര്‍ക്കറ്റിനുള്ളില്‍ അംഗനവാടി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇത് സിപിഎം മെമ്പറുടെ പിടിവാശി മൂലമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് രേഖകകളില്‍ മാര്‍ക്കറ്റില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതായി രേഖകള്‍ ഇല്ല എന്ന് പഞ്ചായത്ത് സെക്രട്ടറി പറയുമ്പോള്‍ വരുംദിവസങ്ങളില്‍ പഞ്ചായത്തില്‍ സിപിഐ-സിപിഎം ഉള്‍പ്പോര് ശക്തമാകുമെന്ന കാര്യം ഉറപ്പായി.
















