ഗൂഡലൂര്‍ : വയനാട് വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാ സംരക്ഷണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന വനപ്രദേശത്തിനകത്തും അതിര്‍ത്തിയിലുമുള്ള ഗ്രാമങ്ങള്‍ ആശങ്കയില്‍. കടുവകള്‍ വിശപ്പകറ്റാന്‍ കാടിറങ്ങുന്നത് തുടര്‍ക്കഥയാകുമെന്ന ആകുലതയിലാണ് ഗ്രാമവാസികള്‍. ഗ്രാമീണരുടെ ഉറക്കം കെടുത്തുകയാണ് വനത്തില്‍ സ്വന്തം ഭൂപ്രദേശവും പ്രായാധിക്യം ഉള്‍പ്പെടെ കാരണങ്ങളാല്‍ ഇര തേടാനുള്ള ആരോഗ്യവും നഷ്ടമായ കടുവകളുടെ എണ്ണപ്പെരുപ്പം. ‘അവശ’ ഗണത്തില്‍പ്പെട്ട കടുവകളില്‍ ഒന്നാണ് വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്ഞ്ചില്‍പ്പെട്ട ഓടപ്പള്ളത്തിനു സമീപം കൊട്ടനോട് ജൂലൈ 14ന് പുലര്‍ച്ചെ കെണിയിലായത്.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട കുറിച്യാട് കാട്ടുനായ്‌ക്ക കോളനിയിലെ ബാബുരാജിനെ(25) കടുവ കൊന്നുതിന്നിരുന്നു. ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് വിറക് ശേഖരിക്കുന്നതിനായി വനത്തില്‍ പോയ ബാബുരാജിന്റെ മൃതാവശിഷ്ടങ്ങള്‍ പിറ്റേന്നാണ് വനത്തില്‍ കണ്ടെത്തിയത്. മൃതാവശിഷ്ടങ്ങള്‍ക്ക് സമീപം കണ്ട കാല്‍പാടുകള്‍ പരിശോധിച്ചാണ് ബാബുരാജിനെ കൊന്നുതിന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്.വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പുത്തൂര്‍ വനത്തില്‍ കടുവ കൊന്നുതിന്ന നിലയില്‍ കര്‍ഷകന്‍ മുക്കുത്തിക്കുന്ന് സുന്ദരത്തില്‍ ഭാസ്‌കരന്റെ(56) മൃതാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഫെബുവരി 10നാണ്.സംസ്ഥാന അതിര്‍ത്തിയില്‍ കടുവ കൊലപ്പെടുത്തിയത് 25 പേരെ. 1954 ല്‍ നീലഗിരി ജില്ലയിലെ മസിനഗുഡി, സിഗൂര്‍,മാവനെല്ല ഭാഗങ്ങളില്‍ 15 പേരെ കടുവ കൊന്നു. അന്നും നരഭോജി കടുവയെ വെടിവെച്ചുകൊന്നു. 1990 ല്‍ ഊട്ടിക്ക് അടുത്ത് രണ്ട് കുട്ടികളെ കടുവ കൊന്നു തിന്നു. 2003 ല്‍ ഊട്ടി കുറുത്തുകുളി ഗ്രാമത്തില്‍ ഒരു സ്ത്രീയെ കടുവ കൊന്നു തിന്നു. 2014 ല്‍ ഊട്ടിയില്‍ മൂന്ന് പേരെ കൊന്നു തിന്നു. ഈ കടുവയെയും തമിഴ്‌നാട് ദൗത്യസേനയാണ് വെടിവെച്ചുകൊന്നത്. 2015 ല്‍ ബിദര്‍ക്കാട് മുത്തുലക്ഷ്മിയെ കടുവകൊന്നു. ഇതിനെയും ദൗത്യസേന വെടിവെച്ചുകൊന്നു. മാര്‍ച്ച് 11ന് ദേവര്‍ഷോല വുഡ്ബ്രയര്‍ എസ്‌റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വാദേശി മകുബോറയെ (45) കടുവ കൊന്നു തിന്നു. ദിവസങ്ങള്‍ക്കു ശേഷം ഈ കടുവയെയും ദൗത്യസേന വെടിവെച്ചു കൊന്നു.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലാ കടുവ ഭീതിയിലാണ്. കര്‍ഷകരുടെ വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നും നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയും കടുവകള്‍ നാട്ടില്‍ വിലസുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക