രാമപുരം: കുറിഞ്ഞി മലനിരകളിലെ കോട്ടമലയില്‍ പാറമടയ്‌ക്ക് അനുമതി നല്‍കേണ്ടന്ന തീരുമാനം ഉള്‍ക്കൊള്ളുന്ന മിനിറ്റ്‌സിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നാട്ടുകാര്‍ രാമപുരം പഞ്ചായത്തോഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
കുറിഞ്ഞി കോട്ടമലയില്‍ പാറമടയ്‌ക്കും ക്രഷര്‍ യൂണിറ്റും ആരംഭിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. പാറമടയ്‌ക്ക് അനുമതി നല്‍കില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. അന്നേ ദിവസം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ പഞ്ചായത്തോഫീസ് പടിക്കല്‍ നടന്നിരുന്നു. ഈ തീരുമാനം ഉള്‍ക്കൊള്ളുന്ന മിനിട്‌സിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ചില പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കോട്ടമല നിവാസികള്‍ തിങ്കളാഴ്ച പഞ്ചായത്തോഫിസില്‍ എത്തി.എന്നാല്‍ പ്രസിഡന്റ് സ്ഥലത്തില്ലാത്തതിനാല്‍ മിനിട്‌സിന്റെ പകര്‍പ്പ് നല്‍കുവാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചത്. തുടര്‍ന്ന് സ്ഥലം എംഎല്‍എ കെ. എം. മാണി ഇടപെട്ട് പഞ്ചായത്ത് പ്രസിഡന്റിനോട് ഉടന്‍ പകര്‍പ്പ് നല്‍കുവാന്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അസുഖം മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി ഒപ്പു വാങ്ങി പകര്‍പ്പ് നല്‍കുകയായിരുന്നു.
രണ്ടു മണിക്കുര്‍ നേരത്തെ ഉപരോധത്തിനൊടുവില്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി. പോലീസ് സ്ഥലത്തെത്തിയിരുന്നു. മിനിട്‌സ് സംബന്ധിച്ച് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പകര്‍പ്പ് നല്കുന്നതില്‍ കാലതാമസം വന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പറഞ്ഞു. അസുഖം മൂലം വിശ്രമത്തിലായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. പാറമട അനുവദിക്കാതിരിക്കുവാന്‍ പഞ്ചായത്ത് സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.
പഞ്ചായത്ത് പടിക്കല്‍ നടന്ന പ്രതിഷേധ സമരത്തിന് കുറിഞ്ഞി പള്ളി വികാരി ഫാ തോമസ് ആയിലുക്കുന്നേല്‍, വില്‍സണ്‍ പുതിയകുന്നേല്‍ തോമസ് ഉപ്പുമാക്കല്‍, ഷാജി പൊരുന്നിയ്‌ക്കല്‍ ബേബി തച്ചേട്ട് സോണി കമ്പകത്തുങ്കല്‍, പ്രമോദ് കൈപ്പിരിക്കല്‍, ഷിജു ഇരുവേലിക്കുന്നേല്‍, ബാബു കിഴതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















