രാമപുരം: പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് മേലുകാവില്‍ നിന്നുള്ള റോഡ് തകര്‍ന്ന നിലയിലായിട്ട് വര്‍ഷങ്ങളായി.
ഇരുചക്രവാഹനങ്ങളൊഴികെ മറ്റൊരു വാഹനത്തിനും സഞ്ചരിക്കാനാവാത്ത അവസ്ഥാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും ദുരിതയാത്രയാണ് റോഡിലുള്ളത്.
ആയിരക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങളുടെ ആശ്രയകേന്ദ്രം കൂടിയാണ് ഈ റോഡ്. ഇത് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് കോടികള്‍ അനുവദിച്ച് ചോറ്റാനിക്കര സ്വദേശിയായ കരാറുകാരന്‍ ഒരു വര്‍ഷം മുന്‍പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. വല്ലപ്പോഴും മാത്രമേ പണികള്‍ നടക്കുന്നുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡുപണിയില്‍ തികഞ്ഞ അനാസ്ഥയാണ് കരാറുകാരന്‍ കാണിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തൊടുപുഴ പിഡബ്ല്യൂഡി ഓഫീസിന് കീഴില്‍ വരുന്ന റോഡാണ് ഇത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയാണ് ഈ പ്രദേശം.
അടിയന്തിരമായി കാലവര്‍ഷത്തിന് മുമ്പ് റോഡ് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
















