ചേര്‍പ്പ്: മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ ഭൂമിയിലെ ദേവമേള കാണാന്‍ ദേവലോകത്തുനിന്നും മണ്ണിലിറങ്ങിയ മുഹൂര്‍ത്തത്തില്‍ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിച്ച് തൃപ്രയാര്‍ തേവര് കൈതവളപ്പിലെത്തി. കൂട്ടിയെഴുന്നള്ളിപ്പിനു സാക്ഷ്യം വഹിച്ച് പരസഹസ്രങ്ങള്‍ ആറാട്ടുപുഴ പൂരപ്പാടത്ത് നിറഞ്ഞൊഴുകി.
പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പുവരെ പതിനൊന്നാനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവും തുടര്‍ന്ന് ഇരുപത്തിയൊന്നു ആനകളുടെ അകമ്പടിയായതി പാണ്ടിമേളവുമായാണ് തേവര് എഴുന്നള്ളിയത്. പാണ്ടിമേളം അവസാനിച്ചതോടെ ഇടതുഭാഗത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മത്തിരുവടിയും വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുപതിലേറെ ആനകളോടെ അണിനിരന്നു. ഭക്തിയുടെയും ആഘോഷത്തിന്റെയും സംഗമഭൂമിയായ ആറാട്ടുപുഴപാടത്തെ ഈ അപൂര്‍വ്വസുന്ദര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ജനക്കൂട്ടത്തിനൊപ്പം ദേവഗണങ്ങളും ഭൂതഗണങ്ങളും എത്തുമെന്നാണ് വിശ്വാസം. വൈകുണ്ഠത്തില്‍ മഹാവിഷ്ണു ലക്ഷ്മീദേവിയോടുകൂടി വിരാജിക്കുന്നു എന്നാണ് സങ്കല്പം. ദേവി ദേവന്മാരെ ഒരുമിച്ചു പ്രദക്ഷിണം ചെയ്ത് അനുഗ്രഹം നേടുന്നതിനായി ഇന്നലെ വൈകുന്നേരം മുതലെ നിരവധി ഭക്തര്‍ ദേവസംഗമ ഭൂമിയില്‍ എത്തിയിരുന്നു.
മുപ്പത്തിമുക്കോടി ദേവസാന്നിദ്ധ്യം നിറഞ്ഞുനില്ക്കുന്ന ദേവമേളയുടെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം മന്ദാരക്കടവില്‍ ദേവീദേവന്മാര് ആറാട്ട് നടത്തി. ആറാട്ടുപുഴ പൂരദിവസം അര്‍ധരാത്രിമുതല്‍ മന്ദാരക്കടവില്‍ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യം ആറാടിയത്. തുടര്‍ന്ന് മറ്റു ദേവീദേവന്മാരും ആറാടി. ദേവീദേവന്മാര് ആറാട്ട് നടത്തുമ്പോള്‍ കൂടെ ആറാടുന്നത് ജന്മസാഫല്യമാണെന്ന വിശ്വാസത്തില്‍ ഭക്തരും ആറാട്ടില്‍ പങ്കുകൊണ്ടു. പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ ഇറക്കിയെഴുന്നള്ളിപ്പും നടന്നു.
ഗ്രാമത്തിനും ഭക്തജനങ്ങള്‍ക്കും സര്‍വ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കുന്നതിന് ഗ്രാമബലിക്കായി ആറാട്ടുപുഴ ശാസ്താവ് രാത്രി ഒമ്പതിന് യാത്രയാകും.
വില്ലൂന്നി തറ, ജലാശയം, ക്ഷേത്രം, നാല്‍വഴിക്കൂട്ട്, പെരുവഴി ഉത്തമവൃക്ഷം, ഗ്രാമത്തിന്റെ നാലതിരുകള്‍ എന്നിവിടങ്ങളിലൊക്കെ തന്ത്രി ബലിതൂവും. ആറാട്ടുപുഴയില്‍ നിന്നും പുറപ്പെട്ടാല്‍ വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കടയ്കുളങ്ങര, അയിനിക്കാവ്, മുത്തുള്ളിയാല്, ചേര്‍പ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്, പിഷാരിക്കല്‍, തൊട്ടിപ്പാള്‍, മുളങ്ങ് എന്നീ ക്ഷേത്രങ്ങളിലും മറ്റും ബലിതൂവും. പെരുവനത്തിന്റെ നാലതിരുകളും ശാസ്താക്ഷേത്രങ്ങളാണ് അതാത് ദിക്കില്‍ വരുമ്പോള്‍ ആ ക്ഷേത്രങ്ങളെ സങ്കല്‍പ്പിച്ച് ബലിതൂവും.
ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച് ഗ്രാമീണരെ രക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. എഴുന്നള്ളുന്ന വഴികളെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും തോരണങ്ങളും ചാര്‍ത്തി ആറാട്ടുപുഴ ശാസ്താവിനെ ആദരവോടെ ഭക്തര്‍ എതിരേല്ക്കും.
ഗ്രാമബലിക്കു ശേഷം വെളുപ്പിന് ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്താവ് ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കഴിഞ്ഞാല് കൊടിമരം ഇളക്കി മാറ്റും. ഇതോടുകൂടി പൂരത്തിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കും.
ആറാട്ടുപുഴ പൂരത്തിന് ശേഷം തേവര് ക്ഷേത്രത്തില്‍ തിരിച്ചെത്തി. തിരിച്ചെഴുന്നള്ളുന്നതിനിടെ വെണ്ട്രാശ്ശേരിയിലെത്തി ഭക്തജനങ്ങള്‍ക്ക് പാളയില്‍ കഞ്ഞി വിതരണം ചെയ്തു. ക്ഷേത്രത്തില്‍ തിരിച്ചെത്തി ഉഷപൂജകഴിഞ്ഞ് ഊരായ്മക്കാര്‍ കുളിച്ച് വന്നശേഷം മണ്ഡപത്തിലിരുന്ന് ഉത്രംവിളക്ക് വെച്ച് ഭഗവാനെ എഴുന്നള്ളിച്ചു. ബ്രാഹ്മണിപ്പാട്ടിനുശേഷം പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന് സേതുകുളത്തില്‍ ആറാട്ടുകഴിഞ്ഞ് വിളക്കാചാരത്തിനുശേഷം അകത്തേക്ക് എഴുന്നള്ളി. തുടര്‍ന്ന് അത്താഴശീവേലിയും മറ്റു ചടങ്ങുകളും കഴിഞ്ഞതോടെ പൂരചടങ്ങുകള്‍ക്ക് സമാപ്തിയായി.
അടുത്തകൊല്ലത്തെ ആറാട്ടുപുഴ 2017 ഏപ്രില്‍ 8ന് നടക്കുമെന്ന് അറിയിച്ച് ആറാട്ടുപുഴയില്‍ കാണാമെന്ന വ്യവസ്ഥയോടെ തേവര് തൃപ്രയാറിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: