കാസര്‍കോട്: മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപം റോഡപകടങ്ങള്‍ വര്‍ധിക്കുന്നതും ഗതാഗത കുരുക്കും തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ ഇ ദേവദാസന് പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങള്‍ പരിശോധനയ്ക്കായി തിരിഞ്ഞു വരുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ആവശ്യമെങ്കില്‍ പാലത്തിനപ്പുറത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കും.
വാണിജ്യ നികുതി ചെക്ക്പോസ്റ്റ് യാര്‍ഡില്‍ അനാവശ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അരമണിക്കൂറില്‍ കൂടുതല്‍ ഇവിടെ വാഹനങ്ങളെ നിര്‍ത്തരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. സെയില്‍സ്ടാക്സ് ചെക് പോസ്റ്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതിനും കമ്മീഷണര്‍ക്ക് കത്തെഴുതും.
തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപണി നടത്തുന്നതിന് നടപടി സ്വീകരിക്കും. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ 17 ലൈറ്റുകള്‍ കൂടി ഈ മാസം ഈ പ്രദേശത്ത് സ്ഥാപിക്കണം. എക്സൈസ് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത് പാര്‍ക്കിംഗ് യാര്‍ഡിന്റെ ഭാഗത്തേക്ക് മാറ്റും. സംയോജിത ചെക്ക് പോസ്റ്റിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് പാര്‍ക്കിംഗ് വിപുലപ്പെടുത്തുന്നതിന് സെയില്‍സ്ടാക്സ് വകുപ്പ് നടപടി സ്വീകരിക്കും.
റോഡ് സുരക്ഷാഫണ്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന്റെ ഇരുഭാഗങ്ങളിലും വിവിധ ഭാഷകളിലുളള അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും പോലീസ് നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും യോഗത്തില്‍ ജില്ലാപോലീസ് മേധാവി ഡോ. എ.ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: