കോട്ടയം: ഭക്തന്റെയും ഭഗവാന്റെയും മനംനിറഞ്ഞ് തിരുനക്കര പൂരം. അന്തരീക്ഷത്തിലെ ഓരോ ശബ്ദവീജികളും തിരുനക്കരയെ മേളപ്പെരുക്കത്തിന്റെ പൊലിമയിലേക്കാണ് നയിച്ചത്. കുടമാറ്റവും ആല്‍ത്തറമേളവും ഭക്തിയുടെയും ആരവത്തിന്റെയും ഊടും പാവും നെയ്തപ്പോള്‍ ആസ്വാദകര്‍ ആനന്ദ നിര്‍വൃതയിലായി. അനിര്‍വചനീയമായ ആനന്ദലഹരിയിലായി തിരുനക്കര. കൊടുംചൂട് അവഗണിച്ച് പതിനായിരങ്ങളാണ് മണിക്കൂറുകള്‍ക്ക് മുന്‍പ്തന്നെ പൂരപ്പറമ്പില്‍ എത്തിച്ചേര്‍ന്നിരുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന 22 ഗജരാജാക്കന്മാര്‍ കിഴക്കും പടിഞ്ഞാറും ചേരുവാരമായി തിരിഞ്ഞ് അണിനിരന്നതോടെ പൂരത്തിന് തിരിതെളിഞ്ഞു. അരയാലിന്‍ ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 60ഓളം വരുന്ന കലാകാരന്മാര്‍ മേളപ്പെരുക്കത്തിന്റെ ആവേശക്കൊടുങ്കാറ്റുയര്‍ത്തി. മേളം മുറുകിയതോടെ ആസ്വാദകര്‍ ആനന്ദലഹരിയിലായി. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ തൃക്കടവൂര്‍ ശിവരാജുവാണ് തിരുനക്കരയപ്പന്റെ തിടമ്പേറ്റിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങളാണ് പൂരം കാണാന്‍ തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ മധ്യകേരളത്തിന്റെ പൂരപ്പറമ്പായി മാറുകയായിരുന്നു തിരുനക്കര. തദ്ദേശിയര്‍ക്കൊപ്പം വിദേശികളും പൂരാഘോഷങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ പൂരസമാരംഭത്തിന് സാക്ഷ്യം വഹിച്ചു. പൂരപ്പറമ്പില്‍ മട്ടന്നൂര്‍ വിരിയിച്ചത് മേളപ്പെരുക്കത്തിന്റെ മാന്ത്രികതയാണ്. അതോടൊപ്പം നടന്ന കുടമാറ്റം പൂരപ്രേമികളില്‍ ആവേശ തിരയിളക്കി. നിറങ്ങളുടെ ചാഞ്ചാട്ടം ഭക്തിയുടെയും ആരവത്തിന്റെയും ആറാട്ടിനാണ് വഴിയൊരുക്കിയത്.
പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ആനച്ചമയങ്ങളണിഞ്ഞാണ് ഗജരാജക്കന്മാര്‍ തിരുനക്കരയുടെ തിരുമുറ്റത്ത് അണിനിരന്നത്. തിരുനക്കര ശിവന്‍ കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഭഗവാന്റെ തിടമ്പേറ്റി പൂരത്തിന് പകിട്ടേകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ചികിത്സയിലായതിനാല്‍ ശിവന്‍ എത്താതിരുന്നത് ആനപ്രേമികള്‍ക്കിടയില്‍ അല്‍പ്പം നിരാശപടര്‍ത്തി.
രാത്രി 8 മണിയോടെ പൂരത്തിന് സമാപനം കുറിച്ചുകൊണ്ട് വെടിക്കെട്ടും അരങ്ങേറി.
















