തലയോലപ്പറമ്പ്: കൊയ്‌ത്തുകഴിഞ്ഞ പാടശേഖരത്തിലും തരിശു നിലത്തിലും തീപടര്‍ന്നത് കര്‍ഷകരെയും നാട്ടുകാരെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി. ഇന്നലെ ഉച്ചക്ക് 12നാണ് കോരിക്കല്‍ പാടശേഖരത്തിലും തലയോലപ്പറമ്പ് പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ തരിശുനിലത്തിലുമാണ് തീപിടുത്തമുണ്ടായത്. വടയാറിലെ മിക്ക പാടശേഖരങ്ങളിലും ഇപ്പോള്‍ കൊയ്‌ത്തു നടക്കുന്നതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. കോരിക്കല്‍ പാടശേഖരത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊയ്‌ത്തുകഴിഞ്ഞത്.
കൊയ്‌ത്തിനുശേഷം ഉണങ്ങി നില്‍ക്കുന്ന നെല്ലിന്റെ തടഭാഗങ്ങള്‍ക്കാണ് തീപിടിച്ചത്. മൂന്നര ഏക്കറോളം വരുന്ന പാടശേഖരത്തില്‍ മണിക്കൂറുകളോളം തീ ആളിപ്പടര്‍ന്നു. കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിന് ഒടുവിലാണ് തീ അണച്ചത്. 14-ാം വാര്‍ഡിലെ എട്ടടി പാടശേഖരത്തിലുണ്ടായ അഗ്നിബാധ നാട്ടുകാരാണ് കെടുത്തിയത്. കാരണം ഈ ഭാഗത്തേക്ക് ഫയര്‍ ഫോഴ്‌സിന് എത്തുവാന്‍ റോഡ് സൗകര്യമില്ല.
















