പാനൂര്‍: കൂത്തുപറമ്പ് മണ്ഡലത്തില്‍ മുസ്ലീംലീഗ് ഗ്രൂപ്പ്‌പോര്. മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്നും പി.കെ.കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ചു ജയിച്ച വി.ഹാരിസ്, എ.പി.ഇസ്മായില്‍ എന്നിവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് ഒരുവിഭാഗം തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടഞ്ഞു നില്‍ക്കുന്നത്. പ്രശ്‌നപരിഹാരത്തിനു ഇന്നലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താമെന്നു കരുതിയെങ്കിലും ഔദോഗിക വിഭാഗം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാല്ല എന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ അറിയിച്ചതോടെയാണ് കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനിന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ പങ്കെടുക്കാതിരുന്നതോടെ ഇ.ടി.മുഹമ്മദ്ബഷീര്‍ എംപിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്താക്കിയവരുടെ കാര്യത്തില്‍ അനുകൂല നിലപാടെടുക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വിമതവിഭാഗം സമ്മര്‍ദ്ധതന്ത്രവുമായി മുന്നോട്ടു പോകുന്നത്. കടവത്തൂരില്‍ സമാന്തരയോഗവും വിമതവിഭാഗം ചേര്‍ന്നിരുന്നു. മലപ്പുറത്ത് വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ചവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടുണ്ടെന്നും മണ്ഡലം പ്രസിഡണ്ട് പികെ.അബ്ദുളളയുടെ പിടിവാശിയാണ് പ്രശ്‌നപരിഹാരത്തിനു തടസമെന്നാണ് വിമതവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രവര്‍ത്തനം ബഹുദൂരം മുന്നോട്ടുപോയെങ്കിലും മുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലീംലീഗിലെ ആഭ്യന്തരപ്രശ്‌നം സ്ഥാനാര്‍ത്ഥിയായ കെ.പി.മോഹനന് തലവേദന തന്നെയാണ്. വരുംദിവസങ്ങളില്‍ രണ്ടുപേരെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തിലെങ്കില്‍ ശക്തമായ നിലപാട് മാറ്റത്തിനു വിമതപക്ഷം തയ്യാറാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുന്‍ജില്ലാ പ്രസിഡണ്ട് കെ.എം.സൂപ്പിയും മണ്ഡലംകമ്മറ്റിയിലെ ചില നേതാക്കളുടെ പിന്തുണയും വിമതര്‍ക്കുണ്ട്.
















