കോഴിക്കോട്: മോഷണം നടത്തി രണ്ട് മാസമായി മുങ്ങിനടന്ന പ്രതിയെ പോലീസ് പിടികൂടി. ബേപ്പൂര്‍ സ്വദേശി പൂനാര്‍വളപ്പ് ചേറക്കോട്ട് ഹൗസില്‍ ആടി ഷാഹുല്‍ എന്നറിയപ്പെടുന്ന ഷാഹുല്‍ഹമീദ് (25)നെയാണ് കോസ്റ്റല്‍ സിഐ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ ചെമ്മങ്ങാട് എസ്‌ഐ പി.എം. വിമോദും, സിറ്റി ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഷാഹുല്‍ഹമീദിന്റെ കൂട്ടുപ്രതിയായ സാലുവിനെ രണ്ട് മാസം മുമ്പ് പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇതറിഞ്ഞ് മുങ്ങിനടക്കുകയായിരുന്നു ഷാഹുല്‍ഹമീദ്. പോലീസ് പിടികൂടാതിരിക്കാനായി വീട്ടില്‍പോകാതെ ബേപ്പൂര്‍, പുതിയാപ്പ ഭാഗങ്ങളില്‍ ബോട്ടിലും തോണിയിലും മാറിമാറി മീന്‍പിടിക്കാന്‍ പോവുകയായിരുന്നു പതിവ്. അധികസമയവും കടലില്‍ ചെലവഴിക്കുകയാണ് ചെയ്തത്. കോസ്റ്റല്‍ സിഐയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി 8.30ന് എകെജി ഓവര്‍ബ്രിഡ്ജിന് താഴെ വെച്ച് പ്രതി പിടിയിലാവുന്നത്.
ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ റോഡിലെ അല്‍ഫ ഫിഷ് എന്ന ഓഫീസിന്റെ പൂട്ടുപൊളിച്ച് 35,000 രൂപ കവര്‍ന്നത് താനാണെന്ന് ഷാഹുല്‍ഹമീദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ടു പൊളിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര സ്റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും മൊബൈല്‍ ഷോപ്പ് പൊളിച്ചതിനും പ്രതിക്കെതിരെ മുമ്പ് കേസുണ്ട്.
സിറ്റി ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കെ.പി. സൈതലവി, സീനിയര്‍ സിപിഒമാരായ ഒ.മോഹന്‍ദാസ്, ടി.പി. ബിജു, സിപിഒമാരായ കെ.ആര്‍. രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി. ഷജുല്‍, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ അരവിന്ദാക്ഷന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















