അങ്ങാടിപ്പുറം: ചരിത്ര പ്രസിദ്ധമായ അങ്ങാടിപ്പുറം പൂരത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഒരുക്കങ്ങളും മന്ദഗതയില്‍. പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതക്കും കൃത്യവിലോപത്തിനുമെതിരെ സകല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. പഞ്ചായത്ത് ഭരണം കൈയാളുന്ന സിപിഎമ്മിന് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. അനാസ്ഥയുടെ മറുവാക്കായി പഞ്ചായത്ത് ഭരണസമിതി അധപതിക്കുമ്പോള്‍ ആശങ്കയിലാകുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡുകളില്‍ ആവശ്യത്തിന് തെരുവ് വിളക്കുകളില്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഒഴിഞ്ഞ മദ്യ കുപ്പികള്‍ റോഡരികില്‍ കുന്നുകൂടി കിടക്കുകയാണ്. നേരം ഇരുട്ടിയാല്‍ കാല്‍നട യാത്രികര്‍ക്ക് ഇതുവഴി പോകാന്‍ തന്നെ ഭയമാണ്. പോലീസ് രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കൂടാതെ, കള്ളന്മാരുടെ ശല്യവും ഈ ഭാഗത്ത് കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
അങ്ങാടിപ്പുറത്ത് ഇന്നലെ അനുഭവപ്പെട്ട ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് ആണ്. താപനില ഇനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വെയിലേക്കാതെ വിശ്രമിക്കാനുള്ള താല്‍ക്കാലിക ഷെഡ് എങ്കിലും ഉയരേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഇത്തരമൊരു സൗകര്യം ഇവിടെ ലഭ്യമല്ല. ബസ് കാത്ത് യാത്രക്കാര്‍ നില്‍ക്കുന്നത് പോലും പെരുവഴിയിലാണ്. കൂടാതെ, സൗജന്യമായി കുടിവെള്ളം നല്‍കാനും പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: