രാമനാട്ടുകര: കേരള ചരിത്രം കൂടുതല്‍ വിമര്‍ശനാത്മകമായി പുനര്‍ വായിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഡോ. എം.ജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു.
കേരള ചരിത്രത്തില്‍ നിലവില്‍ അംഗീകരിക്കപ്പെട്ട പല കണ്ടെത്തലുകളും പൂര്‍ണമായോ ഭാഗികമായോ അബദ്ധങ്ങള്‍ പിണഞ്ഞതാണ്. അവ തിരുത്തുവാന്‍ പുതിയ പഠനങ്ങള്‍ക്ക് സാധ്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക പൂര്‍വ കേരള ചരിത്ര വിജ്ഞാനീയത്തിലെ പ്രകടപ്രവണതകള്‍ എന്ന വിഷയത്തില്‍ ഫാറൂഖ് കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജര്‍മനിയിലെ ടുബിന്‍ജന്‍ സര്‍വകലാശാലയിലെ പ്രൊഫ. സ്‌കറിയ സക്കറിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ വൈജ്ഞാനിക സമീപനത്തിലൂടെ ചരിത്ര രചനാ ശാസ്ത്രം ശക്തപ്പെടുത്തണമെന്നും അതു വഴി അറിവിനെ കൂടൂതല്‍ ജനാധിപത്യ വത്കരിക്കാന്‍ സാധിക്കുമെന്നും പ്രൊഫ. സ്‌കറിയ സക്കറിയ അഭിപ്രായപ്പെട്ടു.
ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ പി. എന്‍. ഷമീര്‍ മെമ്മോറിയല്‍ പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. പ്രൊഫ. പി. വേണു, പ്രൊഫ. ഇ.കെ. ഫസലുറഹ്മാന്‍, ഡോ. ടി. മുഹമ്മദലി, ഡോ. സുമതി ഹരിദാസ്, പ്രൊഫ. അമ്മൂക്കുട്ടി എന്നിവര്‍ സംസാരിച്ചു.
ഡോ. വി. ശെല്‍വകുമാര്‍, ഡോ. ജെനിപീറ്റര്‍, ഡോ. എം. ആര്‍ മന്മഥന്‍, ശ്രീലത ദാമോദരന്‍, കെ. ജസിം, ഡോ. എം. വിജയലക്ഷ്മി എന്നിവര്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചു.
ഡോ. കേശവന്‍ വെളുത്താട്ട്, ഡോ. കെ.പി. രാജേഷ്, ഡോ. കെ. എസ്. മാധവന്‍, രാജേന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐസിഎച്ച് ആറിന്റെ സഹായത്തോടുകൂടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ ഇന്ന് സമാപിക്കും.
















