പ്രതിസന്ധിയില്‍ തളരാതെ ജീവിതത്തില്‍ മുന്നേറുന്ന നിരവധിപേരെ നേരിട്ടും അല്ലാതെയും നമുക്കൊക്കെ അറിയാം. ദാരിദ്ര്യത്തോടും രോഗങ്ങളോടും പൊരുതി ജീവിത വിജയം കൈവരിച്ചവര്‍. പലരും പ്രചോദനം തരുന്നവര്‍. അവരുടെ വ്യക്തിജീവിതത്തേക്കാളുപരി കര്മമേഖലയോടു പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവത്തിനായിരിക്കും നാം മാര്‍ക്കിടുന്നതും. അങ്ങനെ മാര്‍ക്കിട്ടാല്‍ ഫുള്‍ മാര്‍ക്കും കൊടുക്കണം ഒഡീസി നര്‍ത്തകിയായ ശുഭദ വരദ്കറിന്.
ഭാരതത്തിലെ പ്രശസ്ത ഒഡീസി നര്‍ത്തകരില്‍ ഒരാളാണ് ശുഭദ. നൃത്തത്തോടായിരുന്നു അഭിനിവേശം കൂടുതല്‍. 40-ാം വയസ്സില്‍ ആ ഇഷ്ടത്തിന് കടിഞ്ഞാണിടാന്‍ നിനച്ചിരിക്കാതെ കാന്‍സറിന്റെ രൂപത്തില്‍ വിധിയെത്തി. എന്നാല്‍ ശുഭദയുടെ മനക്കരുത്തിനും നൃത്തത്തിന്റെ വശ്യതയ്ക്കും മുന്നില്‍ കാന്‍സര്‍ തോറ്റുമടങ്ങി.
കുട്ടിയായിരുന്നപ്പോഴേ ഓരോ ചുവടും ശുഭദയ്ക്ക് നൃത്തസമാനമായിരുന്നു. സ്വയം ആസ്വദിക്കുക എന്നതിനപ്പുറം മറ്റുള്ളവരെ സന്തോഷിപ്പിക്കുകയെന്നതായിരുന്നു ഏറെ ഇഷ്ടം. തൊട്ടടുത്ത വീട്ടുകാര്‍ ഭരതനാട്യം അഭ്യസിക്കുന്നതുകണ്ടാണ് നൃത്തത്തില്‍ ആകൃഷ്ടയായതും. നൃത്തത്തിന്റെ വേദിയില്‍ മന്ദചലനങ്ങള്ക്കൊണ്ട് ആസ്വാദകരെ ആനന്ദിപ്പിക്കുന്നതിനിടയില്, നാല്‍പ്പതാം വയസ്സില്‍ ക്യാന്‍സര്‍ ശുഭദയെ കീഴടക്കുകയായിരുന്നു. ലണ്ടണിലെ ഒരു വേദിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് തന്റെ ശാരീരകസ്ഥിതി മോശമാകുന്നത് അവര്‍ തിരിച്ചറിഞ്ഞത്.
നൃത്തം സുഗമമാകുന്നില്ലെന്ന ആ തിരിച്ചറിവാണ് അവരെ വിശദപരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. മുമ്പും ചില സൂചനകള്‍ ശരീരം നല്‍കിയെങ്കിലും അതിനെയെല്ലാം അവഗണിക്കുകയായിരുന്നു.
മുംബൈയില്‍ എത്തി സോണോഗ്രഫി പരിശോധനയ്ക്ക് വിധേയയായി. ഉദരത്തില്‍ പത്ത് ഇഞ്ച് നീളമുള്ള ട്യൂമര്‍ കണ്ടെത്തി. സര്ജറിയല്ലാത്തെ മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥ. ആ സാഹചര്യത്തിലും നൃത്തമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ശുഭദ ചിന്തിച്ചിരുന്നില്ല. ട്യൂമര്‍ സര്‍ജറി ചെയ്തുനീക്കി. അത് ബയോപ്സിക്കായി അയച്ചു. സര്‍ജറി കഴിഞ്ഞ് 15 ദിവസത്തിനുശഷം വീണ്ടും അരങ്ങിലെത്തി. അത് അത്ര എളുപ്പമായിരുന്നില്ലെന്ന് ശുഭദ.
നേരത്തെ തന്നെ ബുക്ക് ചെയ്ത പരിപാടിയായിരുന്നതുകൊണ്ടുതന്നെ കാന്‍സല്‍ ചെയ്യാനും പറ്റില്ല. പരിശീലനം നടത്താതെ ചെയ്യേണ്ടതെന്തെന്ന് മനസ്സില്‍ കണ്ടു. ആ പരിപാടി ശുഭപര്യവസാനിച്ചു. അന്തിമ റിപ്പോര്‍ട്ടുവന്നപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭമായിരുന്നില്ല. ഗര്‍ഭപാത്രത്തിലും അണ്ഡാശയത്തിലും ട്യൂമര്‍ കണ്ടെത്തി. ഉടന്‍ കീമോ തെറാപ്പി തുടങ്ങി. കീമോയും റേഡിയേഷനുമായി എട്ട് മാസം. ആ വേദനകള്‍ക്കിടയിലും നൃത്തം ഉപേക്ഷിച്ചില്ല.
നൃത്തം പഠിക്കണമെന്ന ആഗ്രഹം നന്നേ ചെറുപ്പത്തില്‍ തന്നെ ശുഭദയുടെ മനസ്സില്‍ കുടിയേറിയതാണ്. എന്നാല്‍ പഠനത്തില്‍ ഉഴപ്പിയാല്‍ നൃത്തപഠനം സാധ്യമല്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ കര്‍ക്കശക്കാരായി.
പത്താം ക്ലാസ് നല്ല മാര്‍ക്കുവാങ്ങി പാസായതോടെ നൃത്തപഠനത്തിനുള്ള വഴി തുറന്നു. ആദ്യം പഠിച്ചത് ഭരതനാട്യമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പ്രശസ്ത ഒഡീസി നര്‍ത്തകനായിരുന്ന ഗുരു കേളുചരണ്‍ മഹോപാത്രയുടെ ശിക്ഷ്യയായി ഒഡീസി പഠനം ആരംഭിച്ചു. പിന്നെ ഒഡീസിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. നൃത്തത്തിനൊപ്പംതന്നെ സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി.
മുംബൈയിലെ ആര്‍ആര്‍ റൂയ കോളേജില്‍ ലക്ചററായും ജോലി നോക്കി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പലതും ചെയ്തെങ്കിലും നൃത്തം മാത്രമായിരുന്നു എല്ലായ്പ്പോഴും കൂടെയുണ്ടായിരുന്നതെന്ന് ശുഭദ പറയുന്നു.
താനൊരു കാന്‍സര്‍ രോഗിയാണെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ ശുഭദ ശ്രദ്ധിച്ചു. കാരണം നൃത്തം ഉപേക്ഷിക്കേണ്ടിവരുമോയെന്ന ഭയം തന്നെ. കീമോതെറാപ്പിയും റേഡിയേഷനും കാരണം മുടിയെല്ലാം കൊഴിഞ്ഞിരുന്നു.
എന്നാല്‍ നൃത്തവേദിയില്‍ വിഗ് ഉപയോഗിച്ചും ചമയംകൊണ്ടും ആഭരണങ്ങള്‍ക്കൊണ്ടും അവര്‍ രോഗാവസ്ഥയെ മറച്ചുവച്ചു. ഒഡീസിയെ കൂടുതല്‍ മികവുറ്റതാക്കിക്കൊണ്ട് ശുഭദ കാന്‍സറിനെ നേരിട്ടു. നൃത്തവേദികളായിരുന്നു അവരുടെ മനസ്സിന് ധൈര്യം പകര്‍ന്നത്. നൃത്തം ചെയ്യുകയെന്നതാണ് തന്റെ കര്‍മമെന്നാണ് ശുഭദയുടെ ചിന്ത. ഇപ്പോള്‍ ശുഭദയുടെ ചികിത്സ പൂര്‍ണമായി. കാന്‍സറില്‍ നിന്നും മോചിതയായി. ആരോഗ്യമുള്ള മനസും ശരീരവും പ്രസാദാത്മകഭാവവുമാണ് നര്‍ത്തകിയ്ക്ക് ആവശ്യമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ കാന്‍സറിന്റെ ചികിത്സാവേളയില്‍ ഇതൊന്നും കൂടെയുണ്ടായിരുന്നില്ല. പക്ഷേ ഏതോ ഒരു ഊര്‍ജ്ജം തന്നെ മുന്നോട്ട് നയിച്ചതായി ശുഭദ പറയുന്നു. ചില ധാരണകളെല്ലാം തെറ്റാണെന്നും അവര്‍ തെളിയിച്ചു.
ഇപ്പോള്‍ ശുഭദയുടെ പ്രായം 53. ഭാരതത്തിന് അകത്തും പുറത്തുമായി ഒട്ടനേകം നൃത്തവേദികളില്‍ ചുവടുവച്ചു. നിരവധി കുട്ടികള്‍ക്ക് നൃത്തപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നു. ദ ഗ്ലിമ്പ്സ് ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, കാന്‍സറിനെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ചുള്ള മയൂര്പഖ് എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ശുഭദ. കൂടാതെ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ധനസമാഹരണവും നടത്തുന്നു. കാന്‍സറിനോടുള്ള മനോഭാവത്തിലാണ് മാറ്റം വേണ്ടതെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ ശുഭദ പറയുന്നു. ജീവിതത്തില്‍ എന്തിനോടെങ്കിലും അടങ്ങാത്ത സ്നേഹവും അഭിനിവേശവും ഉണ്ടെങ്കില്‍ ജീവിക്കാനുള്ള പ്രതീക്ഷ കൈവരുമെന്നതിന് ശുഭദയുടെ ജീവിതം തന്നെ ഉദാഹരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: